കാഞ്ഞങ്ങാട് സ്വദേശി ജസ്റ്റിന്‍റെ കല്യാണം ചരിത്രമാകും
text_fieldsകാസർകോട്: രക്തശുദ്ധിവാദത്തിന് വിടനൽകി ക്നാനായ സഭക്കാർക്ക് മറ്റു ക്രിസ്തീയ സഭകളിൽനിന്ന് വിവാഹം കഴിക്കാമെന്ന് ക്നാനായ കോട്ടയം രൂപത. കാഞ്ഞങ്ങാട് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്തിന്റെ ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍നിന്ന് വിവാഹം കഴിക്കാന്‍ സഭ അനുമതി നൽകുകയായിരുന്നു.
ക്നാനായ സമൂഹത്തിൽപെട്ടവർ മറ്റു ക്രിസ്തീയ സഭകളിൽനിന്ന് വിവാഹ ബന്ധമുണ്ടാക്കിയാൽ രക്ത വിശുദ്ധി നഷ്ടപ്പെടുമെന്ന വിശ്വാസം നിലവിലുണ്ടായിരുന്നു. ഇതിനതിരെ മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീംകോടതിവരെ വിധിയുണ്ടായിരുന്നിട്ടും സഭ നേതൃത്വം വിവാഹത്തിനു സമ്മതം നൽകിയിരുന്നില്ല. കോടതിയലക്ഷ്യം ഭയന്നാണ് ഈ തീരുമാനം.
സിറോ മലബാര്‍ സഭയിലെ രൂപതയില്‍നിന്നുള്ള വിജിമോളുമായാണ് ജസ്റ്റിന്റെ വിവാഹം നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഭയിലെ നവീകരണ പ്രസ്ഥാനമായ കെ.സി.എന്‍.സി നടത്തിയ നിയമപോരാട്ടം മാറ്റത്തിനൊപ്പം നിൽക്കാൻ ക്നാനായ സഭ നേതൃത്വത്തെ പ്രേരിപ്പിച്ചു. തലശ്ശേരി അതിരൂപതയിലെ പള്ളിയിൽ ഇന്നലെ ജസ്റ്റിന്റെയും വിജിമോളുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
ജസ്റ്റിന്റെ ഇടവകയായ കൊട്ടോടി സെന്റ് ആന്‍സ് പള്ളിയാണ് വിവാഹത്തിന് സമ്മതം നല്‍കിയത്. മറ്റ് സഭയിൽനിന്ന് വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭക്ക് പുറത്തുപോകണമെന്നായിരുന്നു സഭ വ്യവസ്ഥ. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് ആദ്യമായി നിയമപോരാട്ടത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.