വരാനിരിക്കുന്നത് കോടതി വ്യവഹാരങ്ങളുടെയും ചോദ്യം ചെയ്യലുകളുടെയും കാലം
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വരാനിരിക്കുന്നത് കോടതി വ്യവഹാരങ്ങളുടെയും ചോദ്യം ചെയ്യലുകളുടെയും കാലം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങളുന്നയിച്ച പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലോടെ പഴയ കേസുകളെല്ലാം പൊടിതട്ടിയെടുക്കുന്ന തിരക്കിലാവും കേന്ദ്ര -സംസ്ഥാന അന്വേഷണ ഏജൻസികൾ.
പി.എസ്. സരിതിനെ ഒന്നാം പ്രതിയും സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയും സന്ദീപിനെ മൂന്നാം പ്രതിയും മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെ അവസാന പ്രതിയുമാക്കി സ്വർണക്കടത്ത് കേസിൽ 2021 ഒക്ടോബറിൽ കുറ്റപത്രം സമർപ്പിച്ചതാണ്. മന്ത്രിമാര്‍ക്കോ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കോ സ്വർണക്കടത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഇതിലൂടെ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും തുടരന്വേഷണം നടത്താൻ സാധ്യതയുണ്ട്. വിദേശത്തേക്കും തിരിച്ചും നടത്തുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) അടക്കമുള്ള നടപടികളുമുണ്ടായേക്കും. അഴിമതിപ്പണമാണ് ഇടപാടുകളിൽ ബന്ധപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണത്തിന്‍റെ സാധ്യതയും തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിതന്നെ ആരോപണവിധേയനായ സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള സമ്മർദം ശക്തമായിരിക്കും. നയതന്ത്ര സ്വർണക്കടത്ത് കേസുണ്ടായപ്പോൾ സി.ബി.ഐക്ക് അന്വേഷണം വിട്ട മാതൃക തനിക്ക് നേരെ ആരോപണമുണ്ടായ സാഹചര്യത്തിലും നടപ്പാക്കുകയെന്നത് മുഖ്യമന്ത്രിയുടെ ബാധ്യതയായി മാറും. സംസ്ഥാന അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന് സർക്കാർ കൂടുതൽ താൽപര്യം കാട്ടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇതിലൂടെ കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾ തടസ്സപ്പെടുത്താനോ വൈകിപ്പിക്കാനോ കഴിയും. 164 പ്രകാരമുള്ള മൊഴി നൽകാനുള്ള പ്രത്യേക അനുമതി നേടിയാണ് രണ്ടു ദിവസം സ്വപ്ന എറണാകുളം ജില്ല കോടതിയിൽ മൊഴി നൽകിയത്. ഇതോടൊപ്പം സംരക്ഷണം തേടിയുള്ള ഹരജിയും സമർപ്പിച്ചിരുന്നു. ഇതിനിടെ ബുധനാഴ്ച നാടകീയമായി സരിതിനെ വിജിലൻസ് കസ്റ്റഡിയിലെടുത്ത സംഭവമുണ്ടായി. ഫോൺ കസ്റ്റഡിയിലെടുത്തശേഷം വിട്ടയക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഹേബിയസ് കോർപസ് ഹരജിക്ക് നീക്കം നടന്നു.
ഇനിയും സംസ്ഥാന അന്വേഷണ ഏജൻസികളെ വിനിയോഗിച്ച് സ്വപ്നക്കും സരിതിനുമെതിരായ നീക്കങ്ങൾക്ക് സാധ്യതയുണ്ട്. വിജിലൻസിന്‍റെയും സംസ്ഥാന അന്വേഷണ ഏജൻസികളുടെയും അനാവശ്യ ഇടപെടലിനെതിരെയും ഫോൺ പിടിച്ചുവെച്ചതിനെതിരെയും കോടതിയെ സമീപിച്ചുള്ള നിയമനടപടിക്കും സാധ്യത നിലനിൽക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഓരോ ഏജൻസിയും കോടതിയെ സമീപിച്ച് തുടരന്വേഷണത്തിനും തെളിവെടുപ്പിനും മറ്റും അനുമതി തേടേണ്ടതുണ്ട്. കേന്ദ്ര ഏജൻസികളുടെ നീക്കത്തെ എതിർത്ത് സർക്കാറും കോടതിയെ സമീപിക്കും. വ്യക്തികളെ ചോദ്യം ചെയ്യാനുള്ള പ്രത്യേകാനുമതി ഹരജികളും കോടതികളിലേക്ക് പ്രവഹിക്കാനിടയുണ്ട്.
അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യുന്ന കീഴ്കോടതി ഉത്തരവുകൾ ചോദ്യം ചെയ്ത് ഉന്നത കോടതികളിലേക്കും ഹരജികൾ എത്തും. അന്വേഷണത്തിന്‍റെ അധികാര പരിധി ചോദ്യം ചെയ്തും നടപടിക്രമങ്ങൾക്ക് അനുമതി തേടിയുമുള്ള ഹരജികൾക്കും സാധ്യതയുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ജുഡീഷ്യൽ കമീഷന്‍റെ കാലാവധി ആറ് മാസം നീട്ടാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഇതും ഹൈകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കും. നിലവിൽ അന്വേഷണം ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനെതിരായ സർക്കാറിന്‍റെ അപ്പീൽ ഹൈകോടതിയുടെ പരിഗണനയിലുമാണ്. പൊലീസിൽ നൽകുന്ന പരാതികളുടെ പേരിലുള്ള അന്വേഷണവും തെളിവെടുപ്പും കോടതി നടപടികളും ഇതിന് പുറമെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.