പട്ടികജാതി വികസന ഓഫിസർ തസ്തികയിലേക്ക് നേരിട്ട് നിയമനം; ഗ്രേഡ്-2 ഓഫിസർമാർ ആശങ്കയിൽ
text_fieldsകൊച്ചി: പട്ടികജാതി വികസന ഓഫിസർ തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചതോടെ പട്ടികജാതി വികസന ഓഫിസർ ഗ്രേഡ്-2 തസ്തികയിലെ ഉദ്യോഗസ്ഥർ ആശങ്കയിൽ. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ സ്ഥാനക്കയറ്റം ലഭിച്ച് ഗ്രേഡ്-2 ഓഫിസർമാരായ 35 പേരാണ് പുതിയ നിയമനം നടന്നതോടെ തരംതാഴ്ത്തൽ ഭീഷണി നേരിടുന്നത്. 15,000ൽ താഴെ പട്ടികജാതി ജനസംഖ്യയുള്ള ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഗ്രേഡ്-2 ഓഫിസർമാരെ നിയമിക്കുന്നത്.
പട്ടികജാതി വികസന ഓഫിസർ തസ്തികയിൽ പി.എസ്.സി വഴി നേരിട്ടുള്ള നിയമനത്തിന് 35 പേർക്ക് ശിപാർശ നൽകി ഇവർക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഈ തസ്തികയിൽ നിലവിൽ ഒഴിവുകൾ ഇല്ലാതെ വന്നതോടെയാണ് ഉദ്യോഗക്കയറ്റത്തിലൂടെ സമാന തസ്തികയിൽ എത്തിയ 35 പേരെ തരംതാഴ്ത്തി പുതിയ നിയമനം നടത്താൻ നീക്കം ആരംഭിച്ചത്. നീക്കം യാഥാർഥ്യമായാൽ നിലവിൽ പട്ടികജാതി വികസന ഓഫിസർ ഗ്രേഡ്-2 തസ്തികയിൽ ജോലി ചെയ്യുന്നവരെ തരംതാഴ്ത്തേണ്ടി വരും.
ഇതനുസരിച്ച് നിലവിൽ ഹെഡ് ക്ലർക്ക് തസ്തികയിലുള്ളവർ സീനിയർ ക്ലർക്ക് തസ്തികയിലേക്കും സീനിയർ ക്ലർക്കുമാർ ക്ലർക്ക് തസ്തികകളിലേക്കും പിന്തള്ളപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. പട്ടികജാതി വികസന വകുപ്പിന്റെ സ്പെഷൽ റൂൾസ് പ്രകാരം ഈ തസ്തികയിലേക്ക് 50 ശതമാനം നിയമനം ഹെഡ് ക്ലർക്ക്, സീനിയർ ക്ലർക്ക് എന്നിവരിൽനിന്നുള്ള ഉദ്യോഗക്കയറ്റം മുഖേനയും 50 ശതമാനം പി.എസ്.സി വഴി നേരിട്ടുമാണ് നടത്തേണ്ടത്. ഇത് ഭേദഗതി ചെയ്ത് നേരിട്ടുള്ള നിയമനം 29 ശതമാനമാക്കി കുറക്കുന്ന വിഷയം സർക്കാറിന്റെ സജീവ പരിഗണനയിലാണ്. അതേസമയം, നേരിട്ടുള്ള നിയമനം കഴിഞ്ഞതിനു ശേഷമാണ് അഡ്വൈസ് മെമ്മോ അയച്ചതെന്നു ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടും 2022 വരെ തുടർനടപടികൾ നടക്കാതിരുന്നതിനാലാണ് 2022 ഫെബ്രുവരിയിൽ വകുപ്പിൽ സ്ഥാനക്കയറ്റം വഴിയുള്ള നിയമന നടപടികൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.