ഫയല്‍ പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരെ നടപടിക്ക് നിർദേശം
text_fieldsതിരുവനന്തപുരം: സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവെക്കുന്നവർക്കെതിരെ നടപടിക്ക് മന്ത്രിയുടെ നിർദേശം. ഇത്തരക്കാർക്കെതിരെ ജില്ലതല ഓഫിസുകളിൽതന്നെ നടപടി സ്വീകരിക്കണം. ഫയലുകള്‍ പെട്ടെന്നു തീര്‍പ്പാക്കി പ്രശ്നങ്ങള്‍ പരിഹരിക്കുക എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രി വ്യക്തമാക്കി.
വനിത ശിശുവികസന ഡയറക്ടറുമായും സെക്രട്ടേറിയറ്റുമായും ബന്ധപ്പെട്ട് ഫയൽ കൈകാര്യം ചെയ്യുന്നതിന് ലെയ്സണ്‍ ഓഫിസറുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയൽ തീര്‍പ്പാക്കുന്നതിന് സെക്രട്ടേറിയറ്റില്‍ സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വനിത ശിശുവികസന വകുപ്പിന് കീഴില്‍ വനിത കമീഷന്, ബാലാവകാശ കമീഷന്, വനിത വികസന കോര്പറേഷന്, ജെന്‍ഡര്‍ പാര്‍ക്ക്, ശിശുക്ഷേമ സമിതി, വിവിധ ഹോമുകള്‍, നിര്‍ഭയ സെല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണുള്ളത്. ഇവിടെയെല്ലാം തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കുകയാണ് ലക്ഷ്യം.
ജനുവരി മുതലാണ് മാര്‍ച്ച് എട്ട് ലക്ഷ്യം വെച്ച് ഫയല്‍ തീര്‍പ്പാക്കാൻ ശ്രമം തുടങ്ങിയത്. വനിത ശിശുവികസന വകുപ്പില്‍ 2,000ത്തോളം ഫയലുകളും 200 ഓളം റിപ്പോര്‍ട്ടുകളുമാണ് ഇനി തീര്‍പ്പാക്കാനുള്ളത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സ്ഥാപനമേധാവികള്‍ തുടങ്ങിയവര്‍ യജ്ഞത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.