സംഘടിതകുറ്റകൃത്യങ്ങളിൽ കർശന നടപടിക്ക് നിർദേശം
text_fieldsതിരുവനന്തപുരം: സംഘടിതകുറ്റകൃത്യങ്ങൾ തടയുന്നതിന് കൂടുതൽ ഫലപ്രദമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. മയക്കുമരുന്ന്, സ്വർണം, അനധികൃത മദ്യം, മണ്ണ് എന്നിവയുടെ കടത്ത് തടയുന്നതിന് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകണം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇവരുടെ പ്രവർത്തനം നേരിട്ട് നിരീക്ഷിക്കണമെന്നും ജില്ല പൊലീസ് മേധാവികളുടെ ഓൺലൈൻ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഗുണ്ടകൾക്കെതിരെയുള്ള നടപടി കർശനമായി തുടരണം. ഗുണ്ടാനിയമപ്രകാരവും ക്രിമിനൽ നടപടി ചട്ടപ്രകാരവും നടപടി സ്വീകരിക്കണം. വാറന്റ് നടപ്പാക്കാൻ മുൻഗണന നൽകണം. എല്ലാ ജില്ലയിലും രാത്രി പേട്രാളിങ് ശക്തിപ്പെടുത്തണം. അതിരാവിലെ ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും പേട്രാളിങ് സംഘം പരിശോധന നടത്തണം. പൊതുസ്ഥലങ്ങളിൽ വൈകുന്നേര പേട്രാളിങ് ശക്തമാക്കണം. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഉറപ്പാക്കണം.
മയക്കുമരുന്ന് മാഫിയക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിക്കണം. ജനമൈത്രി ബീറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം. വാഹനാപകടങ്ങൾ കുറക്കുന്നതിന് അടിയന്തരനടപടി വേണം. മദ്യപിച്ചുള്ള ഡ്രൈവിങ് കണ്ടെത്തുന്നതിന് പരിശോധന പുനരാരംഭിക്കണം. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ് മുതലയാവ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കണം.
ഹൈവേ പൊലീസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണം. പോക്സോ കേസ് അന്വേഷണത്തിൽ അമാന്തം പാടില്ലെന്നും ഡി.ജി.പി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.