യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിൽ സംവിധായകൻ ബേസിൽ ജോസഫ്, ആശംസയുമായി കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പാലക്കാട് സംഘടിപ്പിച്ച യുവ ചിന്തൻ ശിബിരിൽ പങ്കെടുത്ത യുവ സംവിധായകൻ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസിന്‍റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. മേശപ്പുറത്ത് അവാർഡ് വെച്ചിട്ട്, എടുത്തോ എന്നു പറഞ്ഞ് മാറി നിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്‍റെ ശൈലിയല്ല കോൺഗ്രസിനുള്ളതെന്നും സുധാകരൻ വ്യക്തമാക്കി.
കെ. സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസിന്‍റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സി.പി.എം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്‍റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.
മേശപ്പുറത്ത് അവാർഡ് വെച്ചിട്ട്, എടുത്തോ എന്നു പറഞ്ഞ് മാറി നിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്‍റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.
ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്‍റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.