സെലിബ്രിറ്റികളല്ല, ജനകീയർ ജയിക്കട്ടെ - ഭദ്രൻ (സംവിധായകൻ)
text_fieldsഎനിക്ക് രാഷ്ട്രീയമില്ല. അങ്ങനെ പറയുന്നത് തെറ്റാണെന്നറിയാം. രാഷ്ട്രീയത്തിലെ അപചയങ്ങളും മൂല്യച്യുതിയും കാണുേമ്പാഴാണ് രാഷ്ട്രീയം ഇല്ലെന്ന് പറയാൻ തോന്നുന്നത്. അർഹതയുള്ള, ജനകീയനായ ആൾ ജയിക്കുന്നതാണ് സന്തോഷം. കഴിവുള്ള ആളായിരിക്കണം സ്ഥാനാർഥിയാവേണ്ടത്. ജനങ്ങൾക്ക് എപ്പോഴും സമീപിക്കാവുന്നവനും ആവണം. ഇന്നത്തെ കാലഘട്ടത്തെ 'സെലിബ്രിറ്റിസം' ബാധിച്ചിരിക്കുകയാണ്. താൻ വലിയ സംഭവമാണെന്നാണ് ജയിക്കുന്നതോടെ പലരും വിചാരിച്ചുവെക്കുന്നത്. 10 പേർ കൂടുന്നിടത്തോ കല്യാണത്തിനോ പെരുന്നാളിനോ മാത്രമേ പിന്നീട് അവരെ കാണാൻ കിട്ടൂ. ജനങ്ങളുടെ പക്ഷം ആവുക എന്നത് വലിയ കാര്യമാണ്.
വ്യക്തിപ്രഭാവവും ആദർശവും ഉള്ള നേതാക്കൾ പണ്ടുണ്ടായിരുന്നു. കെ.എം. മാണി ജനകീയനാണ്. കാണാൻ വരുന്നവരെ പേരുപറഞ്ഞ് സംേബാധന ചെയ്യാനും കാര്യങ്ങൾ ചെയ്തു കൊടുക്കാനും അദ്ദേഹം ശ്രമിക്കുമായിരുന്നു. പാലാക്കാർ അദ്ദേഹത്തെ സ്നേഹിക്കുന്നത് അതുകൊണ്ടാണ്. കെ.എം. മാണി ആരോടും ദേഷ്യപ്പെടുന്നത് ഇതുവരെ കണ്ടിട്ടില്ല. നമ്മൾ ദേഷ്യപ്പെട്ടാലും ചിരിച്ചുകൊണ്ട് സംസാരിക്കും. ഈ കാലഘട്ടത്തിൽ അത്തരം നന്മകൾ കുറവാണ്. 'സ്ഫടികം' സിനിമയുടെ പേര് മാറ്റണമെന്ന അഭിപ്രായം വന്നപ്പോൾ പൂജക്കെത്തിയ കെ.എം. മാണിയാണ് പറഞ്ഞത്. ആ പേരുതന്നെ വേണം സിനിമക്കെന്ന്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമുന്നിലും ജനങ്ങൾക്ക് എപ്പോഴും കയറിച്ചെല്ലാം. എന്നാൽ, അദ്ദേഹത്തെ കൂെടയുള്ളവർതന്നെ ചവിട്ടിത്തേക്കുന്നു.
ഇടതുപാർട്ടികൾക്ക് കാഡർ സ്വഭാവത്തിെൻറ ഗുണമുണ്ട്. മനസ്സുകൊണ്ട്, എടുത്തുപറയട്ടെ, മനസ്സുകൊണ്ടുമാത്രം ഇടത് ആദർശങ്ങളോടാണ് ഇഷ്ടം. ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് തോപ്പിൽ ഭാസിയുടെ അശ്വമേധം, തുലാഭാരം പോലുള്ള നാടകങ്ങൾ കാണുന്നത്. അന്നാണ് കമ്യൂണിസം എന്ന ആശയം ഉണ്ടെന്നറിയുന്നതും മനസ്സിലാക്കുന്നതും.
എന്തെല്ലാം തോന്നിയവാസങ്ങളാണ് നടക്കുന്നത്. അതിനെല്ലാം പിന്തുണക്കാൻ രാഷ്ട്രീയക്കാരും. ഒരുകാലത്ത് പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. ഇന്ന് അവരാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. രാഷ്ട്രീയത്തിൽ ഭരണത്തിെൻറയും മന്ത്രിമാരുടെയും ദല്ലാളുകളായി മാറുകയാണ് ജനപ്രതിനിധികൾ. രാഷ്ട്രീയമില്ലെന്നുകരുതി വോട്ടുചെയ്യാതിരിക്കാറില്ല. മുടങ്ങാതെ വോട്ടുചെയ്യുന്നുണ്ട്. ഏതുപാർട്ടി ആയാലും ജനങ്ങൾക്കൊപ്പം നിൽക്കുന്നവനാകണം ജനപ്രതിനിധി.
തയാറാക്കിയത്: ഷീബ ഷൺമുഖൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.