ചലച്ചിത്ര അക്കാദമിയുടെ ചരിത്രത്തിലെ ഏറ്റവും പിന്തിരിപ്പൻ വർഷങ്ങളാണ് കടന്നു പോയതെന്ന് സംവിധായകൻ ഡോ.ബിജു
text_fieldsകഴിഞ്ഞ അഞ്ചു വർഷം ചലച്ചിത്ര അക്കാദമിയുടെ ചരിത്രത്തിലെ ഏറ്റവും പിന്തിരിപ്പൻ വർഷങ്ങൾ ആയിരുന്നു എന്നത് സ്വയം വിമർശനാത്മകമായി നമ്മൾ ഉൾക്കൊണ്ട മതിയാകുവെന്ന് സംവിധായകൻ ഡോ.ബിജു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ രൂക്ഷമായ വിർമശനമാണ് ചലച്ചിത്ര അക്കാമദി ചെയർമാനായ സംവിധായകൻ കമലിനെതിരെ പേര് പറയാതെ രൂക്ഷമായ വിർശനമാണുന്നയിച്ചിരിക്കുന്നത്.
നിർഭാഗ്യവശാൽ മുഖ്യധാരാ സിനിമാ സംവിധായകരെ ചലച്ചിത്ര അക്കാദമി ചെയർമാൻമാർ ആക്കി തുടങ്ങിയതോടെ അക്കാദമിയുടെ ലക്‌ഷ്യം അട്ടിമറിക്കപ്പെട്ടു ചലച്ചിത്ര മേള കച്ചവട സിനിമകളുടെ പ്രദർശനത്തിനുള്ള ഒരു ഇടം ആയി മാറി മറിഞ്ഞുവെന്നും ബിജു കുറ്റപ്പെടുത്തുന്നു.
അക്കാദമിയുടെ ഭരണ സമിതിയിൽ ഉൾപ്പെടുത്തുന്ന ആളുകൾ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും ക്രിയാത്മകമായ ഇടപെടൽ നടത്താൻ കഴിവും സമയവും ഉള്ളവർ ആകണം . കഴിഞ്ഞ തവണത്തെ അക്കാദമി ഭാരവാഹികളിൽ ചിലരെ വെറും താരത്തിളക്കത്തിന്റെയും ഗ്ലാമറിെൻറയും പേരിൽ അംഗങ്ങളായി ഉൾപ്പെടുത്തിയത് ആണ്.ചലച്ചിത്ര അക്കാദമിയിലെ സ്ഥാപിത താല്പര്യക്കാരെ പുറത്തു നിർത്തി അക്കാദമി ശുദ്ധീകരിക്കുക എന്നതാണ് പുതിയ സാംസ്കാരിക മന്ത്രി ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം നിർദേശിക്കുന്നു.
ടി . കെ . രാമകൃഷ്ണനും , ഷാജി എൻ കരുണും , അടൂർ ഗോപാലകൃഷ്ണനും ഒക്കെ വിഭാവനം ചെയ്ത ചലച്ചിത്ര സാംസ്കാരികതയും രാഷ്ട്രീയവും കലാപരതയും ഉയർത്തിപ്പിടിക്കേണ്ട ചലച്ചിത്ര അക്കാദമി ആ ലക്‌ഷ്യം മറന്നു അക്കാദമിയെ ജനപ്രിയ സിനിമകളുടെ തൊഴുത്തിൽ കൊണ്ട് ചെന്ന് കെട്ടുന്ന കാഴ്ചയാണ് കഴിഞ്ഞ അഞ്ചു വർഷവും കണ്ടതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
കേരളം എന്നത് പല മേഖലകളിലും ലോകത്തിനു മാതൃകയായ ഒരു സംസ്ഥാനം ആണ്. ഇടതു പക്ഷ സർക്കാർ ചരിത്രം സൃഷ്ടിച്ചുകൊണ്ട് തുടർഭരണത്തിൽ എത്തുമ്പോൾ അത് സമാനതകളില്ലാത്ത മറ്റൊരു ചരിത്രം കൂടിയാണ് . ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നേരിട്ടിടപെട്ട്, ജനങ്ങൾക്ക് പ്രതിസന്ധികളിൽ ശക്തമായ നേതൃത്വ പാടവത്തോടെ ആത്മവിശ്വാസം പകർന്ന ഒരു മുഖ്യമന്ത്രി നയിക്കുന്ന സർക്കാരാണ് വീണ്ടും വർധിച്ച ജനപിന്തുണയോടെ ഭരണത്തിൽ തിരികെ എത്തുന്നത് . ആരോഗ്യം , വിദ്യാഭ്യാസം തുടങ്ങി നിരവധി രംഗങ്ങളിൽ കേരള മോഡൽ എന്നത് ലോകത്തിനു തന്നെ മാതൃക ആയ ഒരു സംസ്ഥാനമാണ് ഇത് . തീർച്ചയായും സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായി നയിക്കുന്ന രണ്ടാമത്തെ ഊഴത്തിലും കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത് .
ഈ സർക്കാർ അധികാരമേൽക്കാൻ പോകുന്നതിനു തൊട്ടു മുൻപായി പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധയിൽ പെടുത്താനാണീ കുറിപ്പ് .
ഒരുപക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി എല്ലാ സർക്കാരുകളും കാര്യമായ ശ്രദ്ധ നല്കിയിട്ടില്ലാത്ത ഒന്നാണ് സിനിമ കൂടി ഉൾപ്പെട്ട സാംസ്കാരിക വകുപ്പ് . കലാപരമായി ഏറെ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തു കലയ്ക്കും സംസ്കാരത്തിനും സിനിമയ്ക്കും സർക്കാർ കുറഞ്ഞ പ്രാധാന്യം മാത്രമാണ് നല്കിപ്പോരുന്നത് എന്നത് ഏറെ ദുഃഖകരമായി തോന്നിയിട്ടുണ്ട് . കൃത്യമായ ഒരു സാംസ്കാരിക നയം രൂപപ്പെടുത്തി എടുക്കാൻ നമുക്ക് സാധിച്ചിട്ടില്ല . കേരളത്തിൽ ഒരു പക്ഷെ കലാ രംഗത്ത് ഏറ്റവും വലിയ ഒരു ചലനം എന്ന് പറയാവുന്നത് കേരളത്തിന്റെ അന്താരാഷ്‌ട്ര ചലച്ചിത്ര മേള ആണ് .അതുകൊണ്ടു തന്നെ ചലച്ചിത്ര മേളയുടെ നടത്തിപ്പിന്റെ ചുമതലയുള്ള ചലച്ചിത്ര അക്കാദമി ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് .
1998 ൽ സഖാവ് നായനാർ മന്ത്രിസഭയിൽ സാംസ്കാരിക വകുപ്പ് മന്ത്രി ആയിരുന്ന സഖാവ് ടി . കെ . രാമകൃഷ്ണൻ ആണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആരംഭിക്കുന്നത് . ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു സംസ്ഥാനം ചലച്ചിത്ര അക്കാദമി എന്ന സങ്കൽപം ആരംഭിക്കുന്നത് . ഇന്ത്യൻ സിനിമാ സംസ്കാരത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏടായിരുന്നു അത് . ആദ്യ അക്കാദമി ചെയർമാൻ ശ്രീ ഷാജി എൻ കരുൺ ആയിരുന്നു . തുടർന്ന് ശ്രീ അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ ആയി. ചലച്ചിത്ര അക്കാദമി രൂപീകൃതമായത് വളരെ വലിയ ആശയങ്ങളോടെയും സങ്കല്പങ്ങളോടെയും ആയിരുന്നു . സിനിമ ഒരു കലാരൂപം എന്ന നിലയിൽ നില നിർത്താനും കൃത്യമായ ഒരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്താനും പരീക്ഷണാത്മകമായ സ്വതന്ത്ര സിനിമകളുടെ നിർമാണം പ്രോത്സാഹിപ്പിക്കാനും അത്തരം സിനിമകളുടെ പ്രദർശനവും അന്താരാഷ്ട്ര മാർക്കറ്റിങും എല്ലാറ്റിനും ഉപരിയായി ഒരു ചലച്ചിത്ര സാക്ഷരത സൃഷ്ടിക്കുവാനും ഉദ്ദേശിച്ചാണ് ചലച്ചിത്ര അക്കാദമി രൂപം നൽകിയത് .
പക്ഷെ ചലച്ചിത്ര അക്കാദമി രൂപം കൊണ്ടിട്ട് 23 വർഷങ്ങൾ പിന്നിടുമ്പോൾ ഈ ലക്ഷ്യങ്ങൾ ഒക്കെ തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം . എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതാണ് .
പുതിയ മന്ത്രിമാർ അടുത്ത ദിവസം തീരുമാനിക്കപ്പെടുമ്പോൾ മുഖ്യമന്ത്രിയോടും പാർട്ടിയോടും ഒരു അപേക്ഷ ഉണ്ട് . സിനിമ , സാംസ്കാരിക വകുപ്പ് , ദീർഘ വീക്ഷണവും , ഉൾക്കാഴ്ചയും , നവീന ആശയങ്ങളും ഉള്ള ഒരാളിന് ഏല്പിച്ചു നൽകണം . മികച്ച വിദ്യാഭ്യാസം പോലെ , മികച്ച ആരോഗ്യം പോലെ അതി പ്രധാനമായി കണക്കിലെടുക്കേണ്ട ഒന്നാണ് ഒരു ജനതയുടെ കലാസാംസ്കാരിക മൂല്യങ്ങളും നിലപാടുകളും .കലയെയും സംസ്കാരത്തെയും ശരിയായ രീതിയിൽ രൂപപ്പെടുത്തുകയും നയിക്കുകയും ചെയ്യുക എന്നത് ഏറെ പ്രധാനമുള്ള ഒരു കാര്യമാണ് എന്നതിൽ സംശയമില്ല . അതിനായുള്ള ബോധപൂർവമായ സക്രിയമായ ഒരു രാഷ്ട്രീയ ഇടപെടൽ കാലം ആവശ്യപ്പെടുന്നുണ്ട് .
പുതുതായി എത്തുന്ന സിനിമാ സാംസ്കാരിക മന്ത്രി ആരായാലും സത്വര ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ കുറിയ്ക്കട്ടെ . പ്രധാനമായും ചലച്ചിത്ര അക്കാദമിയെ പറ്റിയും അന്താരാഷ്‌ട്ര ചലച്ചിത്ര മേളയെ പറ്റിയും ആണ് .
മുൻപ് സൂചിപ്പിച്ചതു പോലെ ഷാജി എൻ കരുൺ , അടൂർ ഗോപാലകൃഷ്ണൻ എന്നിവർ ചെയർമാന്മാരായി ഇരുന്നപ്പോൾ ചലച്ചിത്ര അക്കാദമി പിന്തുടർന്ന് പോന്ന ഒരു കലാ സാംസ്കാരിക മൂല്യം ഇപ്പോൾ ചലച്ചിത്ര അക്കാദമിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു . പിൽക്കാലത്ത് മുഖ്യധാരാ സിനിമകളിലെ സംവിധായകർ ചലച്ചിത്ര അക്കാദമി ചെയർമാൻമാർ ആയതോടെ ആ കാലയളവുകളിൽ ചലച്ചിത്ര അക്കാദമിയുടെ യഥാർത്ഥ ഉദ്ദേശ ലക്ഷ്യങ്ങൾ പിന്നോക്കം നടക്കുകയും അട്ടിമറിക്കുകയും ചെയ്യപെട്ടു എന്ന സത്യം ചൂണ്ടിക്കാട്ടാതിരിക്കാൻ നിർവാഹമില്ല .
ലോകത്തെവിടെയും ചലച്ചിത്ര മേളകൾ കൊണ്ട് ലക്ഷ്യമിടുന്നത് സ്വതന്ത്ര സിനിമകൾ , പരീക്ഷണ സിനിമകൾ , രാഷ്ട്രീയ സിനിമകൾ , ആർട്ട് ഹൌസ് സിനിമകൾ തുടങ്ങിയവയെ നിലനിർത്തുവാനും പ്രോത്സാഹിപ്പിക്കാനുമായാണ് . അല്ലാതെ തിയറ്ററുകളിൽ റിലീസ് ചെയ്ത മുഖ്യധാരാ സിനിമകൾ വീണ്ടും പ്രദർശിപ്പിക്കാനുള്ള ഒരിടമായല്ല അതിനെ ഉപയോഗപ്പെടുത്തുന്നത് . മുഖ്യധാരാ സിനിമകൾ സിനിമ ഒരു ഇൻഡസ്ട്രി എന്ന നിലയിലും വിനോദോപാധി എന്ന നിലയിലും ഏറെ പ്രസക്തമാണ്. അവയോട് ഒരു തരത്തിലുള്ള വിയോജിപ്പും ഇല്ല എന്നു മാത്രമല്ല മുഖ്യധാരാ സിനിമയിലെ പല സംവിധായകരെയും ഏറെ ഇഷ്ടവുമാണ് . പക്ഷെ ലോകത്തൊരു ചലച്ചിത്ര മേളയും മുഘ്യധാരാ സിനിമാ പ്രദർശനങ്ങൾക്കുള്ള വേദിയായല്ല വിഭാവനം ചെയ്യപ്പെട്ടത്. കേരള അന്താരാഷ്‌ട്ര മേളയും വിഭാവനം ചെയ്തത് ഏഷ്യ , ആഫ്രിക്ക , ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ പരീക്ഷണ , കലാ സിനിമകൾ പ്രദർശിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയാണ് .
നിർഭാഗ്യവശാൽ മുഖ്യധാരാ സിനിമാ സംവിധായകരെ ചലച്ചിത്ര അക്കാദമി ചെയർമാൻമാർ ആക്കി തുടങ്ങിയതോടെ ഈ ലക്‌ഷ്യം അട്ടിമറിക്കപ്പെട്ടു തുടങ്ങി . ചലച്ചിത്ര മേള കച്ചവട സിനിമകളുടെ പ്രദർശനത്തിനുള്ള ഒരു ഇടം ആയി മാറി മറിഞ്ഞു . താരങ്ങൾ , ഗ്ളാമർ തുടങ്ങിയവയ്ക്കായി സിനിമയുടെ പ്രമേയത്തെക്കാളും കലാമൂല്യത്തേക്കാളും കൂടുതൽ പ്രാധാന്യം എന്ന കാഴ്ചപ്പാട് രൂപം കൊണ്ടു .
കേരളത്തിന്റെ ചലച്ചിത്ര മേളയ്ക്ക് 25 വയസ്സായി . ഇതൊരു വലിയ കാലയളവ് ആണ് . ചലച്ചിത്ര മേളയുടെ അന്താരാഷ്‌ട്ര അക്രിഡിറ്റേഷൻ ഏജൻസി ആയ FIAPF ൻറെ അംഗീകാരമുള്ള ലോകത്തെ 22 കോംപറ്റേറ്റീവ് സ്‌പെഷ്യലൈസ്‌ഡ് ഫീച്ചർ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് കേരള മേള . പക്ഷെ കേരള ചലച്ചിത്ര മേള 25 വർഷങ്ങൾ പിന്നിടുമ്പോഴും ഇന്ത്യയ്ക്ക് വെളിയിൽ ഒട്ടും പ്രശസ്തമല്ലാത്ത ഒരു മേള ആണെന്നത് ആണ് യാഥാർഥ്യം . അത് മറച്ചു വെച്ചിട്ടു കാര്യമില്ല . കേരള മേളയോടൊപ്പം മാത്രം പ്രായമായ (25 വർഷം) ബുസാൻ മേള ഇന്ന് ലോകത്തെ എല്ലാ സുപ്രധാന ചലച്ചിത്രകാരന്മാരും തങ്ങളുടെ സിനിമയുടെ ആദ്യ പ്രദർശനത്തിനായി കാത്തിരിക്കുന്ന ഒരു മേളയായി മാറിക്കഴിഞ്ഞു . 26 വർഷം പ്രായമായ കൊൽക്കത്ത ചലച്ചിത്ര മേള , 24 വർഷം പ്രായമായ ഷാങ്ഹായി ചലച്ചിത്ര മേള , 25 വർഷം പ്രായമായ എസ്റ്റോണിയയിലെ താലിൻ ചലച്ചിത്ര മേള , 22 വർഷം പ്രായമായ മുംബൈ ചലച്ചിത്ര മേള എന്നിവ ഒക്കെയും ഇന്ന് കേരള ചലച്ചിത്ര മേളയെക്കാൾ ലോക ചലച്ചിത്ര മേളകളുടെ ഭൂപടത്തിൽ പ്രാധാന്യത്തോടെ ഇടം പിടിച്ചു കഴിഞ്ഞു .
എന്തുകൊണ്ടാണ് കേരള ചലച്ചിത്ര മേള ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേള എന്ന നിലയിൽ ലോകമെമ്പാടുമുള്ള പ്രധാന ചലച്ചിത്രകാരന്മാർക്കും ഫെസ്റ്റിവൽ ഇന്ഡസ്ട്രിക്കും മുൻപിൽ ഒട്ടും ശ്രദ്ധ നേടാതെ പോയത് എന്നത് പരിശോധിക്കപ്പെടണം . ഇത്രയേറെ ലോക സിനിമാ ബോധമുള്ള കാണികളും, സർക്കാറിന്റെ പൂർണ്ണമായ പിന്തുണയും ഉണ്ടായിട്ടും ലോകത്തെ എണ്ണപ്പെട്ട ഒരു മേളയായി കേരള മേളയെ വളർത്താൻ ഇതുവരെ സാധിക്കാഞ്ഞത് എന്തുകൊണ്ടാണ് എന്നത് വിലയിരുത്തണം .ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളുടെ പ്രോഗ്രാമർമാർ എന്തുകൊണ്ടാണ് കേരള ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കാത്തത്? , എന്തുകൊണ്ടാണ് 26 വർഷം ആകുമ്പോഴും ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകൾക്കുള്ളത് പോലെ ഒരു ഫിലിം മാർക്കറ്റ് കേരള മേളയ്ക്ക് തുടങ്ങുവാൻ സാധിക്കാതെ പോയത് ? . വേറിട്ട പരീക്ഷണ , സ്വതന്ത്ര , രാഷ്ട്രീയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കുവാനും അത്തരം സിനിമകളെ നിലനിർത്തുവാനും എന്ത് സഹായമാണ് അക്കാദമി ചെയ്യുന്നത് ? . എന്തുകൊണ്ടാണ് സ്വന്തമായി ഒരു ഫെസ്റ്റിവൽ കോംപ്ലക്‌സ് മേളയ്ക്ക് ഉണ്ടാവാതെ പോയത് ?,
ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്നു വരുമ്പോൾ തീർച്ചയായും എവിടെയാണ് നമുക്ക് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കേണ്ടതുണ്ട് .
മറാത്ത , കന്നഡ , ബംഗാൾ , ഗുജറാത്ത് , ആസാം ,തമിഴ്‌നാട് , രാജസ്ഥാൻ , തുടങ്ങി നിരവധി ഭാഷയിൽ അതാത് സംസ്ഥാനങ്ങളിൽ കലാമൂല്യ സിനിമകൾക്ക് സബ്‌സിഡി സംവിധാനവും , തിയറ്റർ റിലീസും , അന്താരാഷ്‌ട്ര മാർക്കറ്റിങ്ങും , ഷൂട്ടിങ്ങുകൾക്കായി ഏക ജാലക അനുമതി സംവിധാനവും ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകി പുതിയ ഒരു സിനിമാ സംസ്കാരം രൂപപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഉണ്ടാവുമ്പോൾ എന്തുകൊണ്ട് കേരളം മാത്രം ഇത്തരത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ മാതൃകകൾ സ്വീകരിക്കുന്നില്ല എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യം ആണ് . ഇതൊക്കെ ഒരു പക്ഷെ ആദ്യം നടപ്പിൽ വരുത്തേണ്ടത് കേരളം ആയിരുന്നു. എന്തുകൊണ്ട് നമുക്കിതൊന്നും സാധിച്ചില്ല എന്നതിനുള്ള ഉത്തരം വളരെ ലളിതമായി കണ്ടെത്താം എന്ന് തോന്നുന്നു .
ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ച് മിക്കപ്പോഴും ഒരു സ്ഥിരം കോക്കസ് ആണ് അതിന്റെ നടത്തിപ്പ് കയ്യാളുന്നത്. വ്യക്തിപരമായ താല്പര്യങ്ങൾ ഒരു പൊതു സ്ഥാപനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് മുകളിൽ രൂപീകരിക്കപ്പെടുകയും വർഷങ്ങളായി അങ്ങനെ ഉള്ള ആളുകൾ അവരുടെ വ്യക്തി താല്പര്യങ്ങൾക്കപ്പുറം മേളയെ മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കാതിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാനമായ ഒരു കാരണം . ഈ സ്ഥാപിത താൽപര്യക്കാർ തങ്ങളില്ലെങ്കിൽ മേള നടത്തുന്നത് അസാധ്യമാണ് എന്ന ഒരു മിഥ്യാ ധാരണ സൃഷ്ടിച്ചു വെയ്ക്കുകയും ചലച്ചിത്ര മേളകളെ പറ്റി വലിയ ധാരണകൾ ഒന്നുമില്ലാത്ത മുഖ്യധാരാ സിനിമാ സംവിധായകർ ചെയർമാന്മാരായി വരുമ്പോൾ അവരെ നോക്കുകുത്തികളായി മാറ്റി മൊത്തം കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണ് വർഷങ്ങളായി കണ്ടു വരുന്നത് . മലയാളത്തിലെ കലാ മൂല്യ സിനിമകളുടെ പ്രോത്സാഹനത്തിനും അപ്പുറം വ്യക്തിപരമായ താല്പര്യങ്ങൾ മാത്രമാണ് ഇക്കൂട്ടരെ നയിക്കുന്നത് , ചലച്ചിത്ര അക്കാദമിയെ ഈ കോക്കസ്സിൽ നിന്നും മുക്തമാക്കുക എന്നതാണ് പുതിയ സാംസ്കാരിക മന്ത്രി ആദ്യമായി ചെയ്യേണ്ടുന്ന ഒന്ന് . അതുപോലെ അക്കാദമിയുടെ ഭരണ സമിതിയിൽ ഉൾപ്പെടുത്തുന്ന ആളുകൾ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും ക്രിയാത്മകമായ ഇടപെടൽ നടത്താൻ കഴിവും സമയവും ഉള്ളവർ ആകണം . കഴിഞ്ഞ തവണത്തെ അക്കാദമി ഭാരവാഹികളിൽ ചിലരെ വെറും താരത്തിളക്കത്തിന്റെയും ഗ്ളാമറിന്റെയും പേരിൽ അംഗങ്ങളായി ഉൾപ്പെടുത്തിയത് ആണ് . ഒറ്റ മീറ്റിങ്ങിൽ പോലും പങ്കെടുക്കാത്തവർ ആയിരുന്നു അവർ .
മുഖ്യധാരാ സിനിമകളുടെ പ്രോത്സാഹനവും താരത്തിളക്കവും ഗ്ളാമറും ഒന്നുമല്ല ഒരു ചലച്ചിത്ര മേളയുടെ യഥാർത്ഥ ലക്‌ഷ്യം മറിച്ചു കലയും സംസ്കാരവും രാഷ്ട്രീയവും പറയുന്ന ധീരമായ സ്വതന്ത്ര സിനിമകളുടെ സമാന്തരമായ ഒരു ധാരയെ നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനുള്ള ഒരു കലാ സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് . മനുഷ്യനെ കേവലമായി രസിപ്പിക്കുന്ന , വിനോദിപ്പിക്കുന്ന സിനിമകൾ അല്ല മറിച്ചു അവനെ രാഷ്ട്രീയമായും പരീക്ഷണാത്മകമായും അത്ഭുതപ്പെടുത്തുന്ന അസ്വസ്ഥമാക്കുന്ന വേറിട്ട സിനിമകളെ പ്രോത്സാഹിപ്പിക്കുകയും , പുതിയൊരു കാഴ്ചയുടെ സംസ്കാരം വളർത്താൻ സഹായിക്കുകയുമാണ് ഒരു സർക്കാർ ചെയ്യേണ്ടത്. ഈ കാഴ്ചപ്പാട് ആണ് അക്കാദമിക്ക് നഷ്ടമായത്..
ദേശീയ തലത്തിലോ അന്തർദേശീയ തലത്തിലോ ഏറെ ശ്രദ്ധേയമാകുന്ന , കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന ഒരു സിനിമയ്ക്ക് പോലും വർഷങ്ങളായി കേരളത്തിൽ പ്രദർശന സാധ്യത ഉണ്ടാവുന്നില്ലെങ്കിൽ , ടെലിവിഷനിൽ ആ സിനിമ കാണുവാൻ ലഭിക്കുന്നില്ലെങ്കിൽ , കേരളത്തിലെ പ്രേക്ഷകർക്ക് അത്തരം സിനിമകൾ കാണാനുള്ള ഒരു വേദിയും ലഭ്യമാക്കാനുള്ള സാധ്യത ഇല്ലെങ്കിൽ നമ്മൾ സ്വയം ഒന്ന് ചോദിക്കേണ്ടതല്ലേ .. പിന്നെന്തു സിനിമാ സാക്ഷരതയും സംസ്കാരവും ആണ് ഇത്ര കാലമായി നമുക്ക് സൃഷ്ടിക്കാനായത് എന്ന്.
23 കൊല്ലമായി ചലച്ചിത്ര അക്കാദമി എന്താണ് ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ... ഇതിൽ തന്നെ കഴിഞ്ഞ അഞ്ചു വർഷം ചലച്ചിത്ര അക്കാദമിയുടെ ചരിത്രത്തിലെ ഏറ്റവും പിന്തിരിപ്പൻ വർഷങ്ങൾ ആയിരുന്നു എന്നത് സ്വയം വിമർശനാത്മകമായി നമ്മൾ ഉൾക്കൊണ്ട മതിയാകൂ . . ടി . കെ . രാമകൃഷ്ണനും , ഷാജി എൻ കരുണും , അടൂർ ഗോപാലകൃഷ്ണനും ഒക്കെ വിഭാവനം ചെയ്ത ചലച്ചിത്ര സാംസ്കാരികതയും രാഷ്ട്രീയവും കലാപരതയും ഉയർത്തിപ്പിടിക്കേണ്ട ചലച്ചിത്ര അക്കാദമി ആ ലക്‌ഷ്യം മറന്നു അക്കാദമിയെ ജനപ്രിയ സിനിമകളുടെ തൊഴുത്തിൽ കൊണ്ട് ചെന്ന് കെട്ടുന്ന കാഴ്ചയാണ് കഴിഞ്ഞ അഞ്ചു വർഷവും കണ്ടത് ..മറ്റു സംസ്ഥാനങ്ങളിൽ മുഖ്യധാരയിൽ നിന്നും വേറിട്ട സ്വതന്ത്ര കലാമൂല്യ സിനിമകളുടെ നിർമാണവും പ്രദർശനവും പ്രോത്സാഹിപ്പിക്കുന്നതിനായി നിരന്തരമായ സർക്കാർ ഇടപെടലുകളും പദ്ധതികളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിൽ മാത്രം ആണ് തൃശൂർ പൂരം നടത്തുന്നത് പോലെ ഫെസ്റ്റിവൽ നടത്തുക എന്നതിനപ്പുറം യാതൊരു കാഴ്ചപ്പാടും പ്രവർത്തനവും ഇല്ലാതെ അക്കാദമിയെ പിന്നോട്ട് നടത്തിയത്..
ഇന്ത്യയിൽ ആദ്യമായി ചലച്ചിത്ര അക്കാദമി എന്ന സങ്കല്പം നടപ്പിലാക്കിയത് ഒരു ഇടതു പക്ഷ സർക്കാരാണ് . പക്ഷെ എന്തിനു വേണ്ടിയാണോ ചലച്ചിത്ര അക്കാദമി രൂപം കൊണ്ടത് അതിനു നേരെ വിരുദ്ധമായ ആശയങ്ങളിലും പ്രവർത്തികളിലും കാഴ്ചപ്പാടിലുമാണ് ഇന്ന് അക്കാദമി എത്തിച്ചേർന്നിരിക്കുന്നത് . രണ്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ആ ആശയങ്ങളും ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും തിരിച്ചു പിടിക്കുക എന്നതും മറ്റൊരു ഇടതു പക്ഷ സർക്കാറിന്റെ ചുമതലയും കടമയുമാണ് . കാരണം നമ്മൾ പിന്നോട്ട് നടക്കേണ്ടവർ അല്ല . വഴികാട്ടികളായി മുന്നേറുന്നവർ ആണ് ..ചലച്ചിത്ര അക്കാദമിയിലെ സ്ഥാപിത താല്പര്യക്കാരെ പുറത്തു നിർത്തി അക്കാദമി ശുദ്ധീകരിക്കുക എന്നതാണ് പുതിയ സാംസ്കാരിക മന്ത്രി ആദ്യം ചെയ്യേണ്ടത് . ഒപ്പം അക്കാദമി സ്ഥാപിച്ചപ്പോൾ വിഭാവനം ചെയ്ത ലക്ഷ്യങ്ങളിലേക്ക് അതിനെ തിരികെ കൊണ്ടുവരാൻ സജീവമായ ഇടപെടലും നേതൃത്വവും നൽകുക എന്നതും . ഇതും ഒരു കലാ സാംസ്കാരിക രാഷ്ട്രീയത്തിന്റെ തിരിച്ചു പിടിക്കൽ ആണ് . സിനിമാ സാംസ്കാരിക രംഗത്തും ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കാൻ നമുക്കൊരു കേരള മോഡൽ സൃഷ്ടിച്ചെടുക്കാൻ സാധിക്കണം. ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.