രാവിലെ വേണു വിളിച്ചു, 'ഒന്നുമില്ല കുറെയായില്ലേ സംസാരിച്ചിട്ട്' എന്നു പറഞ്ഞു; ഉറ്റ തോഴന്റെ വിയോഗത്തിൽ ഫാസിൽ
text_fieldsസംവിധായകൻ ഫാസിലും നെടുമുടി വേണുവും തമ്മിലുള്ള സൗഹൃദം സിനിമ രംഗത്ത് എല്ലാവർക്കുമറിയാവുന്നതാണ്. ആലപ്പുഴ എസ്.ഡി കോളജിലെ പഠനകാലം മുതൽക്കേ കൂട്ടുകാരായിരുന്നു ഇരുവരും. അസുഖബാധിതനായി ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകൾ മുമ്പ് വേണു ഫാസിലിനെ വിളിച്ചിരുന്നു. അത് അവസാനത്തെ വിളിയായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഫാസിൽ പറയുന്നു.
'രാവിലെ എട്ടോടെയായിരുന്നു വേണുവിന്റെ കാൾ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചു. ഒന്നുമില്ല, കുറേ ആയില്ലേ സംസാരിച്ചിട്ട്, അതുകൊണ്ട് വിളിച്ചതാണ് എന്ന് മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന്റെ തൊട്ടുമുമ്പായിരുന്നു ഈ വിളി. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. ഇന്നലെ രാത്രി വീണ്ടും ഫോൺ വന്നു. മകൻ ഉണ്ണിയായിരുന്നു വിളിച്ചത്. അപ്പോഴാണ് ഗുരുതരാവസ്ഥയിലാണെന്ന് അറിയുന്നത്. വ്യക്തിപരമായ നഷ്ടമാണ് വേണുവിന്റെ വേർപ്പാട്. എല്ലാ തലമുറയിൽപ്പെട്ട സിനിമാക്കാർക്കിടയിലും വേണു നിറഞ്ഞുനിന്നു' -ഫാസിൽ പറയുന്നു.
ഫാസിലും താനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് നെടുമുടി വേണു പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കോളജ് പഠന കാലത്തെ കുറിച്ചും നാടകാഭിനയത്തെ കുറിച്ചും ഒരിക്കൽ നെടുമുടി വേണു പറഞ്ഞു -'ഞാനും ഫാസിലും ഒന്നിച്ച് കോളജിൽ പഠിക്കുന്ന കാലം. ആലപ്പുഴയിലെ ഒരു നാടകമത്സരത്തിൽ കാവാലമായിരുന്നു (കാവാലം നാരായണപ്പണിക്കർ) ജഡ്ജ്. ഞങ്ങളും മത്സരത്തിൽ പങ്കെടുത്തിരുന്നു. ഫാസിലായിരുന്നു നാടകത്തിെൻറ സംവിധാനം. റിസൽട്ട് വന്നപ്പോൾ നാടകത്തിന് ഒന്നാംസ്ഥാനവും ഫാസിൽ മികച്ച നടനും. തുടർന്ന് കാവാലം ഞങ്ങളെ പുതിയ നാടകസമിതിയിലേക്ക് വിളിക്കുകയായിരുന്നു. അന്നു വന്ന പലരും പിന്നെ പിരിഞ്ഞുപോയി. ഫാസിൽ രണ്ടു നാടകം വരെ അവിടെയുണ്ടായിരുന്നു. ഞാൻ അതിൽതന്നെ ഉറച്ചുനിന്നു. ഇന്ത്യ മുഴുവൻ നാടകം കളിച്ചുനടന്നു. പിന്നീട് സിനിമയിലുമെത്തി.
കാവാലത്തിെൻറ നാടകക്കളരിയിൽ സാഹിത്യകാരന്മാർ, ശിൽപികൾ, സിനിമാപ്രവർത്തകർ തുടങ്ങി എല്ലാരും വരും. ഒരുപാട് സഹൃദയന്മാർ ഒത്തുകൂടുന്ന സ്ഥലമായിരുന്നു അത്. സിനിമയിൽ എെൻറ പെർഫോമൻസിന് എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കിൽ അത് അവിടെനിന്ന് കിട്ടിയതാണ്.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.