സംവിധായകൻ മോഹൻ അന്തരിച്ചു
text_fieldsകൊച്ചി: പ്രശസ്ത മലയാള സിനിമ സംവിധായകൻ എം. മോഹൻ അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.
മലയാള സിനിമ പുതിയ കഥാ പരിസരങ്ങളിലേക്ക് പറിച്ചു നടപ്പെട്ട എൺപതുകളിലാണ് മോഹൻ സിനിമ രംഗത്തേക്കു കടന്നു വരുന്നത്. ആകെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
സുകുമാരൻ, വേണു നാഗവള്ളി, ശോഭ, ജലജ, കെ.പി. ഉമ്മർ എന്നിവർ അഭിനയിച്ച ശാലിനി എന്റെ കൂട്ടുകാരി, ശോഭ, മധു, ഇന്നസെന്റ് എന്നിവർ പ്രധാനവേഷത്തിലെത്തിയ രണ്ടു പെൺകുട്ടികൾ, ഇടവേള ബാബു അരങ്ങേറ്റം കുറിച്ച ഇടവേള, വിട പറയും മുമ്പേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. അച്ഛന്റെ സുഹൃത്തു വഴി പ്രശസ്ത സംവിധായകൻ എം. കൃഷ്ണൻ നായരെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. പ്രശസ്ത സംവിധായകൻ ഹരിഹരന്റെ അടക്കം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
1978ൽ വാടകവീട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. നിരവധി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2005ൽ ഇറങ്ങിയ ‘ദി കാമ്പസ്’ ആണ് അവസാന ചിത്രം. ഭാര്യ അനുപമ. പുരന്ദർ, ഉപേന്ദർ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.