എ.ഇ.ഒക്ക് പ്രിൻസിപ്പൽ നിയമനം നൽകൽ: അധ്യാപികയെ തരംതാഴ്ത്തി വിചിത്ര ഉത്തരവ്
text_fieldsതിരുവനന്തപുരം: എ.ഇ.ഒ തസ്തികയിലുള്ളയാൾക്ക് ഹയർസെക്കൻഡറി പ്രിൻസിപ്പൽ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഹയർസെക്കൻഡറി അധ്യാപികയെ തരംതാഴ്ത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിചിത്ര ഉത്തരവ്. വിവാദ ഉത്തരവിനെ ചോദ്യം ചെയ്ത് ഹയർസെക്കൻഡറി അധ്യാപക സംഘടനകൾ കോടതിയെ സമീപിക്കും. എ.ഇ.ഒ തസ്തികയിലുണ്ടായിരുന്ന പി. രവീന്ദ്രന് സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നൽകാനാണ് എച്ച്.എസ്.എസ്.ടി (സോഷ്യോളജി) തസ്തികയിൽ ജോലി ചെയ്തിരുന്ന നിഷ ലൂക്കോസിനെ എച്ച്.എസ്.എസ്.ടി ജൂനിയറായി തരംതാഴ്ത്തിയത്.
ഹയർസെക്കൻഡറി പ്രിൻസിപ്പൽ തസ്തികയിലെ നിയമനം ഹയർസെക്കൻഡറി അധ്യാപകർക്കും ഹൈസ്കൂൾ ഹെഡ്മാസ്റ്റർ/ എ.ഇ.ഒ തസ്തികയിലുള്ളവർക്ക് 2:1 എന്ന അനുപാതത്തിലാണ് നീക്കിവെച്ചിരിക്കുന്നത്. എ.ഇ.ഒ തസ്തികയിലുള്ള പി. രവീന്ദ്രന്റെ വിഷയം സോഷ്യോളജി ആയതിനാൽ പ്രിൻസിപ്പൽ നിയമനം എച്ച്.എസ്.എസ്.ടി സോഷ്യോളജി എന്ന നിലയിലാണ് പരിഗണിക്കുക. രവീന്ദ്രനെ എച്ച്.എസ്.എസ്.ടി സോഷ്യോളജി തസ്തികയിൽ പരിഗണിച്ച് പ്രിൻസിപ്പലാക്കാൻ നിലവിൽ എച്ച്.എസ്.എസ്.ടി സോഷ്യോളജി തസ്തികയിലേക്ക് നിയമിക്കപ്പെട്ടവരിൽ ഏറ്റവും ജൂനിയറായ അധ്യാപികയായ നിഷ ലൂക്കോസിനെ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. പ്രിൻസിപ്പലിന്റെ നിയമനം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക നിയമനം കൂടിയായതിനാലാണ് തരംതാഴ്ത്തൽ നടപടിയെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്. നേരത്തേ എച്ച്.എസ്.ടി ജൂനിയർ തസ്തികയിൽ ജോലി ചെയ്തിരുന്ന നിഷ ലൂക്കോസിന് കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് ബൈ-ട്രാൻസ്ഫർ മുഖേന എച്ച്.എസ്.എസ്.ടി തസ്തികയിൽ നിയമനം ലഭിച്ചത്.
രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഹയർസെക്കൻഡറി അധ്യാപകനല്ലാത്തയാൾക്ക് പ്രിൻസിപ്പൽ നിയമനം നൽകാനായി അധ്യാപികയെ തരംതാഴ്ത്തിയത്. കണ്ണൂർ മാതമംഗലം സി.പി.എൻ.എസ്.ഗവ.എച്ച്.എസ്.എസിൽ ജോലി ചെയ്തിരുന്ന നിഷയെ എച്ച്.എസ്.എസ്.ടി ജൂനിയറാക്കി മലപ്പുറം കോക്കൂർ ഗവ. എച്ച്.എസ്.എസിലേക്കാണ് നിയമിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ (കെ.ഇ.ആർ) ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും എ.എച്ച്.എസ്.ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജും കെ.എച്ച്.എസ്.ടി.യു ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൽ ജലീലും അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി മാത്രമേ അധ്യാപകരെ തരംതാഴ്ത്താൻ കഴിയൂവെന്ന കെ.ഇ.ആർ വ്യവസ്ഥയുടെ ലംഘനമാണ് ഡയറക്ടർ നടത്തിയതെന്നും സംഘടന ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.