മദ്യനയം ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചതെന്ന് ടൂറിസം ഡയറക്ടര്‍
text_fieldsതിരുവനന്തപുരം: ഇൻഡസ്ട്രി കണക്റ്റിന്‍റെ ഭാഗമായി നടത്തിയ മീറ്റിങ്ങിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പരക്കുന്നതെന്ന് ടൂറിസം ഡയറക്ടർ അറിയിച്ചു .ടൂറിസം മേഖലയുടെ വികസനത്തിൽ റിസോർട്ടുകൾ, ഹോട്ടലുകൾ ,ഹൗസ് ബോട്ടുകൾ, ഇവന്റ് മാനേജ്മെൻറ് ഗ്രൂപ്പുകൾ എന്നിവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ ടൂറിസം മേഖലയിലെ സ്റ്റേക് ഹോൾഡേഴ്സിൻ്റെ പ്രതിനിധികളുടെ മീറ്റിങ്ങുകൾ കൃത്യമായ ഇടവേളകളിൽ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വിളിച്ചു ചേർക്കാറുണ്ട്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകൾ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് സ്റ്റേക് ഹോൾഡേഴ്സിൻ്റെ യോഗമാണ് ഈമാസം21ന് വിളിച്ച് ചേർത്തത്. ഇപ്രകാരം യോഗം വിളിച്ചു ചേർത്തത് ബഹുമാനപ്പെട്ട ടൂറിസം മന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് ടൂറിസം ഡയറക്ടർ വ്യക്തമാക്കി..
യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളിൽ നിന്ന് തന്നെ ഇത് ബാർ ഉടമകളുടെ മാത്രമായതോ ,സർക്കാരിൻറെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു. വെഡിങ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ ഉയർത്തുന്നതിന് നേരിടുന്ന തടസ്സങ്ങൾ,എം.ഐ.സി.ഇ ടൂറിസത്തിന് നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ച വിഷയങ്ങൾ.
ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് നൽകിയിട്ടില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ ഡയറക്ടറുടെ തലത്തിൽ യോഗങ്ങൾ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു സ്റ്റേക് ഹോൾഡർ മീറ്റിംഗ് മാത്രമാണ് 21-ന് കൂടിയിട്ടുള്ളത്. യോഗ നോട്ടീസിൽ വിഷയം ചുരുക്കി പരാമർശിക്കേണ്ടത് ഉള്ളതിനാൽ വിവിധ സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ ഒന്ന് ഉൾപ്പെടുത്തിയിരുന്നു. ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തിൽ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനം ഇല്ല. ഉയർന്നുവന്ന വിഷയങ്ങൾ ടൂറിസം വ്യവസായമായവുമായി ബന്ധപ്പെട്ട സംഘടനകൾ ദീർഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാൽ ഇക്കാര്യങ്ങളിൽ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. കൂടാതെ, മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാർത്തകളുമായോ, ചില വ്യക്തികൾ നടത്തിയ പരാമർശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് യാതൊരുവിധ ബന്ധവുമുള്ളതല്ലെന്നും ടൂറിസം ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.