‘നടിക്ക് അഭിനയിപ്പിക്കാത്തതിന്റെ നീരസം, ഞാൻ നിരപരാധി’; മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്
text_fieldsകൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത് ഹൈകോടതിയെ സമീപിച്ചു. നിരപരാധിയാണെന്ന് രഞ്ജിത് ഹരജിയിൽ പറയുന്നു. പരാതിക്കാരിയായ നടിയെ സിനിമയിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കാത്തതിലുള്ള നീരസവും നിരാശയുമാണ് പരാതിക്ക് കാരണം. തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് നീക്കാനുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ഇത് ആളിക്കത്തിച്ചു. കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും സംഭവം നടന്നെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വർഷത്തിന് ശേഷമാണ് പരാതി നൽകിയിട്ടുള്ളത് എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം സിനിമാ ചർച്ചക്കിടെ രഞ്ജിത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. തുടർന്ന് അവർ രഞ്ജിത്തിനെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് രഞ്‍ജിത് മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്.
പരാതിയിൽ പറഞ്ഞിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫീസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. ബംഗാളി നടി അപ്പാർട്ട്മെന്റിലുണ്ടായിരുന്ന മുഴുവൻ സമയത്തും അസോഷ്യേറ്റ് ഡയറക്ടർമാരായ ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, നിർമാതാവ് സുബൈർ, ഓഫീസ് അസിസ്റ്റന്റ് ബിജു തുടങ്ങിയവർ ഫ്ലാറ്റിലുണ്ടായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു. യഥാർത്ഥത്തിൽ ശങ്കർ രാമകൃഷ്ണനാണ് സിനിമയെക്കുറിച്ച് നടിയുമായി ചർച്ച നടത്തിയത്. ശങ്കർ രാമകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് പരാതിയിൽ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലുൾപ്പെട്ടിട്ടുള്ള വഞ്ചന വെളിവാക്കുന്നുവെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.