സംവിധായകൻ സച്ചി അന്തരിച്ചു
text_fieldsതൃശൂർ: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (48) അന്തരിച്ചു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈയടുത്ത് പ്രദർശന വിജയം നേടിയ അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകനാണ്.
കഴിഞ്ഞ ദിവസം നടത്തിയ രണ്ട് സര്‍ജറികളിൽ ആദ്യ സര്‍ജറി വിജയകരമായിരുന്നു. രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് ഗുരുതരാവസ്ഥയിലായത്.
തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് കുഴപ്പം സംഭവിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ സ്ഥിതി അതീവഗുരുതരാവസ്ഥയിലായി. രാത്രി 10ഓടെയായിരുന്നു അന്ത്യം.
2007ൽ ചോക്കളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമാണ് സച്ചി തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തത്. റോബിൻഹുഡ്, മേക്കപ്മാൻ, സീനിയേഴ്സ്, ഡബിൾസ് എന്നീ സിനിമകൾക്ക് സച്ചി-സേതു കൂട്ടുകെട്ട് തിരക്കഥയൊരുക്കി.
2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായത്. ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കി. 2015ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ അനാർക്കലിയാണ് സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രം. അയ്യപ്പനും കോശിയും സിനിമയുടെ തിരക്കഥയും സച്ചിയുടേതാണ്.
മുഖ്യമന്ത്രി അനുശോചിച്ചു
മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്‍റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.