ന്യൂനപക്ഷ ക്ഷേമം: വകയിരുത്തിയത് കുന്നോളം, ചെലവിട്ടത് കടുകോളം
text_fieldsതിരുവനന്തപുരം: 2024-25 വർഷം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് വകയിരുത്തിയതിൽ ചെലവഴിച്ച തുക നാമമാത്രം. 73,63,000,00 രൂപ വകയിരുത്തിയതിൽ ഇതുവരെ ചെലവഴിച്ചത് 5,94,94,376 രൂപ മാത്രം. എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് 82,00,000 രൂപ വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് 7,14,00,000 രൂപ അനുവദിച്ചെങ്കിലും വിനിയോഗമുണ്ടായില്ല.
നിയമസഭയിൽ കുറക്കോളി മൊയ്തീന്റെ ചോദ്യത്തിന് മന്ത്രി വി. അബ്ദു റഹിമാൻ നൽകിയ മറുപടിയിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ധനവിനിയോഗ പിന്നാക്കാവസ്ഥ വെളിപ്പെടുന്നത്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ന്യൂനപക്ഷ ഗവേഷണ കേന്ദ്രം സ്ഥാപിക്കൽ (10,00,000 രൂപ), ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി (5,00,00,000 രൂപ), ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ് പദ്ധതിയായ ‘മാർഗദീപം’ (20,00,00,000) എന്നിങ്ങനെ വിഹിതം അനുവദിച്ചെങ്കിലും ചെലവഴിച്ച തുക ‘പൂജ്യമാണ്’.
അതേസമയം ഓഫിസ് ആധുനികവത്കരണത്തിന് 40,00,000 രൂപ വകയിരുത്തിയപ്പോൾ 41,75,525 രൂപ ചെലവഴിച്ചു. സി.എ/സി.എം.എ/സി.എസ് സ്കോളർഷിപ്പിന് 97,00,000 രൂപ അനുവദിച്ചതിൽ 10,07,464 രൂപ വിനിയോഗിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ വിഹിതം 5,00,00,000 രൂപയായിരുന്നെങ്കിലും വിനിയോഗം 1,72,85,000 രൂപയാണ്. വിവാഹപൂർവ കൗൺസലിങ്ങിനും മറ്റുമായി നീക്കിവെച്ച 50,00,000 രൂപയിൽ വിനിയോഗം 28,55,210 രൂപ മാത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.