ഭിന്നശേഷി സംവരണക്കുരുക്ക്; ഇരയായത് 9913 അധ്യാപകർ
text_fieldsതിരുവനന്തപുരം: ഭിന്നശേഷി നിയമനത്തിൽ കുരുങ്ങി നിയമനാംഗീകാരം തടയപ്പെട്ട് 9913 അധ്യാപകർ. മലപ്പുറം ജില്ലയിലാണ് കൂടുതൽ അധ്യാപകരുടെ നിയമനാംഗീകാരം കുരുക്കിലായത് -1,799. പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കിലാണ് ഇത്രയധികം അധ്യാപകർ നിയമനാംഗീകാരമില്ലാതെ ജോലി ചെയ്യുന്നെന്ന വിവരം പുറത്തുവന്നത്. കോഴിക്കോട് 1128ഉം കണ്ണൂരിൽ 1122ഉം പാലക്കാട് 999ഉം കോട്ടയത്ത് 833ഉം അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞു. തിരുവനന്തപുരം 535, കൊല്ലം 497, പത്തനംതിട്ട 163, ആലപ്പുഴ 725, ഇടുക്കി 182, എറണാകുളം 780, തൃശൂർ 808, വയനാട് 99, കാസർകോട് 243 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിയമനാംഗീകാരം ലഭിക്കാത്തവരുടെ എണ്ണം.
1996 ഫെബ്രുവരി ഏഴ് മുതൽ 2017 ഏപ്രിൽ 18 വരെ മൂന്ന് ശതമാനവും 2017 ഏപ്രിൽ 19 മുതൽ നാല് ശതമാനവും ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണം എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടെ നടപ്പാക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. ഈ കാലയളവിൽ ഭിന്നശേഷി വിഭാഗത്തിനുള്ള നിയമനക്കുറവ് (ബാക്ലോഗ്) ഉൾപ്പെടെ നികത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. 2018 നവംബർ 18 മുതൽ നിയമിതരായ അധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാത്തവരായുള്ളത്. ഭിന്നശേഷി സംവരണം സംബന്ധിച്ച കോടതി വിധി നടപ്പാക്കുന്നതിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലും അവ്യക്തതയായിരുന്നു. ഇതോടെ വിദ്യാഭ്യാസ ഓഫിസർമാർ നിയമനാംഗീകാരം നൽകുന്നത് നിർത്തിവെച്ചു. പിന്നീട് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ സ്പഷ്ടീകരണത്തിലും അവ്യക്തത ബാക്കിയായി.
2018 നവംബർ 18നാണ് ഭിന്നശേഷി സംവരണം എയ്ഡഡ് സ്കൂളുകളിലും നിർബന്ധമാക്കി സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കിയത്. ഈ തീയതിക്ക് ശേഷം ഉണ്ടാകുന്ന ഒഴിവുകളിലേക്കാണ് ’96 മുതൽ 2017 വരെ മൂന്ന് ശതമാനം എന്ന രീതിയിലും 2017 ഏപ്രിൽ 19 മുതൽ നാല് ശതമാനവും സംവരണം നടപ്പാക്കാൻ ഉത്തരവിട്ടത്. 2018 നവംബർ 18 മുതൽ നിയമനം നേടിയ അധ്യാപകരുടെ നിയമനാംഗീകാരം ഇതോടെ തടയപ്പെട്ടു. 2019ൽ നടത്തിയ തസ്തിക നിർണയത്തെ തുടർന്നുണ്ടായ അധിക തസ്തികകളിലെ ഉൾപ്പെടെ നിയമനാംഗീകാരമാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.
സർക്കാറിന് താൽപര്യക്കുറവ്
ഭിന്നശേഷി സംവരണ സംബന്ധിച്ച ഹൈകോടതി വിധി സ്കൂൾ അധ്യാപക നിയമനാംഗീകാരത്തിനുണ്ടാക്കിയ തടസ്സം നീക്കുന്നതിൽ സർക്കാറിന് താൽപര്യക്കുറവുണ്ടെന്നാണ് ആക്ഷേപം. ഇത്രയും അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നത് വഴി ഖജനാവിനുണ്ടാകുന്ന ഭാരം തന്നെയാണ് പ്രധാന കാരണം. ഹൈകോടതി ഉത്തരവിനെ തുടർന്ന് ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും ഡയറക്ടറും ഇറക്കിയ ഉത്തരവുകളിലെല്ലാം അവ്യക്തതകൾ ഏറെയായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഓഫിസർമാർ നിയമനാംഗീകാര ഫയലുകൾ ഒന്നടങ്കം മാറ്റിവെച്ചു. കോവിഡിനെ തുടർന്ന് 2020ലും 2021ലും സ്കൂൾ തുറക്കാത്തതിനാൽ 2019ലെ തസ്തിക നിർണയം തന്നെയാണ് തുടർന്നത്. എന്നാൽ 2022ൽ സ്കൂൾ പൂർണാർഥത്തിൽ പ്രവർത്തനം തുടങ്ങിയിട്ടും ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണമനുസരിച്ചുള്ള തസ്തിക നിർണയ നടപടികൾ അനിശ്ചിതമായി നീളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.