ഭിന്നശേഷി സംവരണം; അധ്യാപകനിയമനാംഗീകാരം തടയുന്ന സർക്കുലർ മരവിപ്പിച്ചു
text_fieldsതിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 2021 നവംബർ എട്ടിനു ശേഷമുള്ള സ്ഥിരംനിയമനങ്ങൾ തടയുന്ന രീതിയിൽ പുറപ്പെടുവിച്ച സർക്കുലറിലെ തുടർനടപടികൾ നിർത്തിവെക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. നവംബർ 30ന് പുറപ്പെടുവിച്ച സർക്കുലറിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് പ്രശ്നത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടിരുന്നു.
മാനേജ്മെന്റ് അസോസിയേഷനുകളുമായി ചർച്ചക്ക് നിർദേശിച്ച മന്ത്രി സർക്കുലറിലെ നടപടികൾ മരവിപ്പിക്കാനും ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. മാനേജ്മെന്റ് അസോസിയേഷനുകളുമായുള്ള ചർച്ചക്കുശേഷമാണ് സർക്കുലറിലെ നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശംനൽകി പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതുവരെ 2021 നവംബർ എട്ടിനു ശേഷമുള്ള മറ്റ് നിയമനങ്ങൾ ദിവസവേതനാടിസ്ഥാനത്തിൽ മാത്രമേ നടത്താൻ പാടുള്ളൂവെന്നും മാനേജർമാർ നിയമന ഉത്തരവ് ദിവസവേതനാടിസ്ഥാനത്തിൽ തന്നെ നൽകുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നുമായിരുന്നു ഡയറക്ടറുടെ സർക്കുലറിൽ നിർദേശിച്ചത്.
ഹൈകോടതി വിധിക്ക് വിരുദ്ധമായി ദിവസവേതനാടിസ്ഥാനത്തിലല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കിനൽകാനും നിർദേശമുണ്ടായിരുന്നു. ഇത്തരം നിയമന ഉത്തരവുകൾ ദിവസവേതനാടിസ്ഥാനത്തിലാക്കി സമർപ്പിക്കുമ്പോൾ മറ്റ് വിധത്തിൽ അർഹതയുണ്ടെങ്കിൽ അംഗീകരിച്ചുനൽകണമെന്നുമായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.
ഇതോടെ, 2021 നവംബർ എട്ടിനു ശേഷം നിയമനാംഗീകാരം ലഭിച്ച അധ്യാപകർ ഒന്നടങ്കം പ്രതിസന്ധിയിലായിരുന്നു. സ്കൂളുകളിലെ സ്ഥിരം ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകാനാകില്ലെന്നും ഇത് വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും മാനേജ്മെന്റ് അസോസിയേഷനും ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.