ഭിന്നശേഷിക്കാർക്ക് ഇനി അടിയന്തര സഹായം; ‘പരിരക്ഷ’യിലൂടെ
text_fieldsകൊച്ചി: ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്. അംഗപരിമിതരുടെ അവകാശങ്ങൾ (ആർ.പി.ഡബ്ല്യു.ഡി) സംബന്ധിച്ച നിയമത്തിലെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ‘പരിരക്ഷ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സാമൂഹികനീതി വകുപ്പ് അധികൃതർ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന അംഗപരിമിതർക്ക് മറ്റുള്ളവരേക്കാൾ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും ഇതിന് സംസ്ഥാന സർക്കാറുകൾ പ്രത്യേക നടപടിയെടുക്കണമെന്നുമാണ് ആർ.പി.ഡബ്ല്യു.ഡി നിയമത്തിലെ നിർദേശം. ഇതിെൻറ ചുവടുപിടിച്ചാണ് ‘പരിരക്ഷ’ക്ക് രൂപം നൽകിയത്. പദ്ധതിപ്രകാരം ഭിന്നശേഷിക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലൻസ് സേവനം, വസ്ത്രം, ഭക്ഷണം തുടങ്ങിയ സഹായങ്ങൾ ലഭ്യമാക്കും. ഇതിനായി ജില്ല സാമൂഹികനീതി ഒാഫിസർമാർക്ക് ഫണ്ട് അനുവദിക്കും. കലക്ടർ ചെയർമാനായ നിരീക്ഷണ സമിതിയുടെ അംഗീകാരത്തിന് വിധേയമായി അർഹരായവർക്ക് സഹായം എത്തിക്കുന്നതിന് ഫണ്ട് വിനിയോഗിക്കാൻ ഒാഫിസർമാർക്ക് അധികാരമുണ്ട്. പരമാവധി 25,000 രൂപയുടെ സഹായമാണ് ഒറ്റത്തവണ അനുവദിക്കാൻ കഴിയുക. നിരീക്ഷണ സമിതിയുടെ മുൻകൂർ അനുമതിയോടെ തുകയുടെ പരിധി ഉയർത്താനും വ്യവസ്ഥയുണ്ട്.
സഹായം ലഭിക്കാൻ വരുമാനം മാനദണ്ഡമല്ല. എന്നാൽ, 40 ശതമാനത്തിലധികം വൈകല്യമുള്ളവരായിരിക്കണം. പ്രകൃതിദുരന്തങ്ങൾ, ആസിഡ് ആക്രമണം പോലുള്ള സംഭവങ്ങൾ, റോഡപകടങ്ങൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലെല്ലാം ഭിന്നശേഷിക്കാർക്ക് സഹായത്തിന് അർഹതയുണ്ട്. 70 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ മറ്റ് വിശദാംശങ്ങൾക്ക് ഉടൻ അന്തിമരൂപമാകും. സംസ്ഥാനത്തെ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുന്നതിെൻറ ഭാഗമായാണ് പദ്ധതി. സർക്കാറിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘പരിരക്ഷ’ക്ക് തുടക്കമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.