വിയോജിപ്പുകൾ ആവർത്തിച്ച് ആർ.വി.ജി. മേനോൻ
text_fieldsതിരുവനന്തപുരം: സിൽവർലൈൻ വിഷയത്തിൽ എതിർപ്പുന്നയിക്കുന്ന വിദഗ്ധരുമായി സർക്കാർ സംവാദത്തിന് തയാറെടുക്കവേ വിയോജിപ്പ് ആവർത്തിച്ച് ആർ.വി.ജി. മേനോൻ. പാനൽ ചർച്ചകളിലൂടെ ഒരു കാര്യത്തിലും തീരുമാനത്തിലെത്താൻ കഴിയില്ല. തീരുമാനമെടുക്കേണ്ടവർ വേറെ ആരെങ്കിലുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പാനലിൽ വരുന്ന, സർക്കാർ നിയോഗിക്കുന്ന ആളുകൾ ആകണമെന്നില്ല തീരുമാനമെടുക്കുന്നത്. അവർ വേണ്ടത്ര ശ്രദ്ധിക്കാത്ത കാര്യങ്ങൾ പാനൽ ചർച്ചയിൽ വരുമ്പോൾ അവയുടെ വെളിച്ചത്തിൽ പുനർവിചിന്തനത്തിന് തയാറാകുമെങ്കിൽ നല്ലത്. ഭയമില്ലാതെ സ്വതന്ത്രമായി അഭിപ്രായം പറയുന്ന ചർച്ചകൾ ഉണ്ടാകണം. എങ്കിൽ മാത്രമേ എല്ലാ കാഴ്ചപ്പാടുകളും പ്രതിഫലിക്കൂ. ഇപ്പോഴെങ്കിലും ജനാഭിപ്രായം സ്വീകരിക്കുന്നത് നല്ല കാര്യം.
വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെറും സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചല്ല. ആരുടെയോ സ്വപ്നമാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. അതു ജനങ്ങളുടെ സ്വപ്നമാകണം. എങ്കിൽ മാത്രമേ ജനങ്ങൾ അതിനുവേണ്ടി ത്യാഗം സഹിക്കാൻ തയാറാകൂ. എന്തുവിലകൊടുത്തും നടപ്പാക്കും എന്നു പറയുന്നത് ശാസ്ത്രീയ നിലപാടല്ല. നവകേരളത്തിലുണ്ടാകുന്ന വികസനം ഇതുവരെ നമ്മൾ ചെയ്ത പല തെറ്റുകളും തിരുത്തുംവിധമാകണം. അത്തരം തിരുത്തലുകളുടെ ലക്ഷണമൊന്നും കാണുന്നില്ല.
ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് അതിവേഗ പാതയല്ല, ഇപ്പോഴുള്ള പാത ഇരട്ടിപ്പിക്കലും ഒപ്പം സിഗ്നലിന്‍റെ ആധുനീകരണവുമാണ് വേണ്ടത്. സിൽവർ ലൈനോ അല്ലെങ്കിൽ ബുള്ളറ്റ് ട്രെയിനോ പോലെ സ്റ്റോപ് കുറഞ്ഞ ട്രെയിനുകളല്ല നമുക്ക് ആവശ്യം.
സിൽവർ ലൈൻ ഡി.പി.ആറിൽ , സാധാരണ ഗതിയിൽ കാണേണ്ട പല സംഗതികളും ഇല്ല. ബദലുകളുടെ പരിശോധനയാണ് ഡി.പി.ആറിലെ പ്രധാന ഘടകം. സിൽവർ ലൈൻ വന്നില്ലെങ്കിൽ ഇപ്പോൾ ഓടുന്ന ട്രെയിൻ അതേ പടി ഓടും എന്നാണ് പറയുന്നത്. ഇതൊരു ബദലല്ല. വേണ്ടത്ര പാരിസ്ഥിതിക പഠനം നടന്നില്ല. അത് ഈ ഡി.പി.ആറിൽ കാണുന്നുമില്ല. പ്രതിദിനം 80,000ത്തോളം യാത്രക്കാർ ഉണ്ടാകുമെന്നാണ് പറയുന്നത്. ഇതിനെക്കാളും ജനസാന്ദ്രതയും വ്യവസായങ്ങളുമുള്ള മുംബൈ-അഹ്മദാബാദ് പാതയിൽ ഇതിന്‍റെ പകുതി യാത്രക്കാരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ- അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.