കേരളത്തിന് നിരാശ; സ്പെഷൽ ട്രെയിൻ ഒന്ന്
text_fieldsന്യൂഡൽഹി: കേരള എം.പിമാരുടെ നിരന്തര മുറവിളികൾക്കൊടുവിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് അനുവദിച്ചത് ഒരേയൊരു സ്പെഷൽ ട്രെയിൻ. മുംബൈ - കൊച്ചുവേളി റൂട്ടിൽ ഒരേയൊരു സ്പെഷൽ ട്രെയിൻ അനുവദിച്ച റെയിൽവേ മന്ത്രാലയം ആയിരക്കണക്കിന് മലയാളികൾ ക്രിസ്മസ്, ശൈത്യകാല അവധികൾക്കായി നാട്ടിൽ പോകാൻ പ്രയാസപ്പെടുന്ന ഡൽഹിയിൽനിന്നോ ആയിരക്കണക്കിന് മലയാളികൾ ട്രെയിനുകളെ ആശ്രയിക്കുന്ന ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നോ ഒരു സ്പെഷൽ ട്രെയിൻപോലും അനുവദിച്ചില്ല.
01463/64 നമ്പർ ട്രെയിൻ ഈ മാസം 19 മുതൽ ജനുവരി 11 വരെ മുംബൈ ലോകമാന്യ തിലക് ടെർമിനലിനും കൊച്ചുവേളി ടെർമിനലിനുമിടയിൽ സർവിസ് നടത്തുമെന്ന് റെയിൽവേ വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ആകെ എട്ട് സർവിസുകളായിരിക്കും ഉണ്ടാകുകയെന്നും അവർ കൂട്ടിച്ചേർത്തു. കോച്ചുകളുടെ ലഭ്യതയും മറ്റു പശ്ചാത്തല സൗകര്യങ്ങളും കൂടി പരിഗണിച്ച് കേരളത്തിന് ക്രിസ്മസ് അവധിക്കാലത്ത് അനുവദിക്കാവുന്ന സ്പെഷൽ ട്രെയിൻ അനുവദിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയിരുന്നതായി ഈ ആവശ്യവുമായി അദ്ദേഹത്തെ കണ്ട കേരളത്തിൽനിന്നുള്ള എം.പിമാർ നേരത്തേ അറിയിച്ചിരുന്നു. ഈയാഴ്ചയെങ്കിലും പ്രത്യേക ട്രെയിൻ ഉണ്ടാകുമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. നാട്ടിലെത്താൻ വഴിയില്ലാതെ രാജ്യ തലസ്ഥാനത്ത് കുടുങ്ങിയ മലയാളികളും ഡൽഹി സർവകലാശാല, ജാമിഅ മില്ലിയ സർവകലാശാല, ജവഹർ ലാൽ നെഹ്റു സർവകലാശാല, അലീഗഢ് മുസ്‍ലിം സർവകലാശാല തുടങ്ങിയ കേന്ദ്ര സർവകലാശാലകളിലെ ആയിരക്കണക്കിന് മലയാളി വിദ്യാർഥികൾ ഈയാഴ്ച ട്രെയിൻ വരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, സ്പെഷൽ ട്രെയിൻ മുംബൈയിൽനിന്നുള്ള ഒറ്റ ഒന്നിലൊതുക്കിയതോടെ ആ പ്രതീക്ഷയാണ് അസ്തമിച്ചത്.
ക്രിസ്മസ് അവധിക്കാലത്ത് മുംബൈയിൽനിന്നുള്ള ഈ ഒരു ട്രെയിൻ കേരളത്തിലേക്കുള്ള യാത്രക്കാരുടെ ആവശ്യത്തിനുള്ള പരിഹാരമാവില്ലെന്നും കൂടുതൽ ട്രെയിനുകൾക്കായി സമ്മർദം ശക്തമാക്കുമെന്നും തിങ്കളാഴ്ചയും പാർലമെന്റിൽ വിഷയമുന്നയിച്ച കോഴിക്കോട് എം.പി എം.കെ രാഘവൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ക്രിസ്മസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് വടക്കൻ കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് എം.കെ. രാഘവൻ തിങ്കളാഴ്ച ശൂന്യവേളയിൽ ആവശ്യപ്പെടുകയും ചെയ്തു. മെട്രോ നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് ട്രെയിനുകളുടെ അഭാവം ക്രിസ്മമസ് അവധിക്കാലത്ത് തിരക്ക് വർധിക്കുന്ന സാഹചര്യമാണുള്ളത്. റിസർവേഷൻ ലഭ്യമാകാത്ത സാഹചര്യം മുതലെടുത്ത് ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള സ്വകാര്യ ബസ് ലോബികൾ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി ജനങ്ങളെ പിഴിയുകയാണ്. തിരക്ക് ലഘൂകരിക്കാൻ കേരളത്തിൽ അധിക മെമു സർവിസുകളും എക്സ്പ്രസ് സർവിസുകളും അനുവദിക്കണമെന്നും രാഘവൻ ലോക്സഭയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.