പാഠം ഒന്ന് ദുരന്തനിവാരണം; വയനാട്ടില്‍ നിന്നൊരു മാതൃക
text_fieldsകല്പറ്റ: എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബുകള്‍ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് ഇടം പിടിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്ത ലഘൂകരണ പദ്ധതികളിലൊന്നായ സ്‌കൂള്‍ ദുരന്ത നിവാരണ ക്ലബ് ഇനി നാടിന് മാതൃകയാകും. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലാണ് ദുരന്തനിവാരണ ക്ലബ്ബുകള്‍.
ഒരു വിദ്യാലയത്തില്‍ നാല്‍പ്പത് കുട്ടികള്‍ വരെയാണ് ഡി.എം.ക്ലബ്ബില്‍ ഉള്‍പ്പെടുക. 198 സ്‌കൂളുകളില്‍ നിന്നായി 6000 ത്തോളം കുട്ടികള്‍ ക്ലബിന്റെ ഭാഗമായി. ഓരോ മാസവും ഓരോ ദുരന്തങ്ങളെക്കുറിച്ചുള്ള അറിവുകള്‍, നിവാരണങ്ങള്‍ സെമിനാറുകളിലൂടെയും സ്ഥല സന്ദര്‍ശനത്തിലൂടെയും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളില്‍ ചെറിയ പ്രായം മുതല്‍ അവബോധം നല്‍കുക എന്നതാണ് ലക്ഷ്യം. പ്രത്യേക ഗൈഡ്, പാഠ്യഭാഗങ്ങള്‍, ചാര്‍ജ് ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം, ക്ലബ് എങ്ങനെ പ്രവര്‍ത്തിക്കും തുടങ്ങി വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കൈപുസ്തകവും വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിനും മഴമാപിനി, ഫസ്റ്റ് എയിഡ് കിറ്റ്, യൂണിഫോം എന്നിവ കൈമാറും.
ഡി.എം.മൂപ്പന്‍സ് മെഡിക്കല്‍ കോളേജും, കെ.ജി.എം.ഒ. എയും ഈ ഉദ്യമത്തിലേക്ക് സഹകരിക്കുന്നു. ഒരുവിദ്യാലയത്തില്‍ രണ്ട് അധ്യാപകര്‍ക്കായിരിക്കും ക്ലബ്ബിന്റെ ചുമതല. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, ജില്ലാ അടിയന്തിര കാര്യനിര്‍വഹണ വിഭാഗം, വിദ്യാഭ്യസ ഉപ ഡയറക്ടര്‍, സ്‌കൂള്‍ പ്രധാനധ്യാപകര്‍, തുടങ്ങിയവര്‍ ക്ലബ്ബിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ഈ ക്ലബ്ബില്‍ നിന്നുമുള്ള പ്രവൃത്തി പരിചയം കുട്ടികളെ മാനസികമായും, ശാരീരിരകമായും ശക്തീകരിക്കും. ഡി.എം ക്ലബ്ബില്‍ പങ്കാളിത്തമുള്ള കുട്ടികള്‍ക്ക്
വിദഗ്ദ പരിശീലനം ലഭിക്കുന്നതിനാല്‍ ദുരന്ത സമയത്തും, അല്ലാത്തപ്പോഴും കര്‍മ്മധീരരായി പ്രവര്‍ത്തിക്കാന്‍ കുട്ടികളെ മാനസികമായും ശാരീരികമായും തയ്യാറാക്കാനും ഡി.എം.ക്ലബ്ബുകള്‍ക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.