നോക്കുകുത്തിയായി ദുരന്ത നിവാരണ അതോറിറ്റി
text_fieldsകൊച്ചി: സംസ്ഥാനത്ത് 2018 മുതൽ വർഷാവർഷം ദുരന്തം പെയ്തിറങ്ങുമ്പോഴും നോക്കുകുത്തിയായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മലിനീകരണ നിയന്ത്രണ ബോർഡ് പോലെ ദുരന്ത നിവാരണ അതോറിറ്റിയും സർക്കാറിനെ സേവിക്കാനുള്ള സംവിധാനമായി ചുരുങ്ങിയെന്നാണ് ആക്ഷേപം. മുൻ ദുരന്തങ്ങളിലേത് പോലെ നഷ്ടപരിഹാരം നൽകുകമാത്രമാണ് സർക്കാറിെൻറ മുന്നിലുള്ള ഏകവഴി. മറ്റ് സംസ്ഥാനങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തി മെച്ചപ്പെട്ട നിലയിൽ സമാന അതോറിറ്റി പ്രവർത്തിക്കുമ്പോൾ വ്യക്തമായ പ്ലാനോ പദ്ധതിയോ ഇല്ലാത്ത സ്ഥിതിയാണ് ഇവിടെ.
പെട്ടിമുടി, കവളപ്പാറ, പുത്തുമല ദുരന്തങ്ങളിൽനിന്ന് പാഠം പഠിക്കാനും തയാറായിട്ടില്ല. 1970കൾ മുതലാണ് ദുരന്തം സമൂഹത്തിലുണ്ടാക്കുന്ന ആഘാതം തിരിച്ചറിഞ്ഞ് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തുടങ്ങിയത്. സാമൂഹിക, സാമ്പത്തിക, സാമൂഹിക ആഘാതം വിലയിരുത്തിയാണ് ഒട്ടുമിക്ക രാജ്യങ്ങളിലും പ്ലാൻ തയാറാക്കുന്നത്. എന്നാൽ, കേരളം ഇപ്പോഴും 1960 കളിലെ മോഡൽ പിന്തുടരുന്നുവെന്നാണ് ആക്ഷേപം.
ദുരന്ത നിവാരണ മാനേജ്മെൻറ് പ്ലാൻ തയാറാക്കുക മാത്രമാണ് സംസ്ഥാനത്ത് ചെയ്തത്. നവകേരള പദ്ധതിയിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുപണിയാനാണ് സർക്കാർ തീരുമാനിച്ചത്. ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം നൽകാൻ സർക്കാറിനും അതോറിറ്റിക്കും കഴിയുന്നില്ല. സംസ്ഥാനത്തെ പുതിയ സാമ്പത്തിക മേഖലയാണ് പശ്ചിമഘട്ടം.
പുതിയ വികസനത്തിനായി വൻതോതിൽ പരിസ്ഥിതി തകർക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ അനുമതിയോടെ അവിടെ നടക്കുന്നുണ്ട്. കാലാവസ്ഥ മാറ്റങ്ങൾ തുടരുമെന്നും പശ്ചിമഘട്ടത്തിൽ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും ദുരന്തങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും മുൻകൂട്ടി കണ്ട് ശാശ്വതവും ശാസ്ത്രീയവുമായ മുൻകരുതലുകൾ എടുക്കേണ്ടത് അതോറിറ്റിയാണ്. ആ ഉത്തരവാദിത്തം അവർ നിർവഹിക്കുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.