ദുരന്ത നിവാരണ സാക്ഷരത യജ്ഞം നടത്തും -മന്ത്രി
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരത യജ്ഞം നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെയായിരിക്കും യജ്ഞം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ല പഞ്ചായത്തും ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് നടത്തിയ 'ദുരന്തനിവാരണവും പ്രാദേശിക സർക്കാറുകളും' എന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളം കലണ്ടർ അനുസരിച്ച് നീങ്ങിയിരുന്ന കേരളത്തിലെ കാലാവസ്ഥ തകിടംമറിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ദുരന്തനിവാരണ സാക്ഷരത യജ്ഞത്തിന് സർക്കാർ ഒരുങ്ങുകയാണെന്ന് മന്ത്രി അറിയിച്ചു. ദുരന്തനിവാരണത്തിന്റെ അനിവാര്യത ജനങ്ങൾക്കുതന്നെ ബോധ്യമായിട്ടുണ്ട്. യുവാക്കളെയും വിദ്യാർഥികളെയും ഉൾച്ചേർത്തുകൊണ്ടായിരിക്കും യജ്ഞം നടപ്പാക്കുക. ദുരന്തങ്ങൾ നേരിടാൻ പഞ്ചായത്തുകൾ തോറും ജീവൻരക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ വളന്റിയർമാരെ സജ്ജമാക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി മുഖ്യപ്രഭാഷണം നടത്തി. പൊലീസ് ഡെപ്യൂട്ടി കമീഷണർ ഡോ. എ. ശ്രീനിവാസ്, ജില്ല പൊലീസ് സൂപ്രണ്ട് (റൂറൽ) ആർ. കറുപ്പസാമി, ജില്ല ഫയർ ഓഫിസർ കെ.എം. അഷ്റഫ് അലി എന്നിവർ പങ്കെടുത്തു.
കില ലെക്ചറർ സി. വിനോദ്കുമാർ 'ദുരന്തനിവാരണവും പ്രാദേശിക സർക്കാറുകളും' എന്ന വിഷയവും സി.ഡബ്ല്യു.ആർ.ഡി.എം സയന്റിസ്റ്റ് ഡോ. പി.ആർ. അരുൺ 'ഉരുൾപൊട്ടൽ സാധ്യതകൾ-അവലോകനം' എന്ന വിഷയവും ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി, ഹസാർഡ് അനലിസ്റ്റ് പി. അശ്വതി, എൻ.സി.ആർ.എം.പി കെ.വി. റഷീന എന്നിവർ 'ഓറഞ്ച് ബുക്ക് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്' എന്ന വിഷയവും അവതരിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ പരിശീലനവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.