പ്രളയ ദുരിതാശ്വാസത്തിന് കിട്ടിയ കോടികൾക്ക് കണക്കില്ല; എറണാകുളം കലക്ടറേറ്റിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവരുടെ വിവരവും തുകയും രേഖപ്പെടുത്തിയ രജിസ്റ്ററുകൾ കാണാനില്ല. 2018ലെ പ്രളയകാലത്ത് ഉൾപ്പെടെ ലഭിച്ച കോടിക്കണക്കിന് രൂപയുടെ വിവരങ്ങളാണ് എറണാകുളം കലക്ടറേറ്റിൽനിന്ന് അപ്രത്യക്ഷമായത്. എറണാകുളം ജവാൻ ക്രോസ് റോഡ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ നിവേദനത്തെതുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.
ധനകാര്യ പരിശോധനസംഘം കലക്ടറേറ്റിലും ജില്ലയിലെ വിവിധ താലൂക്ക് ഓഫിസുകളിലും പരിശോധിച്ചപ്പോഴാണ് ഫയലുകൾ കാണാനില്ലെന്ന് വ്യക്തമായത്. അതേസമയം, കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നിരിക്കാവുന്ന സംഭവത്തിൽ, നിലവിൽ 2018ലെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസിൽ പ്രതിയായതിനെത്തുടർന്ന് സസ്പെൻഷനിലായ സെക്ഷൻ ക്ലർക്കിനെ പഴിചാരി ഉന്നതരെ രക്ഷപ്പെടുത്താനാണ് നീക്കം. സർക്കാർ സർക്കുലറിലെ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടർ കെ. ചന്ദ്രശേഖരൻ നായർ, ജൂനിയർ സൂപ്രണ്ട് എ.എസ്. മീനാകുമാരി, ക്ലർക്ക് വിഷ്ണു പ്രസാദ് എന്നിവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പരിശോധന സംഘം ശിപാർശ ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2018 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31 വരെ സംഭാവന നൽകിയതിന്‍റെ വിവരങ്ങളാണ് പരിശോധനക്ക് ആവശ്യപ്പെട്ടത്. 2018 ഏപ്രിൽ ഒന്നുമുതൽ 2020 ഫെബ്രുവരി മൂന്നുവരെ ലഭിച്ചതിന്‍റെ വിവരങ്ങൾ കലക്ടറേറ്റിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. സംഭാവന സ്വീകരിച്ച് ദാതാവിന് നൽകിയ രസീതും പരിശോധനക്ക് ലഭിച്ചില്ല. 2018-19 കാലത്ത് പ്രളയം ഗുരുതരമായി ബാധിച്ച എറണാകുളം ജില്ലയിൽ, ധാരാളം തുക സംഭാവന നൽകിയിരുന്നു.
ചിലർ പണവും കുറേപ്പേർ സ്വർണവും നൽകി. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പരിശോധനസംഘത്തിന് ആദ്യം നൽകിയില്ല. ഒടുവിൽ 2021 സെപ്റ്റംബർ ഏഴിനാണ് നൽകിയത്. വിജിലൻസ് അന്വേഷണത്തെതുടർന്ന് ഇപ്പോൾ സസ്പെൻഷനിലുള്ള സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദാണ് എല്ലാത്തിനും ഉത്തരവാദി എന്നാണ് ഈ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. രജിസ്റ്റർ വിഷ്ണുപ്രസാദാണ് തയാറാക്കിയത്.
എന്നാൽ, രജിസ്റ്റർ കലക്ടറെ അടക്കം ബോധ്യപ്പെടുത്തിയതാണെന്ന് വിഷ്ണുപ്രസാദ് മൊഴിനൽകി. വിഷ്ണുപ്രസാദ് അറസ്റ്റിലായ കാലയളവിലാകും രജിസ്റ്ററുകൾ കാണാതാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാവുകയെന്നുമാണ് സി.എം.ഡി.ആർ.എഫ് സെക്ഷന്റെ ചുമതല ഉണ്ടായിരുന്ന ജൂനിയർ സൂപ്രണ്ട് എ.എസ്. മീനാകുമാരി മൊഴി നൽകിയത്. 2019 ആഗസ്റ്റ് ഏഴുമുതൽ 2020 ജൂലൈ 15 വരെ ജൂനിയർ സൂപ്രണ്ടായിരുന്ന പി.എ. അഷ്റഫ്, മറ്റ് തിരക്കുകൾ കാരണം രജിസ്റ്റർ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.
2019 ഫെബ്രുവരി ഒന്നുമുതൽ 2020 ജൂൺ 15 വരെ ഡെപ്യൂട്ടി കലക്ടറുടെ ചുമതല വഹിച്ചിരുന്ന കെ. ചന്ദ്രശേഖരൻ നായർ, സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദ് കലക്ടർക്ക് നേരിട്ട് ഫയൽ വിവരങ്ങൾ കൈമാറുകയായിരുന്നുവെന്ന് മൊഴി നൽകി.
ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച
കൊച്ചി: ദുരിതാശ്വാസ നിധി സംഭാവന രജിസ്റ്റർ കാണാതായതിൽ ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച. 2018 സെപ്റ്റംബറിൽ സംഭാവന പണമായി സ്വീകരിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നിട്ടും താലൂക്ക് ഓഫിസുകളിൽ അടക്കം സംഭാവന പണമായി സ്വീകരിച്ചു. ലഭിച്ച സംഭാവനകളുടെ പൂർണ വിവരങ്ങൾ ഒരിടത്തും ലഭ്യമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടിൽ നിക്ഷേപിച്ചത് സംബന്ധിച്ച വിവരങ്ങളുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.