ദുരിതാശ്വാസനിധി ക്രമക്കേട്: കേസ് അവസാനിപ്പിക്കണമെന്ന് സർക്കാർ ലോകായുക്തയോട്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം ചട്ടം മറികടന്ന് സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന ഹരജിക്ക് അടിസ്ഥാനമില്ലെന്നും അതിനാൽ കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും സർക്കാർ ലോകായുക്ത മുമ്പാകെ ആവശ്യപ്പെട്ടു.
സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മന്ത്രിസഭ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പണം നൽകാൻ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനം ഗവർണർക്കും കൈമാറി. ഇതിനുശേഷമാണ് ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിച്ചതെന്നും സർക്കാർ വിശദീകരിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറൂൺ ആർ. റഷീദ് എന്നിവർക്ക് മുമ്പാകെ സർക്കാർ അറ്റോണിയാണ് ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കിയത്.
മന്ത്രിസഭ യോഗതീരുമാന പ്രകാരമല്ല ഇതെന്ന പരാതിക്കാരന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം മുഖ്യമന്ത്രിക്കുണ്ട്. നിയമപരമായി നടപ്പാക്കേണ്ട കാര്യങ്ങൾ മാത്രമേ നടപ്പാക്കിയിട്ടുള്ളൂ എന്നും അറിയിച്ചു. എന്നാൽ, തീരുമാനം 'ഔട്ട് ഓഫ് അജണ്ട' അനുസരിച്ചാണ് എന്ന ആരോപണത്തിൽ പരാതിക്കാരനായ ആർ.എസ്. ശശികുമാർ ഉറച്ചുനിന്നു. ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും അദ്ദേഹം ആവർത്തിച്ചു.
ആരോപണത്തിൽ പറയുന്ന മൂന്ന് വ്യക്തികളുമായി മുഖ്യമന്ത്രിക്ക് വ്യക്തിപരമായ ബന്ധമുണ്ടോ, അതോ ഇവർ പണം വാങ്ങിയശേഷം എടുത്ത തീരുമാനമാണെന്ന ആരോപണം മന്ത്രിസഭയിലെ ആർക്കെങ്കിലും ഉണ്ടോയെന്നും പരാതിക്കാരനോട് ലോകായുക്ത ആരാഞ്ഞു. ഹരജി ഫയൽ ചെയ്തപ്പോൾ മന്ത്രിസഭ യോഗത്തിലെ മുഴുവനാളുകളെയും പ്രതിപ്പട്ടികയിൽ ചേർക്കാതെ, ചിലരെ മാത്രം ചേർത്തത് എന്തുകൊണ്ടാണെന്നും സംശയം പ്രകടിപ്പിച്ചു. ഓർഡിനൻസ് നിലവിൽ വന്ന സാഹചര്യത്തിൽ, കേസ് തിടുക്കത്തിൽ പരിഗണിക്കേണ്ട കാര്യമുണ്ടോയെന്നും ഉപലോകായുക്ത പരാതിക്കാനോട് ചോദിച്ചു.
ദുരിതാശ്വാസനിധിയിൽനിന്ന് തുക അനുവദിച്ചത് മന്ത്രിസഭ തീരുമാനപ്രകാരമായതിനാൽ പ്രസ്തുത തീരുമാനം അന്വേഷിക്കാൻ ലോകായുക്തക്ക് അധികാരമില്ലെന്ന് സർക്കാർ അറ്റോണി ടി.എ. ഷാജി കോടതിയെ അറിയിച്ചു. 1983 ലെ കരുണാകരൻ മന്ത്രിസഭയും ദുരിതാശ്വാസനിധിയിൽനിന്ന് പണം നൽകിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പാതിരപ്പിള്ളി കൃഷ്ണകുമാരി പറഞ്ഞു. കെ.പി. ജോർജ്, ടി.കെ. ദിവാകരൻ, സി.എച്ച്. മുഹമ്മദ് കോയ എന്നിവരുടെ ആശ്രിതർക്ക് സർക്കാർ പണം ദുരിതാശ്വാസനിധിയിൽനിന്ന് നൽകിയിരുന്നു. വി.കെ. വേലപ്പൻ, മുഹമ്മദ് കുരുക്കൾ, ജോൺ ജേക്കബ് എന്നിവരുടെ അപേക്ഷകൾ നിരസിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ ലോകായുക്തക്ക് മറുപടി നൽകി. നിയമസഭ സമ്മേളനസമയത്ത് എം.കെ. പ്രേമചന്ദ്രന്റെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് ഇത് പരാമർശിക്കുന്നതെന്നും സർക്കാർ അഭിഭാഷക കൂട്ടിച്ചേർത്തു.
എന്നാൽ, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് കേസിൽ എതിർ കക്ഷികളാക്കിയിട്ടുള്ളതെന്നും അവർ പൊതുപ്രവർത്തകർ എന്ന നിലയിൽ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു. ഹരജിക്കാരന്റെയും സർക്കാറിന്റെയും വാദങ്ങൾ സാധൂകരിക്കുന്ന കോടതിയുടെ മുൻ ഉത്തരവുകൾ ഹാജരാക്കാൻ ലോകായുക്ത ഇരുകൂട്ടർക്കും നിർദേശം നൽകി.
എൻ.സി.പി നേതാവ് ഉഴവൂർ വിജയനും, 2017 ഒക്ടോബർ നാലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസുകാരനും 2018 ജനുവരി 24 ന് ചെങ്ങന്നൂർ മുൻ എം.എൽ.എ എ. രാമചന്ദ്രന്റെ കുടുംബത്തിനും ദുരിതാശ്വാസനിധിയിൽനിന്നുള്ള തുക വഴിവിട്ട് നൽകിയതായാണ് ഹരജിയിൽ ആരോപിക്കുന്നത്. കേസിന്റെ തുടർവാദം ഫെബ്രുവരി 25 ന് ലോകായുക്ത വീണ്ടും പരിഗണിക്കും.
ഓർഡിനൻസിൽ നിയമവിരുദ്ധമായി ഒന്നുമില്ല -ഗവർണർ
ന്യൂഡൽഹി: ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ടതിന് വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിൽ ഒപ്പിടേണ്ടത് ഭരണഘടനാപരമായി തന്റെ ചുമതലയാണ്. മൂന്നാഴ്ചയിലേറെ ബിൽ തന്റെ പരിഗണനയിലായിരുന്നു. നിയമവിരുദ്ധമായി ഒന്നും കാണാൻ കഴിഞ്ഞില്ല.
ജനാധിപത്യപരമായി അധികാരത്തിൽ വന്ന മന്ത്രിസഭയുടെ ശിപാർശ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. ഓർഡിനൻസിനെക്കുറിച്ച് തനിക്ക് വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാവും. നിയമഭേദഗതിയുടെ ഗുണദോഷ വശങ്ങളിലേക്ക് താൻ കടക്കുന്നില്ലെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പ്രതിഷേധം നിലനിൽക്കേ ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചത് വിമർശനം ഉയർത്തിയിരുന്നു. ലോകായുക്ത നിയമത്തിന്റെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ഗവർണർ അംഗീകരിക്കുകയായിരുന്നു.
അഴിമതി തടയാൻ ലോകായുക്ത നിയമത്തിൽ 22 വർഷമായി ഉണ്ടായിരുന്ന വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.