പ്രകൃതിദുരന്ത രക്ഷാപ്രവർത്തനം; വില്ലേജ് ജീവനക്കാർ ഇനി ഓറഞ്ച് കോട്ടിട്ട് എത്തും
text_fieldsതിരുവനന്തപുരം: പ്രകൃതി ദുരന്ത പ്രദേശങ്ങളില്‍ വില്ലേജ് ഓഫിസ് ജീവനക്കാര്‍ ഇനി ഓറഞ്ച് നിറത്തിലുള്ള മഴക്കോട്ടിട്ടാകും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുക. ദുരന്തനിവാരണ പ്രവത്തനങ്ങള്ക്കെത്താന് വില്ലേജ് ഓഫിസ് ജീവനക്കാര്‍ക്ക് മഴക്കോട്ട് അടക്കം സുരക്ഷ ഉപകരണങ്ങള്‍ വാങ്ങി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. മഴക്കോട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെയും റവന്യൂ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും എംബ്ലങ്ങളുമുണ്ടാകും.
ദുരന്ത പ്രദേശത്ത് എത്തുന്നവരെ ഏത് മൂടല്‍മഞ്ഞിലും ഇരുട്ടിലും കാണാന്‍ കഴിയുന്നതിനാണ് ഓറഞ്ച് കോട്ട് ഉപയോഗിക്കുന്നത്. ദുരന്ത പ്രതികരണ നിയമനുസരിച്ച് ലോക വ്യാപകമായി ഈ നിറമാണ് ഉപയോഗിക്കുന്നത്. മഴക്കോട്ടിനൊപ്പം, ബൂട്ട്, കുട, ടോര്‍ച്ച് തുടങ്ങിയവയും വാങ്ങിനല്‍കും. വര്‍ക്ക് ഹെല്‍മറ്റ്, വൈന്‍ഡിങ് റേഡിയോ, ലൈഫ് ജാക്കറ്റ് എന്നിവയുമുണ്ടാകും. എല്ലാ ഇനങ്ങളിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എംബ്ലങ്ങളുണ്ടാകണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഓരോ വില്ലേജ് ഓഫിസിനും രണ്ട് സെറ്റ് വീതമാകും നല്‍കുക.
സുരക്ഷ ഉപകരണങ്ങള്‍ വാങ്ങി കലക്ടര്‍മാര്‍ വഴി വിതരണം ചെയ്യുന്നതിന് ലാന്‍ഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തി.
സുരക്ഷ ഉപകരണങ്ങളുടെ സാങ്കേതിക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ദുരന്ത നിവാരണ ചെയര്മാന് അധ്യക്ഷനായുള്ള സമിതി രൂപവത്കരിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ മെംബര്‍ സെക്രട്ടറിയാണ് സമിതി കണ്‍വീനര്‍. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ് ഡയറക്ടര്‍ ജനറലിന്റെ പ്രതിനിധി, ലാന്‍ഡ് റവന്യൂ കമീഷണറുടെ പ്രതിനിധി എന്നിവരും സമിതിയിലുണ്ട്. വൈകാതെ തന്നെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.