സംസ്ഥാനത്ത് ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി; നേരിയ-മിതമായ അസുഖമുള്ളവർക്ക് ആന്‍റിജന്‍ ടെസ്റ്റ് വേണ്ട
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഈ പുതുക്കിയ മാര്‍ഗരേഖ നടപ്പാക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി.
നേരിയ (മൈല്‍ഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കുന്നത്. രക്തത്തിലെ ഓക്‌സിജന്‍റെ അളവ് 94ന് മുകളിലുള്ള രോഗികളാണ് മൈല്‍ഡ് വിഭാഗത്തില്‍ വരിക. ഓക്‌സിജന്‍റെ അളവ് 91 മുതല്‍ 94 വരെയുള്ള രോഗികളെ മോഡറേറ്റ് വിഭാഗത്തിലും ഓക്‌സിജന്‍റെ അളവ് 90ന് താഴെയുള്ള രോഗികളെ സിവിയര്‍ വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്.
മൈല്‍ഡ് വിഭാഗത്തിലും മോഡറേറ്റ് വിഭാഗത്തിലുമുള്ള രോഗികളെ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് ചെയ്യാതെ തന്നെ ഇനി പറയുന്ന നിര്‍ദേശങ്ങളനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്.
നേരിയ അസുഖം (Mild Disease)
നേരിയ അസുഖമുള്ളവര്‍ക്ക് 72 മണിക്കൂര്‍ രോഗലക്ഷണങ്ങളൊന്നും തന്നെ കാണാതിരുന്നാല്‍ ചികിത്സാ കേന്ദ്രത്തില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഹോം ഐസൊലേഷനില്‍ വിടുന്നതാണ്. ഇവര്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായ ദിവസം മുതല്‍ 17 ദിവസം കഴിയുന്നതുവരെ ഹോം ഐസൊലേഷനില്‍ തുടരേണ്ടതാണ്.
ഈ രോഗികള്‍ ദിവസവും നെഞ്ചുവേദന, ശ്വാസതടസ്സം, കഫത്തിലെ രക്തത്തിന്‍റെ അംശം, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, തീവ്രമായ പനി, അമിതമായ ക്ഷീണം തുടങ്ങിയ എന്തെങ്കിലും അപായ സൂചനകള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കേണ്ടതാണ്. ഇത്തരം അപായ സൂചനകള്‍ കാണുകയാണെങ്കില്‍ എത്രയും വേഗം ദിശ 1056ലോ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിയിലോ വിവരം അറിയിക്കണം.
കൂടാതെ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ രക്തത്തിലെ ഓക്‌സിജന്‍റെ അളവ് 94ല്‍ കുറയുകയോ അല്ലെങ്കില്‍ ആറ് മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്‌സിജന്‍റെ അളവ് കുറയുന്നതായോ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം അറിയിക്കേണ്ടതാണ്.
മിതമായ അസുഖം (Moderate Disease)
മിതമായ അസുഖമുള്ള രോഗികള്‍ക്ക് 3 ദിവസം രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നാല്‍ ആന്‍റിജന്‍ പരിശോധന കൂടാതെ ഡിസ്ചാര്‍ജ് ചെയ്യാം. ഇവരെ ചികിത്സിക്കുന്ന കോവിഡ് കേന്ദ്രത്തില്‍നിന്നും റൂം ഐസൊലേഷന്‍, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി എന്നിവിടങ്ങളിലേക്ക് മാറ്റും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 72 മണിക്കൂര്‍ പനി, ശ്വാസതടസ്സം, ഓക്‌സിജന്‍റെ ആവശ്യം, അമിത ക്ഷീണം എന്നിവ ഇല്ലാതിരിക്കുന്നവരെയാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. റൂം ഐസൊലേഷനില്‍ വിട്ട രോഗികള്‍ മുകളില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
ഗുരുതര അസുഖം (Severe Disease)
ഗുരുതര അസുഖമുള്ളവര്‍, എച്ച്.ഐ.വി പോസിറ്റീവ് ആയവര്‍, അവയവം മാറ്റിവച്ച രോഗികള്‍, വൃക്കരോഗികള്‍, കരള്‍ രോഗികള്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് രോഗലക്ഷണം തുടങ്ങിയത് മുതല്‍ 14ാം ദിവസം റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്തേണ്ടതാണ്. ഇങ്ങനെ നടത്തുന്ന പരിശോധനയില്‍ നെഗറ്റീവാകുകയും മൂന്ന് ദിവസം രോഗലക്ഷണങ്ങളൊന്നും തന്നെയില്ലെങ്കിലും ക്ലിനിക്കലി സ്റ്റേബിള്‍ ആണെങ്കിലും ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായവരെ നെഗറ്റീവാകുന്നതുവരെ 48 മണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.