മദ്യപിച്ചെത്തിയ 100 കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി
text_fieldsതിരുവനന്തപുരം: ഡ്യൂട്ടിക്കിടയിലെ മദ്യപാനികളെ പിടികൂടാൻ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പണികിട്ടി തുടങ്ങി. മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെയാണിപ്പോൾ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്റ്സ് സ്‌പെഷ്യല്‍ സർപ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധ നടത്തി മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്.
കെ.എസ്.ആര്‍.ടി.സിയുടെ 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സർജന്റ്, ഒൻപത് സ്ഥിര മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, ഒൻപത് ബദൽ കണ്ടക്ടർ, ഒരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്.
കെ.എസ്.ആര്‍.ടി.സി.യിലെ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെ.എസ്.ആര്‍.ടി.സി.യിലെ ബദൽ ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറുതും വലുതുമായ തെറ്റുകുറ്റങ്ങള്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് പ്രത്യേക പരിശോധനക്ക് ഉത്തരവ് നല്‍കിയിട്ടുള്ളത്. ഒരു ചെറിയ വിഭാഗം ജീവനക്കാര്‍ ഇപ്പോഴും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് നിരുത്തരവാദപരമായ രീതി അനുവര്‍ത്തിച്ചു വരുന്നതായി കാണപ്പെടുന്നു. അത് ഒരുതരത്തിലും അനുവദിച്ചു നല്‍കുവാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.