ഫാ. പോൾ തേലക്കാട്ടിനെതിരെ അച്ചടക്കനടപടിക്ക് നിർദേശം
text_fieldsകൊച്ചി: ഭൂമിവിൽപന സംബന്ധിച്ച വ്യാജരേഖ കേസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന രീതിയിൽ 'സത്യദീപ'ത്തിലെ ലേഖനം എന്നിവയുടെ പേരിൽ ഫാ. പോൾ തേലക്കാട്ട് ഉൾപ്പെടെയുള്ളവർക്കെതിരെ അച്ചടക്കനടപടിക്ക് സിറോ മലബാർ സിനഡിൽ തീരുമാനം. ഞായറാഴ്ച സമാപിച്ച സിറോ മലബാർ സിനഡ് വിഷയം ചർച്ചചെയ്യുകയും സഭ നേതൃത്വത്തിനും പ്രബോധനങ്ങൾക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്ക ലംഘനങ്ങൾക്കെതിരെ സഭനിയമം അനുശാസിക്കുന്ന നടപടി സ്വീകരിക്കാൻ രൂപതാധ്യക്ഷർക്ക് നിർദേശം നൽകി.
എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആൻറണി കരിയിലിനാണ് നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം.
ഫാ. പോൾ തേലക്കാട്ട്, ഫാ. ടോണി കല്ലൂക്കാരൻ, ഫാ. ബെന്നി മാരാപറമ്പിൽ എന്നിവരാണ് സഭാധ്യക്ഷനെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതികളായത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജർ ആർച് ബിഷപ്പിനെതിരെ നൽകിയ പരാതികൾ നിലനിൽക്കുന്നവയെല്ലന്ന പൊലീസ് അന്വേഷണ റിപ്പോർട്ടിൽ സിനഡ് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങൾ മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആൻറണി കരിയിൽ പൂർത്തിയാക്കണമെന്നും സിനഡ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.