സാധാരണക്കാരുടെ ‘ഫ്യൂസ്’ ഊരും; വൻകിടക്കാർക്ക് താരാട്ട്
text_fieldsതിരുവനന്തപുരം: വൈദ്യുത ബിൽ അടയ്ക്കാൻ വൈകിയാലുടൻ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കൃത്യത പാലിക്കുന്ന കെ.എസ്.ഇ.ബി, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും വൻകിട കമ്പനികളിൽനിന്നും പിരിച്ചെടുക്കാതെ ശേഷിക്കുന്നത് 2310.70 കോടി രൂപ. കഴിഞ്ഞ മാർച്ച് 31 വരെയുള്ള പലിശ ഒഴിവാക്കിയ കണക്കാണിത്.
2310.70 രൂപയുടെ കുടിശ്ശികയിൽ 370.86 കോടി രൂപയാണ് ഗാർഹിക ഉപഭോക്താക്കളുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. ശേഷിക്കുന്ന 1939.84 കോടിയും തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, കേന്ദ്ര സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ അടയ്ക്കാനുള്ളതാണ്. ഇതിൽ സംസ്ഥാന സർക്കാർ വകുപ്പുകൾ അടയ്ക്കാനുള്ള തുക 172. 75 കോടിയും സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 338.71 കോടിയുമാണ്. ജല അതോറിറ്റി- 188.29 കോടി, കേന്ദ്ര സർക്കാർ വകുപ്പുകൾ- 1.41 കോടി, കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ- 67.39 കോടി, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ- 7.27 കോടി, പൊതുസ്ഥാപനങ്ങൾ- 70.94, സ്വകാര്യ സ്ഥാപനങ്ങൾ- 1009.74 കോടി, അന്തർസംസ്ഥാന സ്ഥാപനങ്ങൾ- 2.84 കോടി എന്നിങ്ങനെ കുടിശ്ശിക കണക്ക് നീളുന്നു.
കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾക്ക് പലവട്ടം കെ.എസ്.ഇ.ബി അറിയിപ്പ് നൽകിയെങ്കിലും നടപടി ഉണ്ടാവുന്നില്ല. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളും ലക്ഷ്യം കാണുന്നില്ല. നിലവിൽ കുടിശ്ശിക പിരിച്ചെടുക്കാൻ പ്രത്യേക പദ്ധതി കെ.എസ്.ഇ. ബി പരിഗണനയിലില്ല.
ഇക്കാര്യം നിയമസഭയിൽ വകുപ്പുമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാൻ വൈദ്യുതി വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.