ഇളവുകളേറെ; പ്രതിസന്ധിയിൽ കിതച്ച് കഞ്ചിക്കോട് വ്യവസായ മേഖല
text_fieldsപാലക്കാട്: ലോക്ഡൗണിൽ ഇളവുകളേറെ നൽകിയിട്ടും പ്രതിസന്ധിയിൽ കിതച്ച് കഞ്ചിക്കോട് വ്യവസായ മേഖല. മിക്ക യൂനിറ്റുകളും അടഞ്ഞുകിടക്കുന്നതോടെ അനുദിനം പ്രതിസന്ധി മൂർച്ഛിക്കുന്ന സ്ഥിതി. ചെറുതും വലുതുമായി 700ലധികം കമ്പനികളാണ് കഞ്ചിക്കോടുള്ളത്. 15,000ലധികം തൊഴിലാളികളും വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നുണ്ട്. സീസണുകളെല്ലാം നഷ്ടപ്പെട്ട വ്യവസായങ്ങൾ മുതൽ ഇനിയെങ്ങനെ പുനരാരംഭിക്കുമെന്ന് ആശങ്കമൂടി നിൽക്കുന്ന വ്യവസായങ്ങൾ വരെ കഞ്ചിക്കോട് വ്യവസായ മേഖലക്ക് പരാതികൾ പലതാണ്.
െതാഴിലുണ്ട്, തൊഴിലാളിയില്ല
വ്യവസായ മേഖലക്ക് നിയന്ത്രണങ്ങൾ പാലിച്ച് ലോക്ഡൗൺ കാലത്ത് പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും ഇവിടെയെത്തിയാൽ കാണുന്നതിൽ ഭൂരിഭാഗവും നിലച്ചതോ നാമമാത്രമായതോ ആയ വ്യവസായങ്ങളാവും. മിക്കയിടത്തും വില്ലനായതാവെട്ട തൊഴിലാളി ക്ഷാമവും. 15,000 വരുന്ന തൊഴിലാളികളിൽ പകുതിയോളം പേർ അന്തർസംസ്ഥാനക്കാരായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഇവരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി.
ശേഷിച്ച തൊഴിലാളികളെ ഉപയോഗിച്ചാണ് കമ്പനികളുടെ പ്രവർത്തനം. പുതുശ്ശേരി, എലപ്പുള്ളി, മലമ്പുഴ, മരുതറോഡ് പഞ്ചായത്തുകളിൽനിന്നാണ് തദ്ദേശീയരായ തൊഴിലാളികൾ കൂടുതൽ എത്തുന്നത്. ഇവിടങ്ങളിൽ പലതും കോവിഡ് വ്യാപനം ശക്തിയാർജിച്ചതോടെ അടച്ചിട്ടിരിക്കുകയാണ്. പല സ്ഥാപനങ്ങളും സ്വന്തം വാഹനങ്ങളിൽ തൊഴിലാളികളെ എത്തിച്ചാണ് പ്രവർത്തനം നാമമാത്രമായെങ്കിലും തുടരുന്നത്. ഇതോടെ തദ്ദേശീയ തൊഴിലാളികളുടെയും അളവ് കുറഞ്ഞു. ഫർണസ് ഉപയോഗിക്കുന്ന വ്യവസായങ്ങൾ, ഇരുമ്പുരുക്ക് വ്യവസായങ്ങൾ എന്നിവ അന്തർസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ഇനി തൊഴിലാളികൾ മടങ്ങി വന്നാലേ കഞ്ചിക്കോട് പൂർണതോതിൽ പ്രവർത്തന ക്ഷമമാകൂ.
അസംസ്കൃതവസ്തുക്കൾക്കും ക്ഷാമം
ലോക്ഡൗണിൽ അസംസ്കൃത വസ്തുക്കളുടെ വരവ് നിലച്ചത് മിക്ക സ്ഥാപനങ്ങൾക്കും ഇരുട്ടടിയായി. കോവിഡ് വ്യാപനം ശക്തമായതോടെ ആശുപത്രികളിലേക്ക് ഒാക്സിജൻ എത്തിക്കാൻ വ്യവസായ മേഖലയിലെ വാതക സിലിണ്ടറുകളും സംവിധാനങ്ങളും ഏറ്റെടുത്തിരുന്നു. ഇതോടെ ഇരുമ്പുരുക്ക് വ്യവസായമടക്കം പ്രതിസന്ധിയിലായി. ഇത്തരം സ്ഥാപനങ്ങളിൽ ഉൽപാദനത്തിന് ഓക്സിജൻ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ വ്യവസായത്തിനുള്ള ഓക്സിജൻ ഉൽപാദനം വെട്ടിക്കുറച്ച് ജീവൻ രക്ഷക്കാണ് ഉപയോഗിക്കുന്നത്. ഓക്സിജൻ പൂർണമായും പഴയ പോലെ ലഭ്യമായാലേ വ്യവസായങ്ങൾക്ക് മുന്നോട്ടുപോകാനാവൂ.
ഇനിയെങ്ങനെ തുറക്കും?
വ്യവസായ മേഖല ഒരു മാസത്തോളം അടച്ചിട്ടത് മൂലം കോടികളുടെ നഷ്ടമാണുണ്ടായത്. പല വ്യവസായങ്ങളും പുനരാരംഭിക്കുന്നത് െചലവേറിയ പ്രക്രിയായാണെന്ന് വ്യവസായികൾ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ഒന്നാംതരംഗത്തിെൻറ ആഘാതത്തിൽനിന്ന് വ്യവസായ മേഖല മുക്തി പ്രാപിച്ചുവരുന്നതിനിടെയാണ് രണ്ടാംതരംഗമെത്തിയത്. ഫെബ്രുവരി മുതൽ ജൂൺ വരെയാണ് മേഖലയിൽ ഉൽപാദനം പൂർണവേഗതയിൽ നടക്കാറുള്ളത്. രണ്ട് സീസണുകൾ നഷ്ടമായതോടെ വിപണി പ്രതീക്ഷയോടെ നോക്കുന്നത് സർക്കാറിലേക്കാണ്.
വേണം ഇടപെടൽ
ബജറ്റിൽ കുറഞ്ഞ പലിശക്ക് വായ്പ അനുവദിക്കാനുള്ള തീരുമാനം വ്യവസായ മേഖല ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായില്ലെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം ജനറൽ സെക്രട്ടറി ആർ. കിരൺകുമാർ പറയുന്നു. ഏതെല്ലാം മാർഗത്തിൽ ലഭ്യമാവും. എന്നുമുതൽ എന്നൊന്നും വിവരങ്ങൾ ലഭ്യമല്ല. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ മേഖലയെ രക്ഷിക്കാൻ പ്രത്യേക പാക്കേജനുവദിക്കണം. വായ്പയിളവിനൊപ്പം തൊഴിലാളികൾക്ക് വാക്സിനേഷൻ മുൻഗണനാക്രമത്തിൽ നൽകാനും നടപടി വേണം.
വൈദ്യുതി കുടിശ്ശിക കഴിഞ്ഞ കോവിഡ് കാലത്ത് മൊറേട്ടാറിയം നൽകിയിരുന്നു. ഇത് ഇപ്രാവശ്യവും ലഭ്യമാക്കണം. നിലവിൽ വൈദ്യുത വകുപ്പ് കുടിശ്ശികക്ക് 18 ശതമാനം പലിശയാണ് ഇൗടാക്കുന്നത്. ഇത് മൂന്നുമുതൽ നാല് ശതമാനം വരെയാക്കി കുറക്കണമെന്നും ആർ. കിരൺകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.