കപ്രിക്കാട് മിനി മൃഗശാലയിലെ രജിസ്റ്ററിലെ പൊരുത്തക്കേട് : അസി. കൺസർവേറ്ററെ സസ്പന്റെ് ചെയ്തു
text_fieldsതിരുവനന്തപുരം : കപ്രിക്കാട് അഭയാരണ്യം മിനി മൃഗശാലയിലെ രജിസ്റ്ററിലെ പൊരുത്തക്കേടിൽ അസിസ്റ്റന്റ് കൺസർവേറ്ററെ സസ്പന്റെ് ചെയ്തു. വിജിലൻസ് അന്വേഷണം പൂർത്തിയാകുന്നതുവരെ അനിഷ സിദ്ദിഖിനെ അച്ചടക്ക നടപടിക്കു വിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്താണ് വനം വന്യജീവി വകുപ്പിന്റെ ഉത്തരവ്. വനം വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിനും ശിപാർശ ചെയ്തു.
സർക്കാർ രേഖ നശിപ്പിക്കൽ, സർക്കാർ രേഖകളിൽ കൃത്രിമം കാണിക്കൽ, വ്യാജരേഖ ചമക്കൽ, ഡെയിലി റിപ്പോർട്ടിങ് രജിസ്റ്റർ, സൂ കീപ്പേഴ്സ് ഡയറി തുടങ്ങിയ സർക്കാർ രജിസ്റ്ററുകളിൽ തിരുത്തലുകൾ വരുത്തൽ, ഗൂഢാലോചന എന്നിവ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ ക്രമക്കേടുകൾക്ക് ഉത്തരവാദി അനീഷ് സിദ്ദിഖിക്കാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
മൃഗശാലയിലെ മൂന്ന്, നാല് എൻക്ലോഷറുകളിലായി ലൈവ് സ്റ്റോക്ക് രജിസ്റ്റർ പ്രകാരം 170 മ്ലാവുകളാണുള്ളത്. എന്നാൽ വിവരപ്പട്ടികയിൽ 136 മ്ലാവുകളേ നിലവിലുള്ളൂ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. സെൻട്രൽ സൂ അതോറിറ്റിയുടെ വ്യവസ്ഥകൾ പ്രകാരം സൂക്ഷിക്കേണ്ടുന്ന ലൈവ് സ്റ്റോക്ക് രജിസ്റ്റർ 2018 വർഷത്തിലുണ്ടായ പ്രളയത്തിൽ നഷ്ടപ്പെട്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മറുപടി നൽകിയത്.
എന്നാൽ, 2012 വർഷം മുതൽ ഉപയോഗിച്ച ലൈവ് സ്റ്റോക്ക് രജിസ്റ്റർ 2018-ലെ പ്രളയത്തിൽ നനഞ്ഞ് പോയെങ്കിലും അത് ഉണക്കി രേഖപ്പെടുത്തലുകൾ വരുത്തി ഉപയോഗിച്ചിരുന്നതായി ജൂൺ ഒന്നുമുതൽ 2019 ഫെബ്രുവരി വരെ ചുമതലയുണ്ടായിരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിക്രം ദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ.യു അജീഷ്, ജസ്റ്റിൻ ജോസഫ് എന്നിവർ നൽകിയ മൊഴി നൽകി. അതിനാൽ ക്രമക്കേടുകൾ പുറത്തറിയാതിരിക്കാൻ രേഖകൾ മനപൂർവമായി നഷ്ടപ്പെടുത്തിയതാണെന്ന് വ്യക്തമായി.
അതുപോലെ പ്രധാന്യമുളള രേഖകളായ ദൈനംദിന റിപ്പോർട്ടിങ് രജിസ്റ്റർ, സൂ കീപ്പേഴ്സ ഡയറി എന്നിവയിലും തിരുത്തലുകൾ വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. രേഖകൾ പരിശോധിച്ചതിൽ 2020-21 മുതലാണ് മ്ലാവുകളുടെ എണ്ണത്തിൽ കൃത്രിമമായി വർധനവ് കാണിച്ചിരിക്കുന്നവെന്നും വ്യക്തമായി. ഭക്ഷണം നൽകി എന്ന നിലയിൽ ബില്ലുകൾ എഴുതി. അതിലൂടെ 2020-21 സാമ്പത്തിക വർഷം മുതൽ 2022 ജൂലൈ 31 വരെ ആകെ 30,90,611 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.
കോടനാട് റിസർച്ച് റെയിഞ്ച് ഓഫീസറായി സേവനം അനുഷ്ഠിച്ച കാലയളവിൽ അനീഷ് സിദ്ദിഖ് മറ്റ് കുറ്റാരോപിതരോടൊപ്പം തന്റെ അധികാര പരിധിയിൽ വരുന്ന കപ്രിക്കാട് അഭയാരണ്യത്തിൽ രേഖകളിൽ കൃത്രിമത്വം നടക്കുന്ന വിവരം അറിഞ്ഞിരുന്നു. എന്നിട്ടും നടപടികൾ സ്വീകരിക്കുകയോ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല. ക്രമക്കേടിലും ഗൂഢാലോചനയിലും പങ്കാളിയായി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തുന്നതിന് മുഖ്യ പങ്ക് വഹിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
വനം വിജിലൻസ് അന്വേഷണം നടക്കുമ്പോൾ നേരത്തെ നൽകിയ മൊഴികൾ കൂടാതെ, സർവീസിൽ തുടരവേ വീണ്ടും അധികാരികളെ സമീപിച്ച് 2023 മാർച്ചിൽ അനീഷ് സിദ്ദിഖ് അധികവിവരങ്ങൾ എന്ന രൂപേണ വീണ്ടും വിവരങ്ങൾ സമർപ്പിച്ചു. അതൊന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിച്ചില്ല. ഇതുകാരണം 2022-ൽ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ അന്വേഷണം നീണ്ടുപോയി. റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസവും നേരിട്ടു. ഈ വിഷയത്തിൽ അനീഷ് സിദ്ദിഖിന്റെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യ വിലോപവും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ച വന്നതായും അന്വേഷണത്തിൽ വ്യക്തമായി.
മ്ലാവുകളുടെ ട്രാൻസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് 2022 നവംബറിൽ നടത്തിയ അന്വേഷണത്തിൽ മ്ലാവുകളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസം കണ്ടെത്തി. തുടർന്നാണ് വനം വിജിലൻസ് വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ റിപ്പോർട്ട് സമർപ്പിച്ചത്. അഭയാരണ്യത്തിലെ മൂന്ന്, നാല് എൻക്ലോഷറുകളിലായി ലൈവ് സ്റ്റോക്ക് രജിസ്റ്റർ പ്രകാരം 170 മ്ലാവുകളാണുള്ളത്.
എന്നാൽ, വിവരപട്ടികയിൽ 134 മ്ലാവുകളേ നിലവിലുള്ളൂ എന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുർന്ന് കാലടി പ്രകൃതി പഠന കേന്ദ്രം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസറുടേയും കപ്രിക്കാട് സെക്ഷൻ സ്റ്റാഫിന്റെയും സൂ-കീപ്പർമാരുടെയും സാന്നിധ്യത്തിൽ 2022 നവംബർ 19ന് പരിശോധന നടത്തി. അതിലും ആകെ 136 മാവുകൾ മാത്രമേ രണ്ട് എൻക്ലോഷറുകളിലുമായി നിലവിലുള്ളതെന്നും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.