മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം: പാണക്കാട്ട് അനൗപചാരിക ചർച്ച
text_fieldsമലപ്പുറം: പൊന്നാനി, മലപ്പുറം പാർലമെന്‍റ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുസ്‌ലിം ലീഗ് ഉന്നത നേതാക്കൾ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച നേതൃയോഗം ചേർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് പാണക്കാട്ടെ വസതിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഒരു മണിക്കൂറോളം ചർച്ച നടത്തിയത്.
കോൺഗ്രസുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചയുടെ വിശദാംശങ്ങൾ സാദിഖലി തങ്ങൾക്ക് നേതാക്കൾ വിശദീകരിച്ചു. വിദേശത്തായിരുന്ന തങ്ങൾ തിങ്കളാഴ്ചയാണ് നാട്ടിലെത്തിയത്. മൂന്നാം സീറ്റിന് പകരം രാജ്യസഭസീറ്റ് നൽകാമെന്ന കോൺഗ്രസിന്റെ ഒത്തുതീർപ്പ് ലീഗ് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ലീഗിന്റെ തുടക്കം മുതലുള്ള ‘ഡിമാന്റും’ ഇതു തന്നെയായിരുന്നു. രാജ്യസഭാസീറ്റ് വിഷയത്തിൽ ഉറപ്പു പറയാനാവില്ലെന്ന കോൺഗ്രസിന്‍റെ ആദ്യനിലപാടാണ് ലീഗിനെ കൂടുതൽ ചൊടിപ്പിച്ചതും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം കടുപ്പിച്ചതും. കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിൽ നടന്ന ചർച്ചയിൽ കോൺഗ്രസ്-ലീഗ് അനുരഞ്ജന ചർച്ച നടന്നത്.
അതിനിടെ രാജ്യസഭ സീറ്റ് ഉറപ്പായ സാഹചര്യത്തിൽ ആ സീറ്റ് ലീഗിൽ ആർക്ക് നൽകണമെന്ന കാര്യത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. നിലവിലെ പാർലമെന്റ് മെമ്പർമാരിൽ ഒരാളെ രാജ്യസഭയിലേക്ക് അയച്ച് മലപ്പുറത്തോ, പൊന്നാനിയിലോ പുതുമുഖത്തെ മത്സരിപ്പിക്കുന്നതിനെ കുറിച്ച ചർച്ച പാർട്ടിക്കുള്ളിലും പുറത്തും സജീവമാണ്.
ചൊവ്വാഴ്ച രാവിലെ മുതിർന്ന നേതാക്കൾ പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യുവ നേതാക്കൾ സാദിഖലി തങ്ങളെ സന്ദർശിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ ഒറ്റക്കും അതിന് ശേഷം പി.കെ. ഫിറോസ്, അഡ്വ. ഫൈസൽബാബു, സി.കെ. സുബൈർ തുടങ്ങിയ നേതാക്കളും സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭയിലേക്ക് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും ആഗ്രഹം പ്രകടിപ്പിച്ചതായാണ് സൂചന. അടുത്ത ജൂണിലാണ് രാജ്യസഭയിൽ ഒഴിവ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.