ഡി.സി.സി പുനഃസംഘടനക്ക് മാരത്തൺ ചർച്ച
text_fieldsതിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിയമിക്കുന്നത് സംബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് തിരക്കിട്ട മാരത്തൺ ചർച്ച. നേരത്തേയുള്ള തീരുമാനമനുസരിച്ച് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഒരു മണിക്കൂർ വീതം പ്രത്യേക ചർച്ച നടത്തി.
വൈകീട്ട് കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമാരുമായി സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഒരുമിച്ചിരുന്ന് ചർച്ച നടത്തി. ചർച്ച രാത്രി വൈകിയും തുടർന്നു. ഇതോടൊപ്പം നിലവിലെ ചില ഡി.സി.സി അധ്യക്ഷന്മാരും സ്ഥലത്തെത്തി നേതാക്കളെ അഭിപ്രായം അറിയിച്ചു. ചർച്ചകളുടെ അടിസ്ഥാനത്തിൽ മുതിർന്ന നേതാക്കളുമായി ഒരിക്കൽകൂടി പിന്നീട് സംസാരിച്ച് അന്തിമ പട്ടിക തയാറാക്കാനാണ് ശ്രമം. പട്ടിക ഹൈകമാൻഡിന് കൈമാറുംമുമ്പ് കേരളത്തിൽനിന്നുള്ള പാർട്ടി എം.പിമാരുമായി കെ.പി.സി.സി പ്രസിഡൻറ് ഒരിക്കൽകൂടി ചർച്ച നടത്തിേയക്കും. ചൊവ്വാഴ്ച ഡൽഹിക്കു പോകാനുള്ള ഒരുക്കത്തിലാണ് കെ.പി.സി.സി പ്രസിഡൻറ്. 13ന് നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ പ്രതിപക്ഷനേതാവും ഡൽഹിക്കു പോകും.
പുതിയ ഡി.സി.സി അധ്യക്ഷന്മാരെ സംബന്ധിച്ച പ്രഖ്യാപനം ഹൈകമാൻഡ് അംഗീകാരത്തോടെ അടുത്തയാഴ്ച നടത്താനുള്ള ശ്രമമാണ് സംസ്ഥാന നേതൃത്വം നടത്തുന്നത്. പട്ടികക്ക് അന്തിമാംഗീകാരം നൽകുംമുമ്പ് തങ്ങളുടെ അഭിപ്രായം തേടണമെന്ന ആവശ്യം ഹൈകമാൻഡിനു മുന്നിൽ എം.പിമാർ ഉന്നയിച്ചിട്ടുണ്ട്. മേഖല തിരിച്ച് ഓരോ ഡി.സി.സിയെ സംബന്ധിച്ച് നിർദേശം സമർപ്പിക്കാൻ മൂന്നു വർക്കിങ് പ്രസിഡൻറുമാരോടും തിങ്കളാഴ്ചത്തെ ചർച്ചയിൽ സുധാകരൻ നിർദേശിച്ചതായി അറിയുന്നു. ഇവരുടെയും മുതിർന്ന നേതാക്കളുടെയും നിർദേശങ്ങളും വിവിധ തലങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡൻറ് തയാറാക്കിയ കരട് പട്ടികയും പരിഗണിച്ചായിരിക്കും അന്തിമ ലിസ്റ്റ് തയാറാക്കുക.
ചൊവ്വാഴ്ച ഡൽഹിക്കു പോകുന്ന കെ.പി.സി.സി പ്രസിഡൻറ് അവിടെ നടത്തുന്ന കൂടിയാലോചനകൾക്കുശേഷം 13ന് മടങ്ങിവന്നശേഷമായിരിക്കും അന്തിമ പട്ടികക്ക് രൂപംനൽകുക. അതിനു മുമ്പ് മുതിർന്ന നേതാക്കൾ വീണ്ടും കൂടിയാലോചന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.