ആദിവാസി തൊഴിലാളികളുടെ പിരിച്ചുവിടൽ: മാവോവാദികൾ അവസരമായി കാണുമെന്ന് രഹസ‍്യാന്വേഷണ റിപ്പോർട്ട്
text_fieldsനിലമ്പൂർ: റബർ പ്ലാന്റേഷൻ കോർപ്പറേഷന്‍റെ പുഞ്ചക്കൊല്ലി ഡിവിഷനിലെ താൽക്കാലിക തൊഴിലാളികളായ ആദിവാസികളെ പിരിച്ചുവിട്ട സംഭവം മാവോവാദികൾക്ക് അവസരമൊരുക്കുമെന്ന് പൊലീസ് രഹസ‍്യാന്വേഷണ വിഭാഗം.
ആന്‍റി നക്സൽ വിഭാഗം ഇന്‍റലിജൻസും കേരള പൊലീസിലെ രഹസ‍്യാന്വേഷണ വിഭാഗവും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി. തൊഴിൽ നഷ്ടപ്പെട്ട ആദിവാസികൾക്കിടയിൽ സ്വാധീനം ചെലുത്താനും മാവോവാദികൾക്ക് കോളനിയിലേക്ക് കടന്നുവരാനുമുള്ള അനുകൂല സാഹചര‍്യമാണ് പിരിച്ചുവിടലിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
പ്ലാന്‍റേഷനിലെ 25 ടാപ്പിങ് തൊഴിലാളികളെയും 12 തോട്ടം തൊഴിലാളികളെയും ജൂലൈ ഒന്നിനാണ് പിരിച്ചു വിട്ടത്. എല്ലാവരും പുഞ്ചക്കൊല്ലി, അളക്കൽ കോളനിയിലെ ആദിവാസികളാണ്. പിരിച്ചുവിടൽ താൽക്കാലികമാണെന്നും പ്ലാന്‍റേഷനിലെ 55 ഹെക്ടർ ഭാഗത്തെ റബർ മരങ്ങൾ ഷോട്ടർ വെട്ടുവാൻ ടെണ്ടർ നൽകിയതുമൂലമാണ് പിരിച്ചുവിടലെന്നും റീപ്ലാന്‍റേഷൻ തുടങ്ങുമ്പോൾ ഇവരെ തിരിച്ചെടുക്കുമെന്നുമാണ് പ്ലാന്‍റേഷൻ അധികൃതരുടെ വിശദീകരണം. എന്നാൽ പിരിച്ചുവിടൽ നടപടിക്കെതിരെ ഏറനാട് പ്ലാന്റേഷൻ ലേബർ യൂണിയൻ (സി.ഐ.ടി.യു), ആദിവാസി ക്ഷേമ സമിതി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ആദിവാസികൾ പ്ലാന്‍റേഷന്‍റെ പുഞ്ചക്കൊല്ലി ഡിവിഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
വനാന്തർ ഭാഗത്തെ ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് ഉപജീവനമാർഗം ഉറപ്പാക്കാനാണ് പുഞ്ചക്കൊല്ലിയിൽ വനം വകുപ്പിന്‍റെ കീഴിൽ റബർ പ്ലാന്‍റേഷൻ ആരംഭിച്ചത്. നോക്കി നടത്തിപ്പ് സാധ‍്യമാകാതെ വന്നതോടെ പ്ലാന്‍റേഷൻ കേരള റബർ പ്ലാന്‍റേഷൻ കോർപ്പറേഷന് കൈമാറുകയായിരുന്നു. ഇപ്പോൾ 30 ശതമാനം മാത്രമെ ആദിവാസി ജീവനക്കാരുള്ളൂ. ബാക്കിയുള്ളവരെല്ലാം പുറമെയുള്ളവരാണ്.
2018ൽ ചില ആദിവാസി തൊഴിലാളികളെ പിരിച്ചുവിട്ടപ്പോൾ മാവോവാദികൾ പ്ലാന്‍റേഷനിലെത്തി ആദിവാസികളെ കണ്ട് ബോധവത്കരിച്ചിരുന്നു. ആദിവാസി തൊഴിലാളികളുടെ കൂലി 800 രൂപയാക്കുക, തേൻ സീസണിൽ വനവിഭവങ്ങൾ ശേഖരിക്കാൻ ആദിവാസികൾക്ക് നിയമാനുസൃതം അവധി നൽകുക, മുഴുവൻ തൊഴിലാളികളെയും മുൻകാല പ്രാബല‍്യത്തോടെ സ്ഥിരപ്പെടുത്തുക, തൊഴിലാളികളുടെ അധിക ജോലി ഭാരം കുറക്കുക, പിരിച്ചുവിടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ‍്യങ്ങളടങ്ങിയ സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിലുള്ള കത്ത് ഓഫിസ് കെട്ടിടത്തിൽ പതിച്ച ശേഷമാണ് സായുധധാരികളായ മാവോവാദികൾ മടങ്ങിയത്.
പാലക്കയം, വാണിയംപുഴ, പുഞ്ചക്കൊല്ലി, അളക്കൽ എന്നിവിടങ്ങളിലെ റബർ, കശുവണ്ടി തോട്ടങ്ങളിലെ ആദിവാസി തൊഴിലാളികളെ വർഷങ്ങളായിട്ടും സ്ഥിരപ്പെടുത്തുന്നില്ലെന്നും മാവോവാദികളുടെ കത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.