പിരിച്ചുവിടൽ നീക്കം: മൂന്ന് വി.സിമാരുടെ ഹിയറിങ് ഗവർണർ പൂർത്തിയാക്കി
text_fieldsതിരുവനന്തപുരം: നിയമനത്തിൽ ചട്ടലംഘനം കാണിച്ചു ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണംകാണിക്കൽ നോട്ടീസ് നൽകിയ മൂന്നു സർവകലാശാല വൈസ്ചാൻസലർമാർ രാജ്ഭവനിൽ ഹിയറിങ്ങിന് ഹാജരായി. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നേരിട്ട് പങ്കെടുത്തപ്പോൾ കാലിക്കറ്റ് വി.സി ഡോ.എം.കെ. ജയരാജിനുവേണ്ടി അഭിഭാഷകൻ ഹാജരായി. കാലടി സംസ്കൃത സർവകലാശാല വി.സി ഡോ.എം.വി. നാരായണനുവേണ്ടി അഭിഭാഷകൻ ഓൺലൈനായും ഹാജരായി. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വി.സി ഡോ.പി.എം. മുബാറക് പാഷ ദിവസങ്ങൾക്ക് മുമ്പ് രാജിക്കത്ത് നൽകിയതിനാൽ ഹാജരായില്ല.
പദവിയിൽ തുടരുന്നതിന് അയോഗ്യതയില്ലെന്ന വാദമാണ് മൂന്നുപേരും അവതരിപ്പിച്ചത്. കാലാവധി പൂർത്തിയാകാൻ നാലു മാസമേ ശേഷിക്കുന്നുള്ളൂവെന്നും തുടരാൻ അനുവദിക്കണമെന്നും കാലിക്കറ്റ് വി.സി അഭ്യർഥിച്ചു. സർവകലാശാലയുടെ ആദ്യ വി.സി നിയമനം സർക്കാർ ശിപാർശ പ്രകാരം ചാൻസലർ നടത്തണമെന്ന സർവകലാശാല നിയമത്തിലെ വ്യവസ്ഥ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. ആദ്യ വി.സി ആയതിനാലാണ് സെർച് കമ്മിറ്റി ഇല്ലാതെ നിയമനമെന്നും വിശദീകരിച്ചു. സർവകലാശാലക്ക് യു.ജി.സി അംഗീകാരം ലഭിച്ചാൽ വി.സി നിയമനത്തിന് യു.ജി.സി റെഗുലേഷൻ ബാധകമാണെന്ന് യു.ജി.സി സ്റ്റാൻഡിങ് കോൺസൽ വാദിച്ചു.
ഹൈകോടതി ഉത്തരവ് പ്രകാരമാണ് വി.സിമാരെ ഹിയറിങ്ങിന് വിളിച്ചത്. വി.സിമാരുടെ ഭാഗം കേൾക്കാൻ മതിയായ സൗകര്യം നൽകണമെന്നായിരുന്നു കോടതി നിർദേശം. നിയമനത്തിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു.ജി.സി വ്യവസ്ഥകൾ പാലിക്കാതെ നിയമനം ലഭിച്ച ഒമ്പത് വി.സിമാർക്ക് ഗവർണർ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്.
വി.സിമാർ കോടതിയിൽ എത്തിയതോടെ നടപടികൾ സ്റ്റേ ചെയ്തു. വി.സിമാരുടെ ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കാൻ പിന്നീട് കോടതി ഗവർണർക്ക് അനുമതി നൽകി. ഇതിനിടെ ഫിഷറീസ്, കണ്ണൂർ സർവകലാശാല വി.സിമാർ കോടതി വിധികളിലൂടെ പുറത്തായി. കേരള, എം.ജി, കുസാറ്റ്, മലയാളം സർവകലാശാല വി.സിമാർ കാലാവധി പൂർത്തിയാക്കി. ശേഷിച്ച നാല് പേർക്കാണ് ഹിയറിങിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. യു.ജി.സി ജോയന്‍റ് സെക്രട്ടറി, സ്റ്റാൻഡിങ് കോൺസൽ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ഹിയറിങ്ങിൽ ഗവർണറുടെ സ്റ്റാൻഡിങ് കോൺസൽ, രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.