ലക്ഷദ്വീപിൽ ജനജീവിതം ദുസ്സഹം; കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നു
text_fieldsകൊച്ചി: ഭരണകൂടത്തിെൻറ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ ജനജീവിതം കൂടുതൽ ദുസ്സഹമാകുന്നു. പ്രതിഷേധിക്കുന്നവർക്കെതിരെ അറസ്റ്റുൾപ്പെടെ പ്രതികാര നടപടികൾ തുടരുന്നതിനിടെ മറുഭാഗത്ത് കോവിഡ് വ്യാപനത്തിൽ ദുരിതത്തിലായിരിക്കുകയാണ് ദ്വീപ്. ഇതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിെൻറ പരിഷ്കാരങ്ങളുടെ ഭാഗമായി കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനമായി. വനം-പരിസ്ഥിതി മന്ത്രാലയ ഓഫിസില് ജോലി ചെയ്തിരുന്ന ഇരുന്നൂറോളം മറൈൻ വാച്ചർമാരെയാണ് ഒഴിവാക്കുന്നത്. ഞായറാഴ്ച വരെ ജോലി ചെയ്തവരാണ് തൊഴിൽരഹിതരാകുന്നത്. തൽക്കാലം മൂന്നുമാസത്തേക്ക് ഇവരുടെ സേവനം വേണ്ടെന്നാണ് തീരുമാനം. ബാക്കി കാര്യം പിന്നീട് തീരുമാനിക്കും. ഒരുവര്ഷം മുമ്പ് നിയമിച്ച ഇവരുടെ പാസിങ്ഔട്ട് പരേഡ് അടുത്തിടെയായിരുന്നു.
അതേസമയം ലോക്ഡൗൺ വീണ്ടും നീട്ടി. കവരത്തി, ആന്ത്രോത്ത്, കൽപേനി, അമിനി, മിനിക്കോയ് ദ്വീപുകളിൽ ഏഴുദിവസത്തേക്ക് കൂടിയാണ് ലോക്ഡൗൺ നീട്ടിയത്. കിൽത്താൻ, െചത്ത്ലത്ത്, ബിത്ര, കടമത്ത്, അഗത്തി ദ്വീപുകളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും രാത്രികാല കർഫ്യൂ ഉണ്ടാകുമെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. കലക്ടറുടെ കോലം കത്തിച്ച കേസിൽ അറസ്റ്റിലായശേഷം കോവിഡ് സ്ഥിരീകരിച്ച കിൽത്താൻ ദ്വീപിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ നിരീക്ഷണത്തിന് മാറ്റി. ദ്വീപിൽ ജയിൽ ഇല്ലാത്തതിനാൽ പൊലീസ് സ്റ്റേഷന് സമീപത്തെ ചെറിയ കമ്യൂണിറ്റി ഹാളിലാണ് 56 വയസ്സുള്ള ഇദ്ദേഹത്തെയടക്കം 23 പേരെ താമസിപ്പിച്ചത്. ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് ലഭിക്കാത്തതിനാൽ ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും ഇതിനുപിന്നിൽ അഡ്മിനിസ്ട്രേറ്ററുടെ ഇടപെടലുണ്ടെന്നും ലക്ഷദ്വീപ് സേവ് ഫോറം കൺവീനർ യു.സി.കെ. തങ്ങൾ ആരോപിച്ചു. ചൊവ്വാഴ്ച കൊച്ചിയിൽ നടത്താനിരുന്ന സേവ് ലക്ഷദ്വീപ് ഫോറം ആലോചനയോഗം ബുധനാഴ്ചത്തേക്ക് മാറ്റി.
കരട് റെഗുലേഷൻ: അഭിപ്രായം സമർപ്പിക്കാൻ അനുമതി
കൊച്ചി: ലക്ഷദ്വീപിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് കരട് റെഗുേലഷൻ സംബന്ധിച്ച അഭിപ്രായങ്ങൾ രണ്ടാഴ്ചക്കകം സമർപ്പിക്കാൻ ഇതുസംബന്ധിച്ച് ഹരജി നൽകിയ ദ്വീപ് സ്വദേശിക്ക് ഹൈകോടതിയുടെ അനുമതി. ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിയശേഷം ഒരുമാസത്തെ നോട്ടീസ് നൽകി അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഹരജിക്കാരൻ അഡ്മിനിസ്േട്രറ്റർക്ക് നൽകുന്ന നിർദേശം കേന്ദ്ര സർക്കാറിന് കൈമാറണമെന്നും സ്വീകാര്യമായാലും അല്ലെങ്കിലും സർക്കാർ ഇത് പരിഗണിക്കണമെന്നുമാണ് ഉത്തരവ്.
കരട് വ്യവസ്ഥകളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും പ്രതികരണങ്ങളും ഇ-മെയിൽ, തപാൽ വഴി അറിയിക്കാൻ ഏപ്രിൽ 28 മുതൽ മേയ് 19 വരെയാണ് സമയം നൽകിയിരുന്നതെന്നും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ഭൂരിപക്ഷം പേർക്കും അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണക്കാരായ ജനതക്ക് ഇത്തരം കാര്യങ്ങൾ അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് ഭരണപരമായ കാര്യമാണെന്നും ഹരജിക്കാരന് ഇത് ഹരജിയിലൂടെ ആവശ്യപ്പെടാനാവില്ലെന്നുമായിരുന്നു കേന്ദ്രസർക്കാറിെൻറ നിലപാട്.
593 നിർദേശങ്ങളും അഭിപ്രായങ്ങളും തടസ്സവാദങ്ങളും നിശ്ചിത കാലയളവിൽ ലഭിച്ചതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷെൻറ അഭിഭാഷകൻ അറിയിച്ചു. ഇവ ആഭ്യന്തര മന്ത്രാലയത്തിന് ൈകമാറിയിട്ടുണ്ടെന്നും ഇനി മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി. തുടർന്നാണ് രണ്ടാഴ്ചക്കകം ഹരജിക്കാരൻ അഭിപ്രായങ്ങൾ അയക്കുമെങ്കിൽ അതുകൂടി പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചത്.
ദുരിതാശ്വാസ നടപടികളില്ല
കൊച്ചി: ലക്ഷദ്വീപിൽ സമീപ ആഴ്ചകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടൽക്ഷോഭത്തിലും ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ ഇനിയുമെത്തിയിട്ടില്ല. തീരപ്രദേശത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകൾ ചുഴലിക്കാറ്റിൽ പൂർണമായോ ഭാഗികമായോ നശിച്ചിരുന്നു. 30 മുതൽ 60 ലക്ഷം രൂപ വരെ വിലയുള്ള മത്സ്യബോട്ടുകളാണ് അന്ന് നശിച്ചത്. കടമത്ത്, അമിനി, കിൽത്താൻ, െചത്ത്ലാത്ത്, ബിത്ര എന്നിവിടങ്ങളിൽ വൻനാശമാണ് കാറ്റ് വിതച്ചത്. മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും തകർന്നുവീണിരുന്നു. കൂടാതെ, നിരവധി തെങ്ങുകൾ കടപുഴകുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. നഷ്ടമായ ഷെഡുകൾ പുനർനിർമിക്കാനാകാതിരിക്കുന്നതിനിെടയാണ് ഭരണകൂടത്തിെൻറ ജനവിരുദ്ധ നയങ്ങൾ കൂടിയുണ്ടായത്. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ അനധികൃതമെന്നുപറഞ്ഞ് അവർ പൊളിച്ചുകളയുകയും ചെയ്തു. ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
ലക്ഷദ്വീപിലെ ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനത്തിലൂടെ ഉപജീവനം കണ്ടെത്തുന്നവരാണ്. ട്രോളിങ് നിരോധനംകൂടി പ്രാബല്യത്തിൽ വന്നതോടെ വറുതിയിലാണ് മത്സ്യത്തൊഴിലാളികൾ. ഇതുവരെ അധികൃതർ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ദുരിതം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുെന്നന്നും അവർ പറഞ്ഞു. തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും അവർ അധികാരികളോട് ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭം മൂലം ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് വിവരശേഖരണം നടത്തിയെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, തുടർനടപടികളുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.