ഉത്തരവുകൾ കാറ്റിൽ പറത്തി സ്കൂൾ പഠനയാത്രകൾ; രാത്രിയാത്ര പാടില്ലെന്നതടക്കമുള്ള ചട്ടങ്ങൾ മിക്കപ്പോഴും പാലിക്കുന്നില്ല
text_fieldsകണ്ണൂർ: സ്കൂളുകളിൽ ഇത് പഠനയാത്രക്കാലമാണ്. പേരിൽ പഠനയാത്രയാണെങ്കിലും മിക്ക സ്കൂളുകളിലും ഉത്തരവുകൾ കാറ്റിൽ പറത്തി മൂന്നും നാലും ദിവസം നീളുന്ന വിനോദയാത്രകളാണ് നടക്കുന്നത്. രാത്രിയാത്ര പാടില്ലെന്ന് കർശന നിയമമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
പഠനയാത്രക്കായി അകലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് യാത്രാനിരക്ക് വർധിപ്പിക്കുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ബാധിക്കുന്നുണ്ട്. എല്ലാ വിഭാഗം വിദ്യാർഥികളെയും പങ്കെടുപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് യാത്രക്കായി തിരഞ്ഞെടുക്കേണ്ടതെന്നും കുട്ടികളിൽനിന്ന് അമിത തുക ഈടാക്കാൻ പാടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവുണ്ട്. എന്നാൽ, 4,000 മുതൽ 7,000 വരെ വാങ്ങി ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും മൂന്നും നാലും ദിവസങ്ങൾ നീളുന്ന യാത്രകൾ ഇപ്പോഴും നടക്കുന്നുണ്ട്. അക്കാദമിക് വർഷം ഇടവിട്ടോ തുടർച്ചയായോ പരമാവധി മൂന്നുദിവസം മാത്രമേ പഠനയാത്രക്കായി ഉപയോഗിക്കാവൂവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തുടർച്ചയായ ദിനങ്ങൾ യാത്രക്ക് ഉപയോഗിക്കുമ്പോൾ അവധി ദിവസങ്ങൾകൂടി ചേർത്ത് ക്രമീകരിക്കണമെന്നും ഉത്തരവുണ്ട്. പ്രവൃത്തിദിനങ്ങൾ പരമാവധി രണ്ടു മാത്രമേ പാടുള്ളൂവെന്ന് സാരം.
ഉത്തരവ് വിദ്യാർഥിക്കാണോ സ്കൂളിനാണോ ബാധകമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. കൂടുതൽ ഡിവിഷനുകളുള്ള സ്കൂളുകളിൽ എല്ലാ വിദ്യാർഥികളെയും പഠനയാത്രക്ക് കൊണ്ടുപോകാൻ ആഴ്ചകൾ വേണ്ടിവരും. ഒരു മാസമെങ്കിലും നീളുന്ന ടൂർ മഹോത്സവമാണ് ഇത്തരം സ്കൂളുകളിൽ. പെൺകുട്ടികൾക്കടക്കം സുരക്ഷ ഒരുക്കേണ്ടതിനാൽ കൂടുതൽ അധ്യാപികമാർ യാത്രയെ അനുഗമിക്കേണ്ടിവരും. ഫലത്തിൽ ഇത്രയും ദിവസം പഠനം മുടങ്ങും. മറ്റു ക്ലാസുകളിലെ കുട്ടികളുടെ പഠനത്തെയും ബാധിക്കും.
രാത്രിയാത്ര പാടില്ലെന്ന കർശന നിർദേശം ഭൂരിഭാഗം യാത്രകളിലും പാലിക്കപ്പെടാറില്ല. രാത്രിയാത്ര നടത്തിയില്ലെങ്കിൽ താമസത്തിനും മറ്റുമായി അധികതുകയും കൂടുതൽ യാത്രാദിനങ്ങളും വേണ്ടിവരുമെന്നതിനാലാണ് മിക്ക സ്കൂളുകളും രാത്രിയാത്ര പ്രോത്സാഹിപ്പിക്കുന്നത്. ജലയാത്രകൾ, വനയാത്രകൾ തുടങ്ങിയവ നടത്തുമ്പോൾ ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിച്ച് സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്നാണ് നിയമം. ഇതും മുഴുവനായും പാലിക്കപ്പെടാറില്ല. അനുവദനീയമല്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ യാത്രക്ക് ഉപയോഗിക്കാൻ അനുമതിയില്ല. എന്നാൽ, അരോചകമായ ശബ്ദവും കണ്ണടിച്ചുപോകുന്ന ലൈറ്റുകളുമുള്ള വാഹനങ്ങളിലാണ് മിക്ക യാത്രകളും. ആഡംബര ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഇല്ലാത്ത ബസുകൾ യാത്രക്കായി തിരഞ്ഞെടുക്കാൻ വിദ്യാർഥികളും തയാറാവുന്നില്ലെന്നാണ് ബസ് ഉടമകളുടെ വാദം.
യാത്രക്ക് മുമ്പ് വാഹനങ്ങളുടെയും ജീവനക്കാരുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. മിക്ക സ്കൂളുകളിലും യാത്ര സംഘടിപ്പിക്കുന്നത് ഒരേ യാത്രാപാക്കേജ് സംഘമാണ്. സ്ഥിരം സ്ഥലങ്ങളും സ്ഥിരം താമസസ്ഥലങ്ങളും ഭക്ഷണശാലകളുമാണ് ഇവർ തിരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ വാട്ടർ തീം പാർക്കിലെത്തിയത് 8,000 വിദ്യാർഥികളാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് യാത്രാമാഫിയ തന്നെ നിലനിൽക്കുന്നുണ്ട്. ചില അധ്യാപകരും ഇതിന്റെ ഭാഗമാണ്. ഓരോ യാത്രയിലും പതിനായിരത്തിന് മുകളിലാണ് ഇത്തരക്കാരുടെ കമീഷൻ.
രാത്രി മുഴുവൻ ഉറക്കൊഴിഞ്ഞ് വണ്ടിയോടിച്ച് യാത്ര കഴിഞ്ഞുവന്ന അതേ ഡ്രൈവറും വാഹനവും തന്നെ അടുത്തദിവസം അടുത്ത യാത്രക്കും പോകുന്ന സംഭവങ്ങൾ ഏറെയാണ്. വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റിലിടിച്ച് കുട്ടികളടക്കം ഒമ്പത് പേര് മരിച്ച സംഭവത്തിന് ശേഷം മോട്ടോർ വാഹനവകുപ്പും പൊലീസും രാത്രിയാത്ര പരിശോധന നടത്തിയെങ്കിലും നടപടികൾ പേരിനുമാത്രം. വിവിധ ടൂർ ഓപറേറ്റർമാർ സ്കൂൾ പഠനയാത്രകളുടെ നേതൃത്വം ഏറ്റെടുക്കുന്നതോടെ യാത്രയുടെ സ്വഭാവംതന്നെ മാറും. രക്ഷിതാക്കളുടെയും അധികൃതരെയും മുന്നിൽവെച്ച് യാത്ര തുടങ്ങുന്ന വാഹനത്തിന്റെ രൂപം അതിർത്തി കഴിഞ്ഞാൽ മാറും. കണ്ണടിച്ചുപോകുന്ന ലൈറ്റുകളും കാതടപ്പിക്കും ശബ്ദവും തലപൊക്കും. അധ്യാപക-രക്ഷാകർതൃ സമിതി പഠനയാത്രകൾ നിരീക്ഷിക്കണമെന്നുണ്ടെങ്കിലും മിക്കപ്പോഴും പി.ടി.എ യോഗങ്ങൾ ചടങ്ങു തീർക്കലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.