ഉത്തരവ് പാലിക്കുന്നില്ല; സർക്കാറുകൾക്ക് ഹൈകോടതി വിമർശനം
text_fieldsകൊച്ചി: കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ഹൈകോടതിയുടെ വിമർശനം. ഉത്തരവുകൾ നടപ്പാക്കാതെ കോടതിയോട് അനാദരവ് പ്രകടിപ്പിക്കുകയാണ് സർക്കാറുകൾ െചയ്യുന്നതെന്നടക്കം നിരീക്ഷണങ്ങൾ നടത്തിയാണ് വിവിധ ബെഞ്ചുകൾ അതൃപ്തി പ്രകടിപ്പിച്ചത്.
തിരുവനന്തപുരത്തെ ടാഗോർ തിയറ്റർ നവീകരണവുമായി ബന്ധപ്പെട്ട കരാർ തുക നൽകാത്തതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ ഹരജിയിൽ ജസ്റ്റിസ് പി. ബി. സുരേഷ്കുമാർ സംസ്ഥാന സർക്കാറിനെയും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാൻ നിയമനത്തിനുള്ള ശുപാർശ ഉടനടി പുറപ്പെടുവിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് ഡിവിഷൻബെഞ്ച് കേന്ദ്ര സർക്കാറിനെയും രൂക്ഷമായി വിമർശിച്ചു. ഭൂമി എന്താവശ്യത്തിന് പതിച്ചു നൽകിയെന്ന് കൈവശാവകാശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്ന ഉത്തരവ് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ കോടതി തന്നെ ഇടപെടുമെന്ന മുന്നറിയിപ്പും മറ്റൊരു കേസിൽ നൽകി.
ടാഗോർ തിയറ്ററിെൻറ നവീകരണം 2015 ൽ പൂർത്തിയാക്കിയെങ്കിലും കരാറുകാർക്ക് തുക കൈമാറിയില്ലെന്ന ഹരജിയിലായിരുന്നു പണം നൽകാൻ സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്. എന്നാൽ, ഇത് നടപ്പാക്കാത്ത നടപടി വീണ്ടും കോടതിയുടെ പരിഗണനക്കെത്തുകയായിരുന്നു. സർക്കാറിനു നൽകുന്ന ഉത്തരവുകൾ നടപ്പാക്കാത്തതു മൂലം കോടതിയലക്ഷ്യ ഹരജികൾ വർധിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹരജികൾ പെരുകുന്നത് ഒഴിവാക്കാൻ നടപടി വേണ്ടി വരുമെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു.
നിശ്ചിത സമയത്തിനകം നടപ്പാക്കണമെന്ന ഉത്തരവുകൾ സർക്കാർ സമയബന്ധിതമായി നടപ്പാക്കിയോയെന്ന് സമയക്രമം കഴിയുന്ന മുറയ്ക്ക് പരിശോധിക്കാനാണ് ഒരുങ്ങുന്നത്. സമയ പരിധി അവസാനിച്ചാൽ ഹരജി വീണ്ടും ബെഞ്ചിലേക്ക് പോസ്റ്റ് ചെയ്യാൻ രജിസ്ട്രിക്ക് നിർദേശം നൽകും. നിശ്ചിത സമയത്തിനുള്ളിൽ ഉത്തരവു നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ സമയം തേടി സർക്കാർ അപേക്ഷ നൽകണം. ഉത്തരവു നടപ്പാക്കാത്തതിെൻറ പേരിൽ കോടതിയലക്ഷ്യ ഹരജി നൽകി ഹരജിക്കാരന് സമയവും പണവും നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കണം. കക്ഷികളെ കോടതിയലക്ഷ്യ ഹരജികളിലേക്ക് വലിച്ചിഴക്കരുതെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.
കോടതി ഉത്തരവുകളോട് കുറച്ചൊക്കെ ആദരവ് കാട്ടണമെന്നായിരുന്നു കെ.എ.ടി ചെയർമാൻ നിയമന വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാടിനെതിരെ കോടതി പ്രതികരിച്ചത്. സർക്കാർ ഇങ്ങനെയാണ് കോടതി ഉത്തരവുകളോട് പ്രതികരിക്കുന്നതെങ്കിൽ എങ്ങനെ സാധാരണ മനുഷ്യർക്ക് കോടതിയെ ബഹുമാനിക്കാനാവുമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ആരാഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് യൂനിയൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പേഴ്സനൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്മെൻറ് സെക്രട്ടറി ദീപക് ഖണ്ടേക്കർ എന്നിവർക്ക് കോടതിയലക്ഷ്യ നോട്ടീസ് നൽകാനും ഉത്തരവിട്ടു.
കെ.എ.ടിയിൽ 2020 സെപ്റ്റംബർ 20 മുതൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് ചൂണ്ടിക്കാട്ടി െക.എ.ടി എറണാകുളം അഡ്വക്കറ്റ്സ് അസോസിയേഷൻ നൽകിയ ഹരജിയിൽ മൂന്നാഴ്ചക്കകം നിയമനത്തിനായുള്ള ശിപാർശ നൽകാനാണ് കോടതി നിർദേശിച്ചത്. ഉത്തരവ് നടപ്പാക്കാത്ത പക്ഷം ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തുെമന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, പല തവണ േകാടതി ഉത്തരവ് ബോധ്യപ്പെടുത്തിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്ന് ചൊവ്വാഴ്ച ഹരജി പരിഗണിക്കവേ കേന്ദ്ര സർക്കാർ പ്രതിനിധി അഡീ. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. നടപടികൾക്ക് രണ്ടാഴ്ച കൂടി സമയം തേടുകയും െചയ്തു. ഇതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
കോടതി ഉത്തരവ് കേവലം ആചാരം പോലുള്ള ഒന്നല്ല. അത് നിയമപരമായി പാലിക്കപ്പെടേണ്ടതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ നിർദേശിക്കേണ്ടതാണെങ്കിലും ഇളവ് നൽകുന്നു. അടുത്ത തവണ കേസ് പരിഗണിക്കുേമ്പാൾ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാകണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.