സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വത്തിനിടെ താളംതെറ്റി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനവും
text_fieldsകൊച്ചി: സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ പ്രിൻസിപ്പൽ നിയമനത്തിലും താളംതെറ്റി ഹയർ സെക്കൻഡറി. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് പട്ടികയായെങ്കിലും നിയമന ഉത്തരവ് പുറപ്പെടുവിക്കാത്തതിനാൽ സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകുന്ന അവസ്ഥയിലാണ്. ഏറ്റവുമൊടുവിൽ പ്രിൻസിപ്പൽ നിയമനം നടന്നത് 2022 നവംബറിലാണ്. സംസ്ഥാനത്താകെ ഇരുന്നൂറിലേറെ പ്രിൻസിപ്പൽ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സീനിയർ അധ്യാപകർക്ക് താൽക്കാലിക ചുമതല നൽകിയാണ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് സ്ഥിതി ഗുരുതരം.
സ്പെഷൽ റൂൾ പ്രകാരം ആകെ ഒഴിവിന്റെ മൂന്നിൽരണ്ട് ഭാഗം ഹയർ സെക്കൻഡറി അധ്യാപകരുടെയും ബാക്കി ഭാഗം ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും പ്രമോഷൻ തസ്തികയാണ്. യോഗ്യരായ അധ്യാപകരിൽനിന്ന് സേവനകാലദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സി.ആർ) സ്വീകരിച്ചാണ് സ്ഥാനക്കയറ്റ പട്ടിക തയാറാക്കുക. തുടർന്ന് വകുപ്പുതല പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) ചേർന്ന് ഉദ്യോഗാർഥിയുടെ യോഗ്യതകൾകൂടി പരിഗണിച്ച് അന്തിമ സെലക്ട് ലിസ്റ്റ് ഗസറ്റ് വിജ്ഞാപനമായി പുറപ്പെടുവിക്കും. ഉടനടി നിയമനവും നടക്കും.
കഴിഞ്ഞ നവംബർ 28ന് ഡി.പി.സി കൂടി ലിസ്റ്റുകൾക്ക് അംഗീകാരം നൽകി. 2024 ജനുവരി 24ന് സെലക്ട് ലിസ്റ്റ് ഗസറ്റ് വിജ്ഞാപനമായി പുറപ്പെടുവിക്കുകയും ചെയ്തു. ഹയർ സെക്കൻഡറി അധ്യാപകരായ 91 പേരുടെയും ഹൈസ്കൂൾ പ്രധാനാധ്യാപകരായ 45 പേരുടെയും പട്ടികയാണ് തയാറായത്. എന്നാൽ, നിയമനം മാത്രം നടന്നില്ല. ഒരു വർഷത്തിലെ മൂന്ന് പൊതുപരീക്ഷകൾ, പ്ലസ് വൺ അഡ്മിഷൻ, വിവിധ ഇനം സ്കോളർഷിപ്പുകൾ, സ്കൂൾതല നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടതിന് പുറമെ ഹയർ സെക്കൻഡറിയുമായി ചേർന്നുള്ള സെക്കൻഡറി വിഭാഗത്തിന്റെ ചുമതലകൾ കൂടി നിർവഹിക്കേണ്ടത് പ്രിൻസിപ്പലാണ്.
എച്ച്.എസ്.എസ് അധ്യാപകരുടെ സ്ഥലംമാറ്റ പട്ടികയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും നിയമപരമായ തുടർനടപടികളുമാണ് പ്രിൻസിപ്പൽ നിയമനം വൈകാൻ കാരണം. അതേസമയം, പ്രിൻസിപ്പൽമാരുടെ ചുമതലയുള്ള അധ്യാപകർ പലയിടത്തും സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ക്ലർക്ക്, പ്യൂൺ തസ്തികകൾ നിലവിലില്ലാത്തതിനാൽ അവരുടെ ജോലികൂടി മുഴുസമയ അധ്യയനത്തിനുശേഷം പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപകർ നിർവഹിക്കണം.
ഈ ചുമതലയിലുള്ള അധ്യാപകർ സ്ഥലംമാറ്റപ്പെട്ടപ്പോൾ അത്തരം സ്കൂളുകളിലെ ഭരണനിർവഹണ സംവിധാനവും അലങ്കോലപ്പെട്ടു. നിയമന പട്ടികയിലുൾപ്പെട്ട ഒട്ടേറെപ്പേർക്ക് കഴിഞ്ഞ മാസങ്ങളിൽ നിയമനം ലഭിക്കാതെതന്നെ സർവിസിൽനിന്ന് വിരമിക്കേണ്ടി വന്നു. മാർച്ച്, മേയ് മാസങ്ങളിലാണ് അധ്യാപകരുടെ വിരമിക്കൽ ഏറ്റവും കൂടുതൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.