കോവിഡ് ചികിത്സ നിരക്കും മരുന്നുവിലയും പ്രദർശിപ്പിക്കൽ; ഉത്തരവ് നടപ്പാക്കിയതിെൻറ റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് ചികിത്സ നിരക്കും മരുന്നുവിലയും പ്രദർശിപ്പിക്കണമെന്നതടക്കം ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് ഹൈകോടതി സർക്കാറിെൻറ റിപ്പോർട്ട് തേടി. സ്വകാര്യ ആശുപത്രികളുടെ നിവേദനങ്ങൾ പരിഗണിച്ചോയെന്നും പ്രശ്നങ്ങൾ വിലയിരുത്താൻ നടപടി സ്വീകരിച്ചോയെന്നും ഒരാഴ്ചക്കകം അറിയിക്കണം.
സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകളുടെ കാര്യത്തിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദാംശങ്ങൾ ആരാഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് നിയന്ത്രിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കോവിഡ് ബാധിതരായ ചിലർ വി.ഐ.പി ചികിത്സ സ്വീകരിക്കാനും പണം മുടക്കാനും തയാറാണെങ്കിലും സർക്കാർ നിശ്ചയിച്ച നിരക്ക് ഇതിന് തടസ്സമാകുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ നിശ്ചയിച്ച നിരക്ക് വളരെ കുറവാണ്. തമിഴ്നാട്ടിൽ നിലവിലുള്ള നിരക്കെങ്കിലും അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, കോവിഡിന് വി.ഐ.പിയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലെന്നും ഇൗ ഘട്ടത്തിൽ നമ്മൾ ഒരുമിച്ചുനിൽക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാൽ പറഞ്ഞു.
ഈ സാഹചര്യത്തിൽ പണം മാനദണ്ഡമാക്കരുത്. കോവിഡ് ബാധിതരുടെ എണ്ണം വലുതാണ്. ഇൗ ഘട്ടത്തിൽ ഇതൊരു സാമൂഹികപ്രവർത്തനംകൂടിയാണ്. സാമ്പത്തികപ്രതിസന്ധി നേരിടുെന്നന്ന് ഹരജിക്കാർ പറയുെന്നങ്കിലും കഴിഞ്ഞ ഒരുമാസം ഒരു ആശുപത്രിപോലും പൂട്ടിപ്പോയിട്ടില്ല. ചികിത്സ നിരക്ക് നിശ്ചയിച്ചപ്പോൾ വിലകൂടിയ മരുന്നുകളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തെ പിന്തുണച്ച് ഹരജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയതായി ചൂണ്ടിക്കാട്ടിയ ഐ.എം.എയുടെ അഭിഭാഷകനോട് രോഗികളെ സംരക്ഷിക്കുക എന്ന വലിയ ദൗത്യംകൂടി നമുക്കുണ്ടെന്ന് കോടതി ഓർമപ്പെടുത്തി. തുടർന്ന് സർക്കാറിനോട് വിശദീകരണം തേടിയ കോടതി ഹരജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.