ലൈഫ് പദ്ധതി അപേക്ഷ: മന്ത്രിസഭയിൽ വകുപ്പുകളുടെ തർക്കം
text_fieldsതിരുവനന്തപുരം: ലൈഫ് പദ്ധതി അപേക്ഷ പരിശോധിക്കാൻ മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സേവനം തദ്ദേശവകുപ്പിന് വിട്ടുനൽകുന്ന വിഷയത്തിൽ മന്ത്രിസഭ യോഗത്തിൽ തർക്കം. ചീഫ് സെക്രട്ടറി വി.പി. ജോയി വെച്ച നിർദേശത്തോട് തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ യോജിച്ചില്ല. വകുപ്പ് സെക്രട്ടറിമാരുടെ അനുമതിയോടെ വേണം ജീവനക്കാരുടെ സേവനം വിട്ടുകൊടുക്കാനെന്ന് കൃഷി-വിദ്യാഭ്യാസ വകുപ്പുകൾ നിർദേശിച്ചു. പിന്നീട് തീരുമാനിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഇതോടെ തീരുമാനം മാറ്റിവെച്ചു.
മറ്റു വകുപ്പുകളിലെ ജീവനക്കാരെ അപേക്ഷ പരിശോധിക്കാൻ നിയോഗിക്കുന്ന വിഷയത്തിൽ ഒന്നര മാസത്തോളമായി തർക്കം തുടരുകയാണ്. കൃഷി വകുപ്പിലെ ജീവനക്കാരെ നിയോഗിക്കുകയും ഹാജരാകാത്തവരെ തദ്ദേശസ്ഥാപന അധ്യക്ഷർ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കൃഷി ഡയറക്ടർ ഇത് കൃഷിവകുപ്പ് ജീവനക്കാർക്ക് ബാധകമല്ലെന്ന ഉത്തരവ് ഇറക്കി. വകുപ്പുകൾ തമ്മിലുള്ള തർക്കമായി വിഷയം മാറി.
രണ്ടാഴ്ച മുമ്പ് മന്ത്രിസഭയിൽ വിഷയം വരുകയും പരിശോധിച്ച് നിർദേശം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നിർദേശങ്ങളാണ് ചീഫ് സെക്രട്ടറി ബുധനാഴ്ച യോഗത്തിൽവെച്ചത്. ലൈഫ് ഗുണഭോക്തൃ പട്ടിക പരിശോധനക്ക് തദ്ദേശവകുപ്പിലെ നിലവിലെ ഉദ്യോഗസ്ഥർ പര്യാപ്തമാകില്ലെന്നും മറ്റ് വകുപ്പുകളുടെ സഹായം വേണമെന്നും അഭിപ്രായപ്പെട്ട ചീഫ് സെക്രട്ടറി പൊതു മാർഗനിർദേശം വേണമെന്നും നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമുള്ള ജീവനക്കാരെ വിട്ടുകിട്ടാൻ ജില്ലയിലെ വകുപ്പുകളുടെ മേധാവികളുമായി ആലോചിച്ച് വിന്യാസം പൂർത്തിയാക്കണമെന്നും നിർദേശിച്ചു. പ്രധാന ജോലികൾ തടസ്സപ്പെടാത്ത വിധമാകണം വിന്യാസമെന്നും വകുപ്പ് സെക്രട്ടറിയുടെ അനുമതികൂടി ഇതിന് വേണമെന്നും വിദ്യാഭ്യാസ-കൃഷി മന്ത്രിമാർ നിർദേശിച്ചു. ഇവ തദ്ദേശവകുപ്പിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന് തദ്ദേശമന്ത്രി നിലപാടെടുത്തു. അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി കിട്ടിയ അധികാരം വിനിയോഗിക്കാനാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.