ഇന്ധന നികുതിയിൽ വാക്പോര്; കുറച്ചതോ, കുറഞ്ഞതോ?
text_fieldsതിരുവനന്തപുരം: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതിനെ തുടർന്ന് കേരളത്തിലേത് 'കുറച്ചതോ കുറഞ്ഞതോ 'എന്നതിൽ വാക്പോര് കത്തിപ്പടരുന്നു. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും സംസ്ഥാനം കുറച്ചതാണെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവർത്തിക്കുന്നത്. എന്നാൽ, കേന്ദ്ര എക്സൈസ് തീരുവയിലെ കുറവിനെ തുടർന്ന് സംസ്ഥാനത്തേത് സ്വാഭാവികമായി വന്ന കുറവാണെന്നും സർക്കാർ ജനത്തെ കബളിപ്പിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ മറുവാദം. അതേസമയം, ഇരുവാദത്തിനും സാധുതയും കേരളത്തെ സംബന്ധിച്ച് മുന്നനുഭവുമുണ്ടെന്നതാണ് വസ്തുത.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില നിർണയാധികാരം കമ്പനികൾക്ക് കൈമാറിയതിനു പിന്നാലെ കേന്ദ്രവും സംസ്ഥാനവും എങ്ങനെ ഇന്ധനനികുതി പങ്കിടുമെന്നത് സംബന്ധിച്ച് രംഗരാജൻ കമീഷൻ പഠനം നടത്തിയിരുന്നു. കേന്ദ്ര എക്സൈസ് തീരുവയുടെ മൂന്നിലൊന്ന് സംസ്ഥാനങ്ങൾക്ക് നികുതിയായി ഈടാക്കാമെന്നായിരുന്നു ശിപാർശ. ഇതനുസരിച്ച് പെട്രോളിൽ 30.8 ശതമാനവും ഡീസലിൽ 22.7 ശതമാനവുമാണ് സംസ്ഥാനം നികുതിയായി ഈടാക്കുന്നത്. ഫലത്തിൽ കേന്ദ്രം നികുതി ഒരു രൂപ കൂട്ടുമ്പോൾ അതിന്‍റെ 30.8 ശതമാനം സംസ്ഥാനത്തിന് നികുതിയായി കിട്ടും. ഇനി ഒരു രൂപ കുറച്ചാലും അതേ അളവിൽ സംസ്ഥാനത്തിനും കുറവ് വരും.
ഇതുപ്രകാരം കഴിഞ്ഞദിവസം പെട്രോൾ വിലയിൽ എട്ടു രൂപയും ഡീസൽ വിലയിൽ ആറു രൂപയും കേന്ദ്രം കുറവ് വരുത്തിയപ്പോൾ കേരളത്തിന് ഈ ശതമാനക്കണക്കനുസരിച്ച് 2.41 രൂപയും 1.36 രൂപയും സ്വാഭാവികമായും കുറവ് വരും. എന്നാൽ, വരുമാനം നഷ്ടപ്പെടുമെന്നതിനാൽ ഈ കുറവ് വരുത്താതിരിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നതാണ് പ്രശ്നം. ഇതിനു സമാനമായ സാഹചര്യം യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തുണ്ടായിട്ടുണ്ട്. അന്ന് കേന്ദ്രം നികുതി കുറക്കുകയല്ല, കൂട്ടുകയാണ് ചെയ്തത്. വർധിപ്പിച്ച നികുതിക്ക് ആനുപാതികമായി പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.7 ശതമാനവും സംസ്ഥാനത്തിന് അധികവരുമാനം ലഭിക്കുമായിരുന്നു.
എന്നാൽ, വിലക്കയറ്റവും ജീവിത സാഹചര്യങ്ങളും കണക്കിലെടുത്ത് ഈ വർധനയുടെ ഭാഗമായുള്ള അധിക വരുമാനം വേണ്ടെന്ന് വെക്കാനായിരുന്നു സർക്കാർ തീരുമാനം. നാലുവട്ടം അധിക നികുതിവേണ്ടെന്ന് വെച്ചു. ഇത്തരത്തിൽ നികുതി വർധിപ്പിക്കാതിരിക്കാൻ അധികാരമുണ്ടെങ്കിൽ സ്വാഭാവികമായും കുറക്കാതിരിക്കാനും സംസ്ഥാനത്തിന് കഴിയും. കഴിഞ്ഞ ദിവസത്തെ കുറവ് കേരളത്തിന് ബാധകമാക്കാതിരിക്കാൻ സർക്കാറിന് സാധിക്കുമായിരുന്നു. എന്നാൽ, അതിനു മുതിർന്നില്ലെന്നതിനാൽ 'ഞങ്ങൾ കുറവ് വരുത്തി'യെന്ന ധനമന്ത്രിയുടെ വാദത്തിനും സാധുതയുണ്ട്. കഴിഞ്ഞ ആറുവർഷമായി സംസ്ഥാനം നികുതി നിരക്ക് കൂട്ടിയിട്ടുമില്ല.
കുറച്ചതാണ്, സ്വാഭാവികമായി വന്ന കുറവല്ല -മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും സംസ്ഥാന സർക്കാർ കുറച്ചതാണെന്നും സ്വാഭാവികമായി വന്ന കുറവല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില കുറക്കുമ്പോള്‍ സംസ്ഥാന സർക്കാറും കുറക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സർക്കാറിന് കൂട്ടുകയും കുറക്കുകയും ചെയ്യാം. എന്നാൽ, 30 രൂപ കൂട്ടിയവർ ആറു രൂപ കുറക്കുമ്പോൾ വലിയ എന്തോ ഡിസ്കൗണ്ട് സെയിൽപോലെ കാണരുത്. 2018ൽ പിണറായി സർക്കാർ നികുതി കുറച്ചതിന്റെ ഭാഗമായി ആ വർഷം 500 കോടിയുടെ നഷ്ടം വന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പലതവണ വര്‍ധിപ്പിച്ച ഇന്ധന നികുതി പിണറായി സര്‍ക്കാര്‍ വന്ന് മൂന്നാം വര്‍ഷത്തില്‍ കുറച്ചു. അതിനു ശേഷം നികുതി വര്‍ധിപ്പിച്ചിട്ടില്ല. നിലവിലെ സ്പെഷല്‍ സെസ് കേന്ദ്രസര്‍ക്കാര്‍ പിരിക്കാന്‍ പാടില്ലാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.