മേയറെയും എം.എൽ.എയെയും ചോദ്യം ചെയ്യാൻ പൊലീസ്: മൊഴിയെടുപ്പ് ഇന്ന് നടക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള വാക്കുതർക്കവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെ മേയറെയും എം.എൽ.എയെയും ചോദ്യം ചെയ്യാൻ പൊലീസ്. ഇന്ന് മുതൽ മൊഴിയെടുപ്പ് തുടങ്ങും. പരാതിക്കാരായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകന്റെ മൊഴി എന്നിവയാണ് രേഖപ്പെടുത്തുക. ഇവരോട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാളയം സാഫല്യം കോംപ്ലക്സിന് സമീപം ഏപ്രിൽ 27ന് രാത്രിയുണ്ടായ സംഭവത്തിൽ ഒമ്പതാം ദിവസമാണ് മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
നേമം സ്വദേശിയായ ഡ്രൈവർ എൽ.എച്ച്. യദുവിന്റെ പരാതിയിൽ സി.ജെ.എം കോടതി-മൂന്നിന്റെ നിർദേശപ്രകാരമാണ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഐ.പി.സി 353, 447, 341, 294(ബി), 201,34 മോട്ടോർ വാഹന നിയമം 177 വകുപ്പുകളാണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതി സച്ചിൻ ദേവ് എം.എൽ.എക്കെതിരെ ഗുരുതരമായ ആരോപണവും എഫ്.ഐ.ആറിലുണ്ട്. പ്രതികളായ അഞ്ചു പേർ ചേർന്ന് സീബ്രാലൈനിൽ കാർ കുറുകെയിട്ട് ബസ് തടഞ്ഞെന്നും എം.എൽ.എ ബസിനകത്ത് അതിക്രമിച്ച് കയറി ഡ്രൈവറോട് അസഭ്യം പറഞ്ഞെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തേ എ.എ. റഹീം എം.പിയും എം.എൽ.എയും ഡ്രൈവർ യദുവിന്റെ ഈ ആരോപണം നിഷേധിച്ചിരുന്നു. എന്നാൽ, യാത്രികരെ ബസിൽനിന്ന് ഇറക്കിവിട്ടെന്ന പരാതിക്കാരന്റെ ആരോപണം എഫ്.ഐ.ആറിൽ ഇല്ല. അഞ്ചു വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികൾ സ്വാധീനം ഉപയോഗിച്ച് ബസിലെ ദൃശ്യങ്ങൾ പതിഞ്ഞ മെമ്മറി കാർഡ് നശിപ്പിച്ചതായി എഫ്.ഐ.ആറിലുണ്ട്.
ഇതേ സംഭവത്തിൽ അഭിഭാഷകനായ ബൈജു നോയൽ റൊസാരിയോയുടെ ഹരജിയിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച അഭിഭാഷകന്റെ മൊഴിയെടുക്കും. അതിനു ശേഷം രണ്ടാം കേസിൽ യദുവിന്റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. അതുകഴിഞ്ഞാവും മേയറെയും എം.എല്‍.എയെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത്. പരാതിക്കാരനായ അഭിഭാഷകനോട് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഡി.സി.പി നിതിൻ രാജിനാണ് അന്വേഷണ ചുമതല. മേയറും എം.എൽ.എയും കണ്ടാലറിയാവുന്ന അഞ്ചുപേരുമാണ് അഭിഭാഷകന്റെ പരാതിയിലെ പ്രതികൾ. യദുവിന്റെ പരാതിയിൽ ഇവർക്കു പുറമെ, ആര്യയുടെ സഹോദരൻ അരവിന്ദ്, സഹോദര ഭാര്യ ആര്യ എന്നിവരും കണ്ടാലറിയാവുന്ന ഒരാളുമാണ് പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.