തർക്കംതീരാതെ എൽ.ജെ.ഡി; വീണ്ടും സമാന്തര യോഗവുമായി ഒരുവിഭാഗം
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പോടെ എൽ.ജെ.ഡിയിലുണ്ടായ ആഭ്യന്തര കലാപം പുതിയ തലത്തിലേക്ക്. സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാറിെന മാറ്റണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ ദേശീയ അധ്യക്ഷൻ ശരത് യാദവിനെ കണ്ടതിനെ തുടർന്ന് പ്രഖ്യാപിച്ച പുനഃസംഘടന അട്ടിമറിച്ചതോടെയാണ് വീണ്ടും വിഭാഗീയത അതിരൂക്ഷമായത്. ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച ഒരുവിഭാഗം തിരുവനന്തപുരത്ത് യോഗംചേരും. ഈ യോഗം നടക്കാതിരിക്കാനുള്ള ചരടുവലി പ്രസിഡൻറിെന അനുകൂലിക്കുന്നവരും അണിയറയിൽ നടത്തുന്നുണ്ട്.
അതിനിടെ വൻ കുടിയൊഴിപ്പിക്കലുണ്ടാവുന്ന സിൽവർലൈൻ പദ്ധതിയടക്കം പാർട്ടിയുടെ വികസനകാഴ്ചപ്പാടിന് വിരുദ്ധമാെണന്ന് പ്രഖ്യാപിച്ച് കെ. ശങ്കരൻ മാസ്റ്റർ സംസ്ഥാന വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.
എല്ലാ നേതാക്കളുമായി കൂടിയാലോചിച്ച് പാർട്ടിയിൽ പുനഃസംഘടന നടത്തുെമന്ന് അഖിലേന്ത്യ അധ്യക്ഷന് ഉറപ്പുനൽകിയ പ്രസിഡൻറ്, തന്നെ പിന്തുണക്കുന്നവെര മാത്രം കമ്മിറ്റികളിൽ ഉൾപ്പെടുത്തുകയും സംസ്ഥാന കൗൺസിലില്ലാത്തവരെ ഭാരവാഹിയാക്കുകയും ചെയ്തതാണ് മറുവിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇതിലുള്ള അമർഷം കെ.പി. മോഹനൻ എം.എൽ.എ അടക്കം നേതാക്കൾ അറിയിച്ചിട്ടും പ്രസിഡൻറ് പുനഃസംഘടനയുമായി മുന്നോട്ടുപോവുകയാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കളായ വർഗീസ് ജോർജ്, അഡ്വ. എം.കെ. പ്രേംനാഥ്, ഇ.പി. ദാമോദരൻ മാസ്റ്റർ, കെ. ശങ്കരൻ മാസ്റ്റർ എന്നിവർ പ്രസിഡൻറിനെ കണ്ട് ചർച്ച നടത്തിയെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല.
നാലു മാസമായി ചേരാത്ത സംസ്ഥാന കമ്മിറ്റി യോഗം നവംബർ 20ന് കോഴിക്കോട്ട് ചേരാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡൻറുമാരുടെയും യോഗവും അന്ന് നടക്കും. ഇതിലടക്കം സ്വീകരിക്കേണ്ട നിലപാടുകൾ രൂപപ്പെടുത്താനും കൂടിയാണ് നേതാക്കൾ തിരുവനന്തപുരത്ത് സമാന്തര യോഗം ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.