മന്ത്രിമാർ തമ്മിലെ തർക്കം; സ്വീകരണം ഏറ്റുവാങ്ങാതെ ശ്രീജേഷ് മടങ്ങി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കമറിയാതെ സർക്കാറിന്റെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ ഹോക്കി താരം പി.ആര്. ശ്രീജേഷ് തലസ്ഥാനത്തുനിന്ന് നിരാശയോടെ മടങ്ങി. തിങ്കളാഴ്ച സർക്കാർ ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ ശനിയാഴ്ച രാത്രിയാണ് കുടുംബസമേതം തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രാമധ്യേയാണ് മന്ത്രി വി. ശിവന്‍കുട്ടി വിളിച്ച് സ്വീകരണം മാറ്റിവെച്ച കാര്യമറിയിച്ചത്. സാങ്കേതിക തടസ്സങ്ങള്‍കൊണ്ട് പരിപാടി മാറ്റിയെന്നാണറിയിച്ചത്. ഇതോടെ ഇന്നലെ വൈകീട്ടോടെ താരവും കുടുംബവും എറണാകുളത്തേക്ക് മടങ്ങി.
വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ തമ്മിലെ ഭിന്നതയെതുടര്‍ന്നാണ് ശ്രീജേഷിനുള്ള സ്വീകരണ പരിപാടി അവസാനഘട്ടത്തില്‍ മാറ്റിവെച്ചത്. ശ്രീജേഷിനുള്ള സ്വീകരണവും സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടിയുടെ പാരിതോഷിക വിതരണവും തിങ്കളാഴ്ച വൈകീട്ട് നാലിന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി ശനിയാഴ്ച ഉച്ചക്ക് വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വൈകീട്ട് അഞ്ചരയോടെ സ്വീകരണം മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു
വകുപ്പുകളുടെ തര്‍ക്കം ശ്രദ്ധയിൽപെട്ടതിനെതുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് സ്വീകരണം മാറ്റിയത്. വിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീയമായി മുന്‍കൈയെടുത്ത് സ്വീകരണം ഒരുക്കിയെന്നാണ് കായിക വകുപ്പിന്റെ ആരോപണം. ഒളിമ്പിക്സ് മെഡല്‍ ജേതാവിന് സ്വീകരണമൊരുക്കേണ്ടത് തങ്ങളാണെന്ന നിലപാടാണ് കായികവകുപ്പിനുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോ. ഡയറക്ടറാണ് ശ്രീജേഷ്. അത് കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് മുന്കൈയെടുക്കേണ്ടതെന്നാണ് ശിവൻകുട്ടിയുടെ വാദം.
എന്നാൽ മന്ത്രിമാർ തമ്മിലുള്ള തർക്കം അധികൃതർ നിഷേധിച്ചു. തിങ്കളാഴ്ച ഉച്ചക്കുശേഷം തലസ്ഥാനത്ത് നടക്കുന്ന ശോഭായാത്രയും പരിപാടി മാറ്റിവെക്കാന്‍ കാരണമായതായി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ശോഭായാത്ര ആരംഭിക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍നിന്നാണ് ശ്രീജേഷിന്റെ സ്വീകരണ ഭാഗമായുള്ള ഘോഷയാത്രയും നിശ്ചയിച്ചത്. രണ്ടും ഏതാണ്ട് ഒരേ സമയത്തായിരുന്നത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.