എം.എൽ.എമാർക്ക് അയോഗ്യത: മദ്രാസ് ഹൈകോടതിയിൽ ‘ഭിന്ന വിധി’
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ എം.എൽ.എമാരെ അയോഗ്യരാക്കിയ തമിഴ്നാട് സ്പീക്കർ പി. ധനപാലിെൻറ നടപടിയെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികളിൽ മദ്രാസ് ഹൈകോടതി ജഡ്ജിമാർക്കിടയിൽ ‘ഭിന്നവിധി’. വ്യാഴാഴ്ച ഉച്ചക്ക് 1.45നാണ് വിധി പ്രഖ്യാപനമുണ്ടായത്. തമിഴ്നാട് നിയമസഭയിൽ ടി.ടി.വി. ദിനകരനെ പിന്തുണച്ച 18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി ശരിവെച്ചു. നിയമസഭ സ്പീക്കറുടെ ഉത്തരവിൽ ജുഡീഷ്യറിക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നും നിയമവിരുദ്ധമായി സ്പീക്കർ പ്രവർത്തിച്ചിട്ടില്ലെന്നും ഏതെങ്കിലും വിദ്വേഷത്തിെൻറ പേരിൽ സ്പീക്കർ നടപടിയെടുത്തതായി കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം, സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും തീരുമാനത്തിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകിയത് കൂറുമാറ്റ നിരോധന നിയമത്തിെൻറ പരിധിയിൽ വരില്ലെന്നും രണ്ടാമത്തെ ജസ്റ്റിസ് എം. സുന്ദർ വ്യക്തമാക്കി. ഗവർണർക്ക് 19 എം.എൽ.എമാരാണ് പരാതി നൽകിയത്. എന്നാൽ, 18 എം.എൽ.എമാർക്കെതിരെ മാത്രമാണ് സ്പീക്കർ നടപടിയെടുത്തതെന്ന് ജസ്റ്റിസ് സുന്ദർ ചൂണ്ടിക്കാട്ടുന്നു. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത തീർപ്പുണ്ടായ നിലയിൽ മൂന്നാമത്തെ ജഡ്ജിക്ക് കേസ് കൈമാറുമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി അറിയിച്ചു.
മൂന്നാമത്തെ ജഡ്ജിയുടെ വിധി പ്രഖ്യാപനം ഉണ്ടാവുന്നതുവരെ വിശ്വാസ വോെട്ടടുപ്പും ഉപതെരഞ്ഞെടുപ്പും നടത്തരുതെന്ന കോടതിയുടെ മുൻ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നാമത്തെ ജഡ്ജി കേസിെൻറ വാദംേകട്ടതിനുശേഷം പുറെപ്പടുവിക്കുന്ന തീർപ്പുകൂടി കണക്കിലെടുത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷമെന്ന നിലയിലായിരിക്കും ഹൈകോടതിയുടെ അന്തിമ തീരുമാനമായി കണക്കാക്കുക.
ശശികല, ദിനകരൻ എന്നിവരെ അണ്ണാ ഡി.എം.കെയിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിൽ 18 എം.എൽ.എമാർ 2017 ആഗസ്റ്റിൽ അന്നത്തെ ഗവർണർ വിദ്യാസാഗർ റാവുവിനെ സന്ദർശിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും പിന്തുണ പിൻവലിക്കുന്നതായും കത്ത് നൽകി.
ഇതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ 18 എം.എൽ.എമാരും പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതായി ആരോപിച്ച് സ്പീക്കർക്ക് പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് 2017 സെപ്റ്റംബർ 18ന് സ്പീക്കർ അയോഗ്യത കൽപിച്ച് ഉത്തരവിട്ടത്. തുടർന്ന് നടപടിക്ക് വിധേയരായ എം.എൽ.എമാർ കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.