ശമ്പളകമീഷൻ ശിപാർശയിലെ അവഗണന; അസോസിയേഷൻ നേതൃത്വത്തിനെതിരെ പൊലീസുകാർ
text_fieldsആലുവ: ശമ്പളകമീഷൻ ശിപാർശയിലെ അവഗണനയിൽ അസോസിയേഷൻ നേതൃത്വത്തിനെതിരെ വിമർശനവുമായി പൊലീസുകാർ. കമീഷൻ റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥരെ അവഗണിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്നാണ് വ്യാപക പരാതി. കഴിഞ്ഞ കമീഷൻ പൊലീസുകാർക്ക് മാന്യമായ പരിഗണന നൽകിയിരുന്നെങ്കിൽ ഇക്കുറി അതുണ്ടായില്ലത്രെ. കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽനിന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകിയപ്പോൾ വിശ്രമമില്ലാതെ പണിയെടുത്ത പൊലീസുകാരെ അവഗണിച്ചെന്നാണ് ആക്ഷേപം.
വില്ലേജ് ഓഫിസർമാർക്കുപോലും കോവിഡ് മുൻനിർത്തി ശമ്പളവും അലവൻസും വർധിപ്പിച്ചപ്പോൾ പൊലീസിനുള്ള റിസ്ക് അലവൻസ് 10 രൂപ മാത്രം വർധിപ്പിച്ചത് കടുത്ത അനീതിയാണെന്നാണ് ആക്ഷേപം. ഇക്കാര്യങ്ങൾ കാണാതെ പോയത് വഞ്ചനയാണെന്നാണ് പൊലീസുകാരുടെ വാട്ട്സ് ആപ് കൂട്ടായ്മകളിൽ പ്രചരിക്കുന്ന ആരോപണം.
അസോസിേയഷൻ നേതൃത്വത്തിനും വീഴ്ച പറ്റിയതായും ആരോപണമുണ്ട്. പ്രകൃതിദുരന്തങ്ങൾ, കോവിഡ് തുടങ്ങി ദുർഘട സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ പൊലീസിെൻറ സേവനത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ശമ്പളഘടന നേടിയെടുക്കാൻ അസോസിയേഷനുകൾക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.
5000 രൂപയായിരുന്ന യൂനിഫോം അലവൻസ് 500 രൂപയാണ് കൂട്ടിയത്. 10ാം ശമ്പള കമീഷൻ 2750ൽനിന്ന് 5000 രൂപയായി ഉയർത്തിയ യൂനിഫോം അലവൻസിൽ കാലാനുഗത വർധനയില്ല. ഡേ ഓഫ് അലവൻസ് കഴിഞ്ഞ കമീഷൻ 100 ശതമാനം വർധിപ്പിച്ചപ്പോൾ ഇത്തവണ 10 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ ശമ്പള കമീഷൻ ഏർപ്പെടുത്തിയ 300 രൂപ ട്രാഫിക് ഡ്യൂട്ടി അലവൻസിൽ 30 രൂപ മാത്രമാണ് കൂട്ടിയത്. പൊലീസിന് അർഹമായ അംഗീകാരത്തിന് യാഥാർഥ്യബോധത്തോടെ ശമ്പളകമീഷന് മുന്നിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.