ദേവസ്വം ബോര്‍ഡിലും അസംതൃപ്തി, പ്രത്യക്ഷസമരത്തിന് മടിച്ച് ഇടതുസംഘടന
text_fieldsതിരുവനന്തപുരം: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ കടുത്ത അസംതൃപ്തിയിൽ. എന്നാൽ തൽക്കാലം പ്രത്യക്ഷസമരത്തിലേക്ക് ഇറങ്ങേണ്ടെന്ന തീരുമാനത്തിലാണ് ഇടതുപക്ഷ അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍. ശമ്പള പരിഷ്കരണം ജീവനക്കാർ നാളുകളേറെയായി ഉന്നയിക്കുന്ന ആവശ്യമാണ്. അതിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ സംഘടനകളുമായി ബോര്‍ഡ് കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. എന്നാൽ ചർച്ചയിൽ ജീവനക്കാർ തൃപ്തരല്ല. അനുകൂല നിലപാട് സ്വീകരിക്കാമെന്ന് ബോർഡ് വ്യക്തമാക്കിയെങ്കിലും എന്നുമുതൽ ശമ്പളപരിഷ്കരണം നടപ്പാക്കാമെന്ന കാര്യത്തിൽ വ്യക്തത വരുത്താത്തതാണ് പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.
2019 ലെ ശമ്പളപരിഷ്കാരം ദേവസ്വം ബോര്‍ഡിലും അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യമാണ് ജീവനക്കാർ ഉന്നയിക്കുന്നത്. എന്നാൽ ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എന്ന് മുതൽ ഇത് നടപ്പാക്കാമെന്ന് കൃത്യമായ മറുപടി ഉണ്ടായില്ല. ശമ്പളപരിഷ്കരണം വൈകാതെ നടപ്പാക്കാമെന്നാണ് വാഗ്ദാനം. എന്നാൽ സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ടുപോകാനാകാത്ത സാമ്പത്തിക സ്ഥിതിയാണ് ബോര്‍ഡിനുള്ളതെന്നും അവർ സംഘടനയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് തൽക്കാലം പരസ്യപ്രതിഷേധം വേണ്ടെന്ന നിലപാടിലേക്ക് കോൺഫെഡറേഷന്‍ എത്തിയത്.
ശബരിമല നട വരുമാനം കുറഞ്ഞതോടെയാണ് ദേവസ്വംബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്. സ്തീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍, പിന്നീട് എത്തിയ പ്രളയം, കോവിഡ് എന്നിവയില്‍ വരുമാനം തീരെ കുറഞ്ഞിരുന്നു. കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണില്‍ സാമാന്യം നല്ലവരുമാനം കിട്ടിയതോടെയാണ് ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം ജീവനക്കാർ ശക്തമാക്കിയത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ സഹായം ലഭ്യമായതുകൊണ്ട് മാത്രമാണ് ക്ഷേത്രങ്ങളിലെ ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയവ മുടക്കം കൂടാതെ നടന്നുപോയത്. സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ഭക്തർ ഇപ്പോൾ ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തുന്നുണ്ട്. സാമ്പത്തിക സ്ഥിതി പൂർണമായി പഴയനിലയിൽ ആയിട്ടില്ലെങ്കിലും വരുമാനം മെച്ചപ്പെട്ടുവരുന്ന സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.