വനനിയമ ഭേദഗതിയിൽ അതൃപ്തി; മാണിവിഭാഗം മുഖ്യമന്ത്രിയെ കാണും
text_fieldsകോട്ടയം: വനനിയമ ഭേദഗതി അംഗീകരിക്കില്ല എന്ന ഉറച്ച തീരുമാനവുമായി ഇടതുമുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരള കോൺഗ്രസ് -എം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കും. കർഷകവിരുദ്ധമാണ് ഈ നിയമം എന്നാണ് കേരള കോൺഗ്രസിന്റെ വിലയിരുത്തൽ.
വന്യമൃഗ സംരക്ഷണത്തിന്റെ പേരിൽ കർഷകർ കൂട്ടത്തോടെ ഒഴിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും ഒരുപറ്റം ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ മാത്രം താൽപര്യത്തിന് വഴങ്ങിയാണ് പുതിയ നിയമഭേദഗതിയെന്നും കേരള കോൺഗ്രസും അവരുടെ കർഷക സംഘടനയും നേരത്തേ മുതൽ ആരോപിക്കുന്നുണ്ട്.
വരുന്ന നിയമസഭാ സമ്മേളനത്തിൽ ഈ നിയമ ഭേദഗതി കൊണ്ടുവന്നാൽ തങ്ങളുടെ പിന്തുണ ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്ന് പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചെയർമാൻ ജോസ് കെ. മാണി എം.പി, മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായൺ എന്നിവർ മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിനാകും കൂടിക്കാഴ്ച.
ഈ നിയമ ഭേദഗതി നിയമസഭ അംഗീകരിക്കുകയും സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും ചെയ്താൽ അത് നിയമമാകും. കേരള കോൺഗ്രസ് ഇടതുമുന്നണി വിടും എന്ന വാർത്തകളെ പാർട്ടി നേരത്തേ തള്ളിയിരുന്നുവെങ്കിലും ഈ വിഷയത്തിലെ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
എന്നാൽ, മുന്നണി വിടാൻ തീരുമാനം ഒന്നുമില്ലെന്നും വനനിയമ ഭേദഗതി വിഷയത്തിലെ തെറ്റ് തിരുത്താൻ മാത്രമാണ് സന്ദർശനം എന്നുമാണ് കേരള കോൺഗ്രസ്-എം വൃത്തങ്ങൾ വിശദീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ വനംമന്ത്രിയുടെ പാർട്ടി അദ്ദേഹത്തിനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ ആവശ്യപ്പെട്ടിട്ടുപോലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഈ അവസരത്തിൽ കേരള കോൺഗ്രസിന്റെ ആവശ്യം എങ്ങനെ മുഖ്യമന്ത്രി കൈകാര്യം ചെയ്യും എന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിയിൽ തങ്ങൾക്ക് പൂർണ വിശ്വാസമാണെന്നാണ് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഞായറാഴ്ച രാത്രിതന്നെ ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തിൽ വരുന്ന പൊലീസിൽ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ വന അതിർത്തികളിൽ സായുധ പൊലീസിനെ വിന്യസിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നാണ് കേരള കോൺഗ്രസ് നിർദേശിക്കുന്ന ഒരു പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.